ഷൊർണൂർ: നിലവിളക്കു കൊളുത്തുന്നതും യോഗ പരിശീലനവും ഇസ്ലാമിക തത്വങ്ങൾക്ക് എതിരല്ലെന്ന് പിന്നാക്ക വികസന കോർപ്പറേഷൻ അംഗം മുള്ളൂർക്കര മുഹമ്മദാലി സഖാഫി. ഇക്കാര്യങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യമനസുകളെ തമ്മിൽ അകറ്റാൻ മാത്രമേ സഹായിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗ ആയോധന കലകളിൽപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ യോഗ അഭ്യസിക്കുന്നത് ഇസ്ലാമിന് എതിരല്ല. ഇസ്ലാമിക തീവ്രവാദത്തിലേക്കു പോകുന്നവർ ഖുറാനെക്കുറിച്ച് അറിവില്ലാത്തവരാണെന്നും സഖാഫി ചൂണ്ടിക്കാട്ടി.

ഏഴടിയോളം വലുപ്പമുള്ള നിലവിളക്കാണ് ചെറിയ മക്കയെന്ന് അറിയപ്പെടുന്ന പൊന്നാനിപള്ളിയിൽ സ്ഥാപിച്ചിട്ടുള്ളത്. നിലവിളക്കു കൊളുത്തുന്നതുമായി ബന്ധപ്പെട്ടു വിവാദമുണ്ടാക്കുന്നവർ ഇക്കാര്യം ഓർക്കണം. പുത്തൻപള്ളിയിലും ചേലക്കര കാളിയാ റോഡും ഇത്തരം നിലവിളക്കുകൾ പള്ളിക്കകത്തു തന്നെ കത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവാദങ്ങളിൽ നിന്ന് മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയനേതൃത്വവും ഒഴിഞ്ഞുനിന്ന് മതമൈത്രിയുടെയും മാനവസ്‌നേഹത്തിന്റെയും വക്താക്കളാകണം. ഗിരിശൃംഗങ്ങളെപോലും പിളർക്കാൻ കഴിവുള്ളതാണ് ഖുർ ആൻ നൽകുന്ന സന്ദേശമെന്നും സഖാഫി പറഞ്ഞു. വടക്കാഞ്ചേരി കേന്ദ്രമാക്കി വിപുലമായ വിജ്ഞാനകേന്ദ്രം ആരംഭിക്കാൻ പദ്ധതി തയ്യാറായി വരുന്നതായും അദ്ദേഹം അറിയിച്ചു.

പി എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് വിസമ്മതിച്ചിരുന്നു. ഇതിനെ മെഗാതാരം മമ്മൂട്ടി വേദിയിൽ വച്ചുതന്നെ വിമർശിക്കുകയും ചെയ്തു. ഇതു വലിയ വിവാദമായിരുന്നു. സോഷ്യൽ മീഡിയയും ഇക്കാര്യത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടത്തിയത്. ഈ സാഹചര്യത്തിലാണ് നിലവിളക്കു കൊളുത്തുന്നതിനെ അനുകൂലിച്ച് മുള്ളൂർക്കര സഖാഫിയുടെ പ്രസ്താവന വന്നത്.