- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്റു പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ സാമ്പത്തിക ബാധ്യത സ്വന്തം കട വിറ്റ് വീട്ടിയ അച്ഛന്റെ മകൻ; മൊറാർജി സർക്കാരിന്റെ ദുർ ഭരണത്തിന് എതിരെ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ 58 ദിവസം നീണ്ട പദയാത്ര നടത്തി ശ്രദ്ധേയനായ വ്യക്തിത്വം; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്നും അഞ്ചു തവണ പാർലമെന്റിലേക്കു തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഏക കോൺഗ്രസ്സുകാരൻ; കോൺഗ്രസിന്റെ സൗമ്യമുഖമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഗാന്ധി കുടുംബത്തിനും പ്രിയപ്പെട്ടവൻ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസിന് പുതു നേതൃത്വം കൈവരിച്ചിരിക്കുകയാണ്. പുതിയ കെപിസിസി അധ്യക്ഷന്റെ പേര് പറയുമ്പോൾ രാഹുൽ ഗാന്ധിക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. ആ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് നിർദ്ദേശിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് ഉറപ്പായിരുന്നു കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ ഏറ്റവും അർഹനെ തന്നെയായിരുന്നു തിരഞ്ഞെടുത്തത് എന്ന്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒന്നടങ്കം സമ്മതനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലേക്ക് കടന്ന് ചെന്ന് പാളയത്തിൽ പടയൊരുക്കി വിജയിച്ച കോൺഗ്രസിന്റെ സൗമ്യതയുടെ മുഖമാണ് മുല്ലപ്പള്ളി. കോൺഗ്രസ് എന്നത് രക്തത്തിൽ അലിഞ്ഞു ചേർന്ന പാരമ്പര്യമാണ് മുല്ലപ്പള്ളിയുടേത്. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസുകാരനുമായ മുല്ലപ്പള്ളി ഗോപാലന്റെ മകനായി 1946 ഏപ്രിൽ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയിലാണ് മുല്ലപ്പള്ളിയുടെ ജനനം. പാറു അമ്മയാണ് മാതാവ്. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസിന് പുതു നേതൃത്വം കൈവരിച്ചിരിക്കുകയാണ്. പുതിയ കെപിസിസി അധ്യക്ഷന്റെ പേര് പറയുമ്പോൾ രാഹുൽ ഗാന്ധിക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. ആ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് നിർദ്ദേശിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് ഉറപ്പായിരുന്നു കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ ഏറ്റവും അർഹനെ തന്നെയായിരുന്നു തിരഞ്ഞെടുത്തത് എന്ന്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒന്നടങ്കം സമ്മതനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലേക്ക് കടന്ന് ചെന്ന് പാളയത്തിൽ പടയൊരുക്കി വിജയിച്ച കോൺഗ്രസിന്റെ സൗമ്യതയുടെ മുഖമാണ് മുല്ലപ്പള്ളി.
കോൺഗ്രസ് എന്നത് രക്തത്തിൽ അലിഞ്ഞു ചേർന്ന പാരമ്പര്യമാണ് മുല്ലപ്പള്ളിയുടേത്. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസുകാരനുമായ മുല്ലപ്പള്ളി ഗോപാലന്റെ മകനായി 1946 ഏപ്രിൽ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയിലാണ് മുല്ലപ്പള്ളിയുടെ ജനനം. പാറു അമ്മയാണ് മാതാവ്. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നത്. പൊതുപ്രവർത്തനത്തിനൊപ്പം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമായി. പിതാവ് മുല്ലപ്പള്ളി ഗോപാലന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം മുല്ലപ്പള്ളി രാമചന്ദ്രനേയും സ്വാധീനിച്ചിട്ടുണ്ട്. കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നോ ഹൃദയ ഭൂമി എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കണ്ണൂരിൽ നിന്നും അഞ്ചു തവണ പാർലമെന്റിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഏക കോൺഗ്രസ്സുകാരൻ എന്ന ബഹുമതിക്ക് അർഹനായ ഏക വ്യക്തിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു നിലനിർത്തുന്ന എംപി എന്ന വിശേഷണവും കൂടിയുണ്ട് രണ്ടു തവണ കേന്ദ്രത്തിൽ സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിക്ക്. രാഷ്ട്രീയത്തിനതീതമായുള്ള ജനപിന്തുണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. അഴിമതിക്കും അനീതിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. ആദർശത്തിലും നിലപാടുകളിലും മായം ചേർക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ ആദ്യത്തെ പേര് മുല്ലപ്പള്ളിയുടേതായിരിക്കും.
യോഗ്യതകൾ ഏറെയുണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മുല്ലപ്പള്ളി മലബാറിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്നു. കെ.എസ്.യുകോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1968-ൽ കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ഉമ്മൻ ചാണ്ടി കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ അന്നത്തെ വൈസ് പ്രസിഡന്റ്. പിന്നീട് സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ്. 1984ൽ കെ പി സി സി ജനറൽ സെക്രട്ടറി, 1988 മുതൽ 95 വരെ എ ഐ സി സി ജോയിന്റ് സെക്രട്ടറി, ഏറ്റവുമൊടുവിൽ രാഹുൽ ഗാന്ധി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി എന്ന നിലയിലും മുല്ലപ്പള്ളി ദേശിയ നേതൃത്വത്തിൽ വരെ ശ്രദ്ധേയനായി.
മടപ്പള്ളി ഗവ. കോളജിൽ ആദ്യമായി കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകിരിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. ഇതിനെ തുടർന്ന് മടപ്പള്ളി ഗവ. കോളജിലെ പഠനകാലത്ത് നിരന്തരം സിപിഎംപ്രവർത്തകരുടെ ക്രൂരമായ ആക്രമണത്തിനിരയായിട്ടുണ്ട്. ഫാറൂഖ് കോളജിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ വിലക്ക് ലംഘിച്ച് കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരിൽ മർദ്ദനത്തിനിരയാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന കാലഘട്ടത്തിൽ അവകാശ സമരങ്ങളിൽ പൊലീസ് മർദ്ദനത്തിരയാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അഴിമതി ആരോപണ വിധേയനായ മന്ത്രി പി.ആർ.കുറുപ്പിനെ ചോമ്പാലയിൽ വെച്ച് കരിങ്കൊടി കാണിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് ഗുരുതര പരിക്കേറ്റിരുന്നു. 1978ൽ പാർട്ടി പിളർന്നപ്പോൾ യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. മൊറാർജി ദേശായ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ 58 ദിവസം നീണ്ട് നിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. ആ സമയത്ത് പാർട്ടിയിലെ തിരുത്തൽ ശക്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ മുഖം തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു.
കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി പിളർന്നപ്പോൾ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച് നിന്നു. 1984ൽ കണ്ണൂരിൽ നിന്നും ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട് കെപിസിസിജനറൽ സെക്രട്ടറിയായി നിയമിച്ചത്. 1988ൽ എ.ഐ.സി.സി ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ എഐസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയെ എ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.
1984,1989, 1991, 1996, 1998-ലും കണ്ണൂരിൽ നിന്നും തുടർച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ൽ അട്ടിമറി വിജയത്തിലൂടെ വടകരയിൽ നിന്നും ലോക്സഭയിലെത്തി. 2014ൽ വടകരയിൽ നിന്നും വീണ്ടും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ പിവി നരസിംഹറാവു മന്ത്രിസഭയിൽ കാർഷിക സഹമന്ത്രിയായും 2009ൽ ഡോ. മന്മോഹൻ സിങ്ങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചു.
കോൺഗ്രസിലെ ഏറ്റവും മുതിർന്ന ലോകസഭ അംഗം കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏഴ് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പാർലമെന്റ് സമിതികളിലും ബോർഡുകളിലും മെംബറായി പ്രവർത്തിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി. തായാട്ട് ശങ്കരന്റെയും പി.പി. ഉമ്മർ കോയയുടേയും നേതൃത്വത്തിൽ കോഴിക്കോട് നിന്നും പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തിൽ ചീഫ് സബ്ബ് എഡിറ്ററായും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.
ക്യൂബയിലെ ഹവാനയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രൻ ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം ദേശീയ തലത്തിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജന്മനാടായ ചോമ്പാൽ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പിതാവ് മുല്ലപ്പള്ളി ഗോപാലന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ കൊണ്ടുവന്നപ്പോൾ മകൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയെ ഇതേ മൈതാനത്തുകൊണ്ടുവന്നത് തികച്ചും യാദൃശ്ചികം. നെഹ്റു പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ സാമ്പത്തിക ബാധ്യത അച്ഛൻ സ്വന്തം കട കൊടുത്താണ് വീട്ടിയത്.
ഉയർച്ച എന്ന പോലെ തന്നെ പരാജയവും മുല്ലപ്പള്ളിയെ തേടിവന്നിട്ടുണ്ട്. അതിൽ പ്രധാനം കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ നിന്നും രണ്ടു തവണ നേരിടേണ്ടിവന്ന പരാജയം തന്നെ 1999ലും 2004-ലും. കണ്ണൂരിൽ നിന്നും ആറാം ജയം പ്രതീക്ഷിച്ചിറങ്ങിയ മുല്ലപ്പള്ളിയെ 99-ലും പിന്നീട് 2004-ലും വീഴ്‌ത്തിയത് എസ്എഫ്‌ഐ നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടിയായിരുന്നു. സ്വന്തം നിഴൽ പോലെ കൂടെ കൊണ്ടുനടന്നയാൾക്കൊപ്പം, കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനെയും ഈ പരാജയങ്ങളുടെ പേരിൽ മുല്ലപ്പള്ളി സ്വകാര്യ ഭാഷണങ്ങളിലെങ്കിലും ഇപ്പോഴും പഴിക്കുന്നുണ്ട്.
ഇന്ദിരാ ഗാന്ധിയോടുള്ള പ്രതിപത്തി നിമിത്തം തുടക്കത്തിൽ ഐ വിഭാഗക്കാരനായി അറിയപ്പെട്ടിരുന്ന മുല്ലപ്പള്ളി പിന്നീട് രാജീവ് ഗാന്ധിക്കൊപ്പം നിന്നപ്പോൾ കരുണാകരനെ തള്ളിപ്പറഞ്ഞെങ്കിലും ഒടുവിൽ കരുണാകരനെയും പുത്രൻ കെ മുരളീധരനെയും കോൺഗ്രസിൽ തിരിച്ചു കൊണ്ടുവരുന്നതിലുള്ള പങ്കും മുല്ലപ്പള്ളിക്ക് തുണയായി എന്നു തന്നെ വേണം കരുതാൻ. കൂട്ടത്തിൽ എ കെ ആന്റണിയുടെ പിന്തുണയും ഉമ്മൻ ചാണ്ടിയുടെ മൗന സമ്മതവും കൂടിയായപ്പോൾ എല്ലാം മുല്ലപ്പള്ളിക്ക് അനുകൂലമായി. ഉഷ രാമചന്ദ്രനാണ് ഭാര്യ.