ഉദയ്പൂർ: ആഡംബരം..ആഡംബരമെന്ന് പറഞ്ഞാൽ കോടികൾ ഒഴുക്കിയ അത്യാഡംബര ചടങ്ങ്. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിവാഹച്ചടങ്ങ് കഴിയുമ്പോൾ ഏവരുടേയും കണ്ണു തള്ളുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കൂടിയാകുമ്പോൾ നടന്നത് വിവാഹമായിരുന്നോ താരരാവായിരുന്നോ എന്നും ഏവർക്കും സംശയം തോന്നാം.

റിലയൻസ് സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമളുടെ മുൻനിരയിൽ വരെ കയറിയ ഒന്ന്. ഫാഷനിസ്റ്റുകളുടെ കരവിരുത് പ്രതിഫലിച്ച് വമ്പൻ ചടങ്ങിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്. ഇഷയുടെ വിവാഹ വസ്ത്രത്തോട് കിട പിടിക്കുന്ന രീതിയിലാണ് ബോളിവുഡ് താരങ്ങൾ ഒരുങ്ങിയെത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത.

ഉദയ്പുരിലെ വിവാഹ ആഘോഷത്തിനു തിളക്കം പകരാൻ പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം വന്നിരുന്നു. നവദമ്പതികളായ പ്രിയങ്ക ചോപ്ര-നിക് ജോനാസ് , ദീപിക പദുകോൺ-രൺവീർ സിങ്, മുൻ ലോകസുന്ദരി ഐശ്വര്യ റായ്- ഭർത്താവ് അഭിഷേക് ബച്ചൻ, ഷാരുഖ് ഖാൻ- ഗൗരി ഖാൻ, ജാൻവി കപൂർ സഹോദരി ഖുശി കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, ദിഷ പട്ടാണി, കിയാര അദ്വാനി തുടങ്ങി ബോളിവുഡ് താരങ്ങൾ അണിനിരന്ന താരരാവായിരുന്നു ഉദയ്പൂരിൽ നടത്തിയതെന്ന് പറയാതിരിക്കാൻ വയ്യ.

 ലഹങ്കകളായിരുന്നു താരസുന്ദരിമാരുടെ പ്രിയവസ്ത്രം. സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും പരസ്പരം മത്സരിച്ചെത്തുന്ന താരസുന്ദരികൾ ഇഷ അംബാനിയുടെ വിവാഹപൂർവ ആഘോഷത്തിലും അതു തുടർന്നു. സ്റ്റാർ ഡിസൈനർമാർ ഒരുക്കിയ വസ്ത്രമണിഞ്ഞാണ് എല്ലാവരും ഉദയ്പുരിൽ എത്തിയത്. മനീഷ് മൽഹോത്ര ഒരുക്കിയ രാജകീയ ലഹങ്കകളിലായിരുന്നു ജാൻവിയും സഹോദരി ഖുശിയും എത്തിയത്. മെറ്റാലിക് അലങ്കാരങ്ങൾ നിറഞ്ഞ ലഹങ്കയ്ക്കു കൂട്ടായി ചുവപ്പ് ദുപ്പട്ടയായിരുന്നു ജാൻവി അണിഞ്ഞത്.

കിയാര അദ്വാനിയുടെ ലഹങ്ക ഡിസൈൻ ചെയ്തതും മനീഷ് അയിരുന്നു. കറുപ്പിൽ സിൽവർ ചാരുത സമന്വയിപ്പിച്ച ലഹങ്കയാണിഞ്ഞു ചൂടൻ ലുക്കിലായിരുന്നു കിയാര. സ്ട്രാപ്ലസ് കോർസെറ്റ് ബ്ലൗസായിരുന്നു ലഹങ്കയുടെ പ്രത്യേകത. മനീഷ് മൽഹോത്ര ഒരുക്കിയ ഇളം പിങ്ക് നിറത്തിൽ കരീഷ്മ കപൂറും ആരാധകരുടെ പ്രതീക്ഷ നിലനിർത്തി. പരമ്പരാഗത പാറ്റേണുകളെ പിന്തുടരുന്നതായിരുന്നു താരത്തിന്റെ ലഹങ്ക. ഐവറിയിൽ സ്വർണ നിറത്തിലുള്ള ഡിസൈനുകൾ ഇഴചേർത്തതായിരുന്നു ജാക്വിലിന്റെ ലഹങ്ക.

ഫാൽഗുനി ആൻഡ് ഷെയ്ൻ പീകോക്ക് ഡിസൈൻ ചെയ്ത ലഹങ്കയായിരുന്നു ഗൗരി ഖാൻ അണിഞ്ഞത്. മയിലിന്റെ ചിറകുവിരിച്ചതു പോലെയുള്ള ഡിസൈനായിരുന്നു ഗൗരിയുടെ ലഹങ്കയിൽ കാത്തുവച്ചത്. അർപ്പിത മേത്ത ക്രിയേഷൻസ് ആണ് ദിഷ പട്ടാണിയുടെ വസ്ത്രമൊരുക്കിയത്.

 വിവാഹങ്ങൾക്ക് അനുയോജ്യമായ പിങ്ക് നിറത്തിൽ ഫ്‌ളോറൽ വർക്കുകളോടു കൂടിയതായിരുന്നു കത്രീന കൈഫിന്റെയും ഐശ്വര്യ റായിയുടെയും ലഹങ്കകൾ. മിന്റ് ബ്ലഷിന്റെ എമ്രാൾഡ് ഗ്രീൻ ലഹങ്കയിൽ വിദ്യാബാലൻ തിളങ്ങി.

ഗായിക ബിയോൺസിനായി അംബാനി വീശിയത് കോടികളെന്ന് റിപ്പോർട്ട്

ശതകോടീശ്വരന്റെ പുത്രിയുടെ വിവാഹത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു പ്രശസ്ത പോപ്പ് ഗായി ബിയോൺസ വരുന്നു എന്നുള്ളത്. പ്രിയ ഗായികയെ ഇന്ത്യയിലെത്തിക്കാൻ മുകേഷ് അംബാനി മുടക്കിയ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരിൽ ഒരാളാണ് ബയേൺസ്. നാല് മില്യൺ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്താൽ ബയേൺസയുടെ പ്രതിഫലം.

അതായത് ഇന്ത്യൻ കറൻസി 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോർട്ടു പ്രകാരം മൂന്ന് മില്യൺ ഡോളറാണ് ബയേൺസയുടെ പ്രതിഫലം. അതേസമയം, നാലുമില്യണാണു പ്രതിഫലമെന്നാണു ബയേൺസയുടെ ആരാധകരും അടുത്തവൃത്തങ്ങളും പറയുന്നത്.

2017ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായികയാണ് ബയേൺസ. 105 മില്യൺ ഡോളറാണ് സമ്പാദ്യം. മുകേഷ് അംബാനി മകളുടെ വിവാഹത്തിനു ചിലവഴിച്ചത് 100 മില്യൺ ഡോളറാണെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.