തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെ. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി കളയാനാണ് തീരുമാനം. നിലവിൽ തുറന്നിരിക്കുന്ന 13 ഷട്ടറുകളിൽ കൂടി ഒഴുക്കുന്ന ജലം കൂടാതെ നിലവിൽ തുറന്നിരിക്കുന്ന അണക്കെട്ടിന്റെ 3 ഷട്ടറുകൾ (R1, R2, R3 ) കൂടി 60 സെന്റിമീറ്ററായി ഉയർത്താനാണ് തീരുമാനം. ആകെ 9237.00 ക്യുസെക്‌സ് ജലമാണ് പുറത്തേക്കൊഴുക്കുക. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ഇടമലയാർ അണക്കെട്ടും തുറന്നു. ഡാമിന്റെ നാലു ഷട്ടറുകളിൽ രണ്ടെണ്ണമാണ് തുറന്നത്. രണ്ടും മൂന്നും ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് വിടുന്നത്. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. നീരൊഴുക്ക് ശക്തമായതിനാൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കേണ്ടി വന്നേക്കാമെന്ന് ജില്ലാ കലക്ടർ സൂചിപ്പിച്ചു.

ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ടിൽ നിന്നും ജലമൊഴുക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാർ തീരത്ത് ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

പെരിയാറിലെ നിലവിലെ ജലനിരപ്പ് 2.305 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗലപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 1.97 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 3.30 മീറ്ററാണ്. കാലടിയിൽ നിലവിലെ ജലനിരപ്പ് 4.855 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 5.50 മീറ്ററാണ്.

അതേസമയം മൂവാറ്റുപുഴയിൽ ജലനിരപ്പ് താഴുകയാണ്. നിലവിലെ ജലനിരപ്പ് 8.315 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 10.015 മീറ്ററാണെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഡാമുകളിൽ നിന്നുള്ള ജലപ്രവാഹം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ പെരിയാർ നദിയിലും കൈ വഴികളിലും ഇറങ്ങരുത്. ജല നിരപ്പ് സാരമായി ഉയർന്നില്ലെങ്കിലും വെള്ളം ഒഴുകുന്ന ശക്തി കൂടുതലായിരിക്കും. വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.

നീരൊഴുക്ക് വർദ്ധിച്ചതിനാൽ ചുള്ളിയാർ ഡാമിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നിട്ടുണ്ട്. ഗായത്രി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. പാലക്കാട് വാളയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ ഏട്ടിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാളയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.