കുമളി: മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട ചുമതല മാത്രമുള്ള സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കേരളം. ഒടുവിൽ സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് സന്തോഷ സാഹചര്യമാണുള്ളത്. കൂടുതൽ അധികാരം മേൽനോട്ട സമിതിക്ക് ലഭിച്ചാൽ തമിഴ്‌നാടിന്റെ മേൽക്കോയ്മയ്ക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയിൽ കേരളം.

നിലവിൽ ഡാമിന്റെ പരിപൂർണ അധികാരമുള്ള തമിഴ്‌നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളും. ജലനിരപ്പ് ഉയരുമ്പോൾ ഷട്ടറുകൾ തുറക്കുന്നതിലും പെരിയാർ തീരദേശവാസികളുടെ ആശങ്ക തമിഴ്‌നാട് കണ്ടില്ലെന്ന് നടിക്കും. മേൽനോട്ട സമിതിക്ക് അധികാരം നൽകിയാൽ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക. നിലവിലുള്ള മൂന്നംഗ സമിതിയിലേക്ക് ഇരുസംസ്ഥാനങ്ങൾക്കും ഓരോ സാങ്കേതിക വിദഗ്ധരെ നിയമിക്കാം. അതുകൊണ്ട് തന്നെ കേരളത്തിനും വ്യക്തമായ നിലപാട് ഇക്കാര്യത്തിൽ എടുക്കാൻ കഴിയും. കേസിൽ ഇന്ന് സുപ്രീംകോടതി അന്തിമ നിലപാട് പ്രഖ്യാപിക്കും.

നിലവിൽ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തി നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും തമിഴ്‌നാട് ഇതു സമയബന്ധിതമായി നടപ്പാക്കാറില്ല. അധികാരം മേൽനോട്ട സമിതിയിൽ നിക്ഷിപ്തമായാൽ തീരുമാനങ്ങൾ എടുക്കേണ്ടതും നടപ്പാക്കേണ്ടതും മേൽനോട്ട സമിതിയുടെ ഉത്തരവാദിത്തമാകും. തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ കോടതി ഇടപെടുമെന്ന മുന്നറിയിപ്പും കേരളത്തിന് പ്രതീക്ഷയാണ്. അന്തിമ വിധി അനുകുലമാകുമെന്നാണ് പ്രതീക്ഷ. ഡാം തുറക്കലിൽ ജനങ്ങൾക്കുള്ള ആശങ്ക പരമാവധി പരിഹരിക്കാൻ ഇതിലൂടെ കഴിയും.

പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അഥോറിറ്റി നിലവിൽ വരുന്നതു വരെ നിയമത്തിന്റെ പരിധിയിൽപ്പെട്ട മുഴുവൻ ചുമതലകളും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കു നൽകാമെന്ന നിർദ്ദേശം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി മുന്നോട്ടുവെച്ചിരുന്നു. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓഖ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേരളവും തമിഴ്‌നാടും നിർദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ അതാതു ചീഫ് സെക്രട്ടറിമാർ ശുപാർശ നൽകും.

മേൽനോട്ട സമിതിയെ കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യം കേരള സർക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിർക്കുന്ന നിലപാടായിരുന്നു തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിരുന്നത്. നിലവിൽ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തി നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും തമിഴ്‌നാട് ഇതു സമയബന്ധിതമായി നടപ്പാക്കാറില്ല. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ദേശീയ ഡാം സുരക്ഷാ അഥോറിറ്റി രൂപീകരണം പൂർണമാകാൻ ഒരു വർഷമെടുക്കുമെന്നും ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എ.എം ഘാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം.