- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെറിയാൻ ഫിലിപ്പിന് വേണ്ടി മുഖപത്രം എഴുതേണ്ടിയിരുന്നില്ല'; വീക്ഷണം 'ഇടപെടലിൽ' അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി; പത്രത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടി; ഖേദം പ്രകടിപ്പിച്ച് ജയ്സൺ ജോസഫ്
തിരുവനന്തപുരം: സിപിഎം നേതാവ് ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തിൽ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറിയാൻ ഫിലിപ്പിന് വേണ്ടി മുഖപത്രം എഴുതേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെട്ട മുല്ലപ്പള്ളി വീക്ഷണത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടി. പാർട്ടി അധ്യക്ഷൻ അറിയാതെ എങ്ങനെയാണ് മറ്റൊരു പാർട്ടി നേതാവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത് എന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം.
മുല്ലപ്പള്ളി അതൃപ്തി അറിയിച്ചതോടൊണ് ഖേദം അറിയിച്ച് ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് രംഗത്തെത്തി.
അതേസമയം ചെറിയാൻ ഫിലിപ്പിനെ ഉപാധികളില്ലാതെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞത്. കോൺഗ്രസിൽ നിന്നും ആര് വന്നാലും മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ആരേയും സ്വീകരിക്കും, കോൺഗ്രസിലേക്ക് വരാൻ തീരുമാനിച്ചാൽ ചർച്ച നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ചെറിയാൻ ഫിലിപ്പിനെ സിപിഎം വഞ്ചിച്ചെന്നായിരുന്നു വീക്ഷണത്തം എഡിറ്റോറിയൽ. രണ്ടുതവണ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ചെറിയാൻ ഫിലിപ്പിനെ സിപിഎം ചതിച്ചെന്നും അപരാധങ്ങൾ ഏറ്റുപറഞ്ഞ് കോൺഗ്രസിലേക്ക് തിരിച്ചുവരികയാണെങ്കിൽ പാർട്ടി അദ്ദേഹത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
പലപ്പോഴും നിരാശനായി സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസിൽ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. 'മോഹമുക്തനായ കോൺഗ്രസുകാരൻ' എന്ന് വിശേഷിപ്പിച്ച്, വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ 'ചാടിക്കളിക്കെടാ കുഞ്ഞിരാമാ' എന്നുപറഞ്ഞ് ചുടുചോറ് മാന്തിക്കുകയായിരുന്നു സിപിഐഎം എന്നും വീക്ഷണം ആരോപിക്കുന്നു.
വിമതരെ സ്വീകരിക്കുന്നതിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പാണ്. ടി കെ ഹംസയെയും ലോനപ്പൻ നമ്പാടനെയും കെ ടി ജലീലിനെയും പരിഗണിക്കുകയും മന്ത്രിസ്ഥാനം നൽകുകയും ചെയ്ത സിപിഎം ചെറിയാൻ ഫിലിപ്പിനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ഗതി. കോൺഗ്രസിനെ ചതിച്ച ചെറിയാനെ സിപിഎം ചതിക്കുകയായിരുന്നു മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലും തൊലിയും ഉപേക്ഷിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപഎം എന്നും മുഖപത്രം വിമർശനം ഉന്നയിക്കുന്നു.
രണ്ടാം തവണയും രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സജീവരാഷ്ട്രീയം വിടുകയാണെന്നും വിവിധ കക്ഷികൾക്കുള്ളിലെ അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പ്രതിപാദിക്കുന്ന പുസ്തക രചനയിലേക്ക് കടക്കുകയാണെന്നുമാണ് ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്തുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗം
ന്യൂസ് ഡെസ്ക്