മുംബൈ: റിപ്പബ്ലിക് ദിനത്തിൽ ഐ.എസ് അക്രമണമുണ്ടാവുമെന്ന് മുംബൈ വിമാനത്താവളത്തിന് ഭീഷണി. ഇങ്ങനെ എഴുതിയ കത്ത് ഛത്രപതി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ നിന്നും കണ്ടെടുത്തു. ഭീഷണി കണക്കിലെടുത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കാർഗോ പരിസരത്തുള്ള ശുചിമുറിയിൽ നിന്നാണ് പേപ്പറിലെഴുതിയ നിലയിൽ കത്ത് കണ്ടെത്തിയത്. 2018 ജനുവരി 26ന് ഐ.എസിന്റെ നേതൃത്വത്തിൽ അക്രമണം നടത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കത്തിൽ പറയുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

2015ലെ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായും സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്ന് ശുചിമുറിയുടെ ചുവരുകളിൽ എഴുതിയ നിലയിലായിരുന്നു. ദിവസേന നിരവധി പേർ വന്നുപോവുന്ന സ്ഥലമായതിനാൽ ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്.