ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മേൽനോട്ട സമിതിക്കു കൂടുതൽ അധികാരം നൽകുമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ശുപാർശ നൽകാൻ കേരളത്തിനും തമിഴ്‌നാടിനും ജസ്റ്റിസ് എഎൻ ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശം നൽകി. വിഷയത്തിൽ കേരളത്തിനോടും തമിഴ്‌നാടിനോടും യോഗം ചേരാനാണ് കോടതി നിർദ്ദേശം. ജലനിരപ്പ് ഉയർത്തുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു.

മേൽനോട്ട സമിതിയുടെ അധികാരങ്ങൾ സംബന്ധിച്ച ചർച്ചയ്ക്കായി കേരളവും തമിഴ്‌നാടും സംയുക്ത യോഗം ചേരണം. മിനിട്ട്സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേൽനോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവിൽ മേൽനോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്‌നാടും സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിർദേശങ്ങൾ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേൽനോട്ട സമിതിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തത്തിലാണ് മേൽനോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ഉടൻ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിർദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്‌ച്ച ഹാജരാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഉത്തരവിൽ ഇക്കാര്യത്തിലും വ്യക്തത വരുത്തുമെന്ന് കോടതി വ്യക്തമാക്കി.

മുല്ലപെരിയാർ അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധർ ആണെന്നും കോടതി വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്നും ബെഞ്ച് അറിയിച്ചു. പുതിയ അണകെട്ട് വേണമെന്ന ആവശ്യം ഇന്നും കോടതിയിൽ കേരളം ഉന്നയിച്ചുവെങ്കിലും ഇക്കാര്യം മേൽനോട്ട സമിതിയാണ് ചർച്ച ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, അഭയ് എസ്. ഓക, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷകൻ ജി.പ്രകാശ് എന്നിവരാണ് ഹാജരായത്. തമിഴ്‌നാടിന് വേണ്ടി സീനിയർ അഭിഭാഷകൻ ശേഖർ നാഫ്ഡേ ഹാജരായി.