ന്യൂഡൽഹി: ലോകത്തെവിടെ ചെന്നാലും വലിയൊരു ജനസഞ്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനുണ്ടാവും. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ചേരുന്ന അസിയാൻ സമ്മേളനത്തിനായി മലേഷ്യയിലെത്തുമ്പോഴും മോദിക്ക് സമാനമായ വരവേൽപ്പാണ് ലഭിക്കാൻ പോകുന്നത്. ലോകത്തെ മറ്റൊരു നേതാക്കൾക്കും ലഭിക്കാത്ത തരത്തിൽ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നതും.

ലോകത്തേറ്റവും കൂടുതൽ ആളുകളെ ചുരുങ്ങിയ കാലം കൊണ്ട് അഭിസംബോധന ചെയ്ത നേതാവെന്ന റെക്കോഡിലേക്കാണോ മോദി പോകുന്നതെന്ന് സംശയം തോന്നും ഈ വരവേൽപ്പുകൾ കാണുമ്പോൾ, മലേഷ്യയിലെ വിവിധ ഇന്ത്യൻ സമൂഹങ്ങൾ ചേർന്ന് ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ 20,000 പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

21 മുതൽ 23 വരെയാണ് അസിയാൻ ഉച്ചകോടി. 18 രാഷ്ട്രത്തലവന്മാരാണ് ഉച്ചകോടിക്കായി മലേഷ്യയിലെത്തുന്നത്. എന്നാൽ, ഇതിൽ പൊതുചടങ്ങിന് പോകുന്നത് മോദി മാത്രമാണ്. 22-നാണ് ഇന്ത്യൻ സമൂഹം മോദിയെ സ്വീകരിക്കുക. 90-ഓളം സംഘടനകൾ ചേർന്ന ദ വെൽക്കം പാർട്‌ണേഴ്‌സാണ് മോദിയെ വരവേൽക്കാനുള്ള ചടങ്ങ് ഒരുക്കുന്നത്.

സിഖ് സംഘടനയായ ഖൽസ ദിവാൻ മലേഷ്യ, മലേഷ്യൻ സിഖ്‌സ് മൂവ്‌മെന്റ്, ഗുജറാത്തിൽനിന്നെത്തിയ മലേഷ്യയിൽ വാസമുറപ്പിച്ചവരുടെ സംഘടനയായ ദാവൂദി ബോറാസ്, മലേഷ്യയിലെ മലയാളി അസ്സോസിയേഷനായ അമ്മ, തമിഴ് വംശജരുടെ ഹിന്ദു സംഘം തുടങ്ങി സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന 90-ഓളം സംഘടനകൾ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മോദിയുടെ വരവിലൂടെ മലേഷ്യയിലെ ഇന്ത്യൻ വംശജർക്ക് ഒരുമിക്കാനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. മതത്തിന്റെയോ വംശത്തിന്റെയോ പേരിൽ വിഘടിച്ചുനിൽക്കാതെ, ഇന്ത്യക്കാർ എന്ന പൊതുവായ കാര്യത്തിൽ ഊന്നി ഒന്നിച്ചുനിൽക്കാനുള്ള അവസരമായാണ് ഇതിനെ അവർ കാണുന്നത്. മലേഷ്യയിലെ ഇന്ത്യൻ വംശജരായ മുസ്ലിം സംഘടന കിമ്മ, ഹൈന്ദവ സംഘടനകളായ ഹിന്ദു സേവൈ സംഘം തുടങ്ങിയവർ മോദിയുടെ സ്വീകരണച്ചടങ്ങിനായി യോജിച്ച് പ്രവർത്തിക്കുന്നു.

അസിയാൻ ഉച്ചകോടിയിൽ ബരാക് ഒബാമയെയും വഌദിമിർ പുട്ടിനെയും പോലുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ടെങ്കിലും മോദിക്ക് പ്രത്യേക പ്രാധാന്യമാണ് ലഭിക്കുന്നത്. ഉച്ചകോടി 22-ന് അവസാനിക്കുമെങ്കിലും, ഒരുദിവസം കൂടി മലേഷ്യയിൽ തങ്ങണമെന്ന് അവിടുത്തെ പ്രധാനമന്ത്രി ദത്തോ ശ്രീ അബ്ദുൾ നജീബ് റസാഖ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളുമായുള്ള ചർച്ചയ്ക്കുവേണ്ടിയാണിത്.