മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് വിളിപ്പേരുള്ള ധാരാവി കോവിഡ് രണ്ടാം തരംഗത്തെയും അതിജീവിച്ച് മുന്നേറുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗം എല്ലായിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും ജനസാന്ദ്രത ഏറിയ ധാരാവി എങ്ങനെയാണ് കൊവിഡിനെ പ്രതിരോധിക്കുന്നത് എന്നതാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവിടെ 16 പേർ മാത്രമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചേരിയിലെ 9000 ലേറെ പേർക്ക് വാക്‌സിൻ നൽകാൻ സാധിച്ചു. മേഖലയിൽ വാക്‌സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്.

രണ്ട് ചതുരശ്ര കിലോമീറ്ററിൽ 10 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ചേരിയിൽ തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെ 6,917 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. അതിൽ 6530 പേരും കോവിഡ് മുക്തരായി. അവശേഷിക്കുന്ന 16 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഈ മാസം രണ്ടാം തവണ ഒരു കോവിഡ് കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപേറഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. രണ്ടാം വ്യാപനത്തിനിടെ മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെപ്പേർ മരിച്ചപ്പോൾ 47 മാത്രമായിരുന്നു ധാരാവിയിലെ മരണസംഖ്യ.

ജൂലൈ നാലിന് പുതിയ അണുബാധ ഒരെണ്ണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ജൂൺ 14, 15 തീയതികളിലും ഇവിടെ കോവിഡ് ബാധിതരുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ മാസം തുടക്കത്തിൽ കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടായിരുന്നു ധാരാവി. ഏപ്രിൽ 8നാണ് ഇവിടെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

കൊവിഡിന്റെ ഒന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ധാരാവിക്ക് സാധിച്ചിരുന്നു. നിരീക്ഷണവും പരിശോധനയും കാര്യക്ഷമമാക്കി, രോഗബാധിതരെ ഉടനടി ഐസോലേഷനിൽ പ്രവേശിപ്പിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് ധാരാവി കോവിഡ് വ്യാപനത്തെ നിയന്ത്രിച്ചത്. കുടുംബഡോക്ടർമാരെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടു. വിവിധ രോഗങ്ങൾക്കു ചികിത്സ തേടി എത്തുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താൻ ഇതു സഹായിച്ചു.



കോവിഡ് കുറഞ്ഞതോടെ സാധാരണനിലയിലേക്ക് ധാരാവി തിരിച്ചെത്തിയിരിക്കുകയാണ്. നാടുകളിലേക്കു മടങ്ങിയവരിലേറെയും തിരിച്ചെത്തി. പഴയ തിരക്കില്ലെങ്കിലും കടകളും കുടിൽവ്യവസായങ്ങളുമെല്ലാം സജീവമായി.

സമ്പർക്കത്തിലൂടെ പടരുന്ന കൊറോണ പോലൊരു രോഗത്തിന് കാട്ടുതീ പോലെ പടർന്ന് പിടിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യമുണ്ടായിട്ടും കോവിഡിന്റെ ഒന്നും രണ്ടും വ്യാപനങ്ങൾ അഭിമുഖീകരിച്ച മഹാരാഷ്ട്രയിൽ ധാരാവി ആരോഗ്യ മേഖലയ്ക്ക് പോലും അത്ഭതമാണ്. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ലോകം ആശങ്കയോടെ ഉറ്റുനോക്കിയ അതേ ധാരാവി ഇപ്പോൾ മാതൃകയാണ്. രോഗം പ്രതിരോധിക്കുന്നതിലെ 'ധാരാവി മോഡലാ'ണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണയെന്ന ഭീകരനെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ചിരിക്കുന്ന ഈ ചേരി ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ഒക്കെ തീർത്തും അസാദ്ധ്യമായ ഒരു സാഹചര്യത്തിലാണ് ധാരാവി ഈ നേട്ടം കൈവരിച്ചതെന്നതാണ് അവരെ അദ്ഭുതപ്പെടുത്തുന്നത്.

പത്തും പന്ത്രണ്ടും പേർ ഒരു മുറിയിൽ പാർക്കുകയും നൂറുകണക്കിനാളുകൾ ഒരേ ശൗചാലയം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഈ ചേരിയിൽ ഉള്ളതെന്നോർക്കണം. കൊറോണയെ നേരിടാൻ, സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ ഫലവത്താവുകയില്ല എന്ന് അധികൃതർ തിരിച്ചറിഞ്ഞതാണ് ധാരാവിയുടെ വിജയത്തിനു പിന്നെ ഏറ്റവു പ്രധാന കാരണം. സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും തീർത്തും അസാദ്ധ്യമാണിവിടെ മാത്രമല്ല, നൂറുകണക്കിന് ആളുകൾ ഒരേ ശൗചാലയം തന്നെ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സമ്പർക്ക ട്രേസിംഗും അസാദ്ധ്യമാണ്.

വീടുവീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുക എന്നതായിരുന്നു തീരുമാനിച്ചത്. എന്നാൽ രോഗവ്യാപന തോത് വർദ്ധിക്കാൻ തുടങ്ങുമ്പോഴും വെറും 50,000 പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുവാൻ കഴിഞ്ഞിരുന്നുള്ളു. അവിടെയാണ് മിഷൻ ധാരാവി എന്ന് പേരിട്ട സമാനതകളില്ലാത്ത പോരാട്ടം കൊറോണക്കെതിരെ ആരംഭിച്ചത്. ദിവസേന ചേരിയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ഇവിടെത്തെ അന്തേവാസികളെ മുഴുവനും രോഗ പരിശോധനക്ക് വിധേയരാക്കി.

ബോളിവുഡ് താരങ്ങളും ബിസിനസ്സ് രംഗത്തെ അതികായരുമൊക്കെ മെഡിക്കൽ ഉപകരണങ്ങൾക്കുള്ള പണം നൽകിയപ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളികൾ 200 കിടക്കകളുള്ള ഒരു ഫീൽഡ് ആശുപത്രി നിർമ്മിച്ചു നൽകി. സ്‌കൂളുകൾ, കല്യാണ മണ്ഡപങ്ങൾ, സ്പോർട്സ് കോംപ്ലക്‌സുകൾ എന്നിവ താത്കാലിക ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റി. അവിടെയെത്തുന്നവർക്ക് സൗജന്യ ഭക്ഷണം, പോഷകങ്ങൾ എന്നിവക്ക് പുറമേ യോഗാ പരിശീലനവും നൽകിയിരുന്നു.

ഏകദേശം 1,25,000 പേർ താമസിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിർദ്ദേശങ്ങൾ നൽകുകയും ജനങ്ങൾ അവ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ധാരാളം സന്നദ്ധസേവകർ സൗജന്യ ഭക്ഷണവുമായി ധാരാവിയിലാകെ കറങ്ങി. അതിനാൽ ആർക്കും ഇവിടെ പട്ടിണി കിടക്കേണ്ടതായി വന്നില്ല.

സാഹചര്യം മനസ്സിലാക്കിയുള്ള ഇടപെടൽ, സമർത്ഥമായ ആസൂത്രണം, അത് കൃത്യമായി നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ കാണിച്ച സമർപ്പണ മനോഭാവം എന്നിവയാണ് ഇവിടെ കാട്ടുതീ പോലെ പടർന്ന് കയറുന്നതിൽ നിന്നും കൊറോണയെ തടഞ്ഞത്. ഒരുമിച്ച് നിൽക്കുകയും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും ചെയ്താൽ മനുഷ്യനിപ്പോഴും ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് തെളിയിച്ച ഒരു സംഭവമാണിതെന്നാണ് പല പാശ്ചാത്യ മാധ്യമങ്ങളും പറയുന്നത്.

ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാൻ പാടുപെടുന്ന വികസ്വര രാജ്യങ്ങൾക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോൾ ധാരാവി. 'വൈറസിനെ പിന്തുടരുക' എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണർ കിരൺ ദിഘവ്കർ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി. അത് വിജയകരമായി അധികൃതർ നടപ്പാക്കി.