മുംബൈ: പത്മാവദി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, സിനിമകളെ സിനിമകളായാണ് താൻ കാണുന്നതെന്ന് വ്യക്തമാക്കി അദ്ദേം. സിനിമകളെ സിനിമകളായാണു കാണുന്നത്. അതിലേക്കു ചരിത്രവും ഭൂമിശാസ്ത്രവും കൊണ്ടുവരേണ്ട കാര്യമില്ലെന്നും മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നഖ്വി വ്യക്തമാക്കി. സിനിമ ഇഷ്ടപ്പെട്ടാൽ അത് അംഗീകരിക്കണം. ഇല്ലെങ്കിൽ അതവിടെ വിട്ടേച്ചുപോകണം. സിനിമയെ പിന്തുണയ്ക്കാനോ എതിർക്കാനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സിനിമയെ എതിർത്തുള്ള പ്രതിഷേധം സൂറത്തിലും അരങ്ങേറി. രജ്പുത് സമൂദായം, വിശ്വഹിന്ദു പരിഷത്, ബജ്‌റങ് ദൾ, കർനി സേന എന്നിവർ സംയുക്തമായാണു സൂറത്തിൽ പ്രതിഷേധം നടത്തിയത്. റാണി പത്മാവതിയെ തെറ്റായ രീതിയിലാണു സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തെ സിനിമയിൽ വളച്ചൊടിച്ചു. സർക്കാർ ഞങ്ങളെ കേൾക്കണം. അല്ലെങ്കിൽ എല്ലാവരും ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരും. ഞങ്ങളുടെ സമുദായത്തോടു ബഹുമാനമില്ലായ്മ നടത്തുന്നതു സഹിക്കാനാകില്ലെന്നും സൂറത്തിലെ പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു.

മഹാരാഷ്ട്രയിൽ പ്രതിഷേധിച്ച അഖണ്ഡ് രജ്പുത്തന സേവ സംഘിലെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. പത്മാവതിയുടെ റിലീസ് വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. സെൻസർബോർഡ് ചിത്രത്തിന് ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന കാരണത്താലായിരുന്നു അത്.