ഷില്ലോങ്ങ്: മേഘാലയയിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പുതിയ വിവാദത്തിൽ. പ്രസംഗത്തനിടെ മേഘാലയ മുഖ്യമന്ത്രി മുകുൽ സാങ്മ ജനങ്ങളുടെ പണം മോഷ്ടിക്കുന്നവനാണെന്ന പരാമർശമാണ് പുലിവാലു പിടിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രിയുടെ ആരോപണം അന്വേഷിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണന്താനത്തിന്റെ പ്രസ്താവന അസംബന്ധമാണ്. എങ്കിലും അത് നിയമപരമായി അന്വേഷിക്കുമെന്ന് സാങ്മ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സോഹ്റയിൽ നടത്തിയ റാലിയിലാണ് കണ്ണന്താനത്തിന്റെ ആരോപണം. മേഘാലയിലെ ജനങ്ങൾക്കുവേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യുമെന്ന് സാങ്മ വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതെല്ലാം ജനങ്ങളുടെ പണം മോഷ്ടിക്കാൻ വേണ്ടിയാണ്. ഇത് തുടരാൻ അനുവദിക്കില്ലെന്നുമാണ് കണ്ണന്താനം പറഞ്ഞത്.

കള്ളനാണെന്ന് കേന്ദ്രമന്ത്രി തന്നെ വിളിച്ചത് എന്തു തെളിവന്റെ അടിസ്ഥാനത്തിലാണെന്നാണ് മുഖ്യമന്ത്രി മുകുൾ സാങ്മയുടെ ചോദ്യം. അത് വ്യക്തമാക്കണം. ഈ പരാമർശം നിയമപരമായിനേരിടാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ജനങ്ങളോട് നടത്തിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ഇത് പാവങ്ങൾക്കു പ്രാധാന്യം നൽകുന്ന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മേഘാലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസവും യുവാക്കൾക്ക് തൊഴിലുമാണ് ആവശ്യം. ഇത് യാഥാർഥ്യമാകണമെങ്കിൽ ബിജെപി സർക്കാർ അധികാരത്തിൽ വരണം. അഴിമതി രഹിതമായ ഭരണത്തിൽ മാത്രമേ അവസരങ്ങൾ ഉണ്ടാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേർന്നതിൽ പല ക്രൈസ്തവർക്കും തന്നോട് വിരോധമാണ്. മോദി അധികാരത്തിൽ വന്നാൽ പള്ളികൾക്ക് തീവെക്കുമെന്നും വിശ്വാസികളെ മർദിക്കുമെന്നുമായിരുന്നു പ്രചരണം. എന്നാൽ, മോദി അധികാരത്തിലെത്തി മൂന്നര വർഷം പിന്നിട്ടിട്ടും ഒരു പള്ളി പോലും കത്തിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.