കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർതോമൻ പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് പൊലീസ് അകത്തേക്ക് കടന്നു. ഉപവാസ പ്രാർത്ഥനായജ്ഞം തുടരുന്ന യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിപിഇ കിറ്റ് ധരിച്ചും നടപടിക്ക് പൊലീസ് എത്തിയിരുന്നു.

ചർച്ച നടക്കുന്നതിനിടെ പുലർച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. വൈദികർക്കും വിശ്വാസികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക് ഏറ്റതായി റിപ്പോർട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് നീക്കി. പള്ളി താൽകാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇടപടെൽ.

പ്രതിഷേധത്തിന് നേതൃത്വം നൽകി ജോസഫ് മാർ ഗ്രിഗോറിയോസ് പള്ളിയിലുണ്ടായിരുന്നു. അതിനിടെ ഹൃദ്രോഗിയായ മാർ പോളികാർപോസിനെ മർദിച്ചെന്ന് ആരോപണം ഉയർന്നു. ഐസക് മാർ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ് ആരോപിച്ചിരുന്നു. പള്ളി ഒഴിയാൻ ഹൈക്കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. ഇതുപോലും അനുവദിക്കാതെയാണ് പൊലീസ് കടന്നുകയറിയതെന്നാണ് പൊലീസിനെതിരെ സഭയുടെ കുറ്റപ്പെടുത്തൽ.

മുളന്തുരുത്തി മാർത്തോമൻ പള്ളി പൂട്ടി താക്കോൽ എറണാകുളം ജില്ല കലക്ടറുടെ കൈവശം സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് നിർദ്ദേശം നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിട്ടത്.

കോവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുക്കാൻ പൊലീസ് സഹായം ലഭ്യമാക്കാനാകില്ലെന്നും മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ കേന്ദ്രസഹായം തേടാമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായി.

ഇതിനെതിരെയാണ് സർക്കാർ അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പള്ളി പൂട്ടി താക്കോൽ കോടതിക്ക് കൈമാറാൻ തയാറാണെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നതും തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

പള്ളി തർക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി ഏറെ ചർച്ചയായിരുന്നു. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന് പള്ളിക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കി. 1967 മുതൽ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പള്ളി. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.

അതുകൊണ്ട് തന്നെ വികാരപരമായാണ് വിശ്വാസികൾ പൊലീസ് നടപടിയെ നേരിടാൻ എത്തിയത്. ഈ സാഹചര്യത്തിലാണ് കരുതലോടെ പൊലീസ് വിധി നടപ്പാക്കിയത്.  കോവിഡ് കാലത്ത് പള്ളി ഏറ്റെടുക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുക്കാനുള്ള ശ്രമം വേദനാജനകമാണെന്നും പറഞ്ഞിരുന്നു. ഇത് പൊലീസ് അംഗീകരിച്ചില്ല. പകരം ഹൈക്കോടതി വിധി നടപ്പാക്കുകയായിരുന്നു. കോടതിവിധി പാലിക്കില്ലെന്ന് പറഞ്ഞിട്ടില്ല.

മൂവായിരത്തോളം കുടുംബങ്ങളിൽ നിന്നായി പതിനായിരത്തോളം വിശ്വാസികൾ ഉള്ള ഇടവക പള്ളിയാണിത്. അവരെ തെരുവിലേക്ക് ഇറക്കിവിടരുതെന്നതായിരുന്നു യാക്കോബായ സഭയുടെ നിലപാട്. പള്ളികൾ പിടിച്ചെടുക്കണം എന്നുള്ള ചിലരുടെ ദുർവാശി സമൂഹം തിരിച്ചറിയണമെന്നും സഭ വിശദീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് വിമർശനം ഭയന്ന് ജില്ലാ കളക്ടർ അതിശക്തമായ നടപടികൾക്ക് തീരുമാനിക്കുകയായിരുന്നു.

കോവിഡിന്റെ മൂർദ്ധന്യത്തിൽ പള്ളി പിടിച്ചെടുക്കുന്നതിൽ ചില കള്ളക്കളിയുണ്ട്. ഇതിന് പ്രേരിപ്പിക്കുന്നത് മറുവിഭാഗമാണ്. നമ്മുടെ രാജ്യത്ത് ജനാധിപത്യവും നീതിയും കൊല ചെയ്യപ്പെടുകയാണ്. അതിന്റെ ഉത്തമ സാക്ഷ്യമാണ് നിലവിൽ കാണുന്നത്. പണവും സ്വാധീനവും തങ്ങൾക്കില്ല. പൊതുസമൂഹവും സർവ ശക്തനായ ദൈവവും മാത്രമേ കൂടെയുള്ളൂ എന്നും മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ നടത്തിയ പത്രസമ്മേളനത്തിൽ ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞിരുന്നു.

പള്ളി പിടിച്ചു നൽകുന്നതിൽ കോർപ്പറേറ്റ്, മാഫിയ ഇടപെടൽ നടക്കുന്നുവെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് തെളിവുകൾ അടുത്ത ആഴ്ച പുറത്തു വിടും. വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സഭാ ട്രസ്റ്റി ഷാജി ചുണ്ടയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ വാദങ്ങൾ കാര്യമായെടുത്തില്ല.