മുംബൈ: 1993ലെ മുബൈ സ്‌ഫോടനക്കേസിൽ വിചാരണ നേരിടുന്ന മുസ്തഫ ദൗസയ്ക്ക് ഭാര്യയോടൊപ്പം യാത്രചെയ്യുന്നതിന് പൊലീസ് അവസരമൊരുക്കി കൊടുത്തതിനെ ചൊല്ലി വ്യാപക പ്രതിഷേധം. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി കൂടിയായ ദൗസയ്ക്ക് പൊലീസ് വഴിവിട്ട് സഹായം ചെയ്തുവെന്നു വ്യക്തമാക്കി വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നു.

ഭാര്യയോടൊപ്പം പൊലീസ് അകമ്പടിയിൽ ഉല്ലാസ യാത്ര നടത്തുന്ന ദൃശ്യങ്ങളും വാർത്തയും മിഡ് ഡെ പത്രമാണ് പുറത്തുവിട്ടത്. പുറത്തു വിട്ടു. മുംബൈ സ്‌ഫോടനത്തിന്റെ ബുദ്ധി കേന്ദ്രമായ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയാണ് മുസ്തഫ ദൗസ. 257 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിൽ സ്‌ഫോടക വസ്തുക്കൾ കടത്തിയതിന്റെ തെളിവെടുപ്പിനായാണ് ദൗസയെ പോർബന്ദറിലേക്ക് കൊണ്ടു പോയത്. ഈ യാത്രയിലാണ് ഭാര്യ ദൗസയോടൊപ്പം ചേർന്നത്. ഈ യാത്രതന്നെ പ്രതിക്ക് സൗകര്യമൊരുക്കാനായി സൃഷ്ടിച്ചതാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായിരുന്നു യാത്രയെങ്കിലും ഭാര്യ കൂടി യാത്രയിലേക്ക് ചേർന്നതോടെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ വഴിമാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 25നാണ് ദൗസയെ പോർബന്തറിലേക്ക് തെളിവെടുപ്പിനായി ജയിലിൽനിന്ന് കൊണ്ടു പോവുന്നത്. മുബൈയിൽനിന്ന് രാവിലെ 8.20നാണ് തീവണ്ടി പുറപ്പെട്ടത്. തീവണ്ടി സ്‌റ്റേഷൻ വിടുന്നതിന് മുമ്പെ ദൗസയ്ക്ക കൂട്ടായി ഒരു സംഘം ആളുകളെത്തി. തീവണ്ടി അഹമ്മദാബാദിൽ രാത്രി 8.06ന് എത്തിയപ്പോൾ ഭാര്യ ഷബീന ഖത്രിയും കോച്ചിൽ കയറി. സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നയാളാണ് ഷബീന.

മിഡ് ഡെ പത്രമാണ് ദൗസയുടെ നീക്കങ്ങൾ തീവണ്ടിയിലും സ്‌റ്റേഷനിലും പിന്തുടർന്നു കൊണ്ട് വാർത്ത റിപ്പോർട്ട് ചെയ്തത്. തീവണ്ടി സ്‌റ്റേഷൻ വിട്ടതോടെ ദൗസയുടെ ബെർത്തിനു സമീപത്ത് നിന്നും പൊലീസുകാർ ഒഴിഞ്ഞു മാറി കൈകഴുകുന്ന സ്ഥലത്ത് നിലയുറപ്പിച്ചു. തുടർന്ന ദൗസയുടെ ബെർത്തിലെ ലൈറ്റുകളും അണച്ചു. ഈ സമയമത്രയും പൊലീസിന്റെ അകമ്പടിയില്ലാതെ സ്വതന്ത്രനായി വിഹരിക്കുകയായിരുന്നു ഈ കൊടും കുറ്റവാളി. സംഭവത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ഫേസ്‌ബുക്ക് സ്റ്റാറ്റസാണ് ഷബീന പോസ്റ്റ് ചെയ്തത്. ഇതേ ദിവസം ഷബീന പോർബന്തർ സ്‌റ്റേഷനിലുണ്ടായതായി ഫേസ്‌ബുക്കിലെ ലൊക്കേഷൻ സ്റ്റാറ്റസ് പറയുന്നു. ലവ് ഇൻ ദി എയർ എന്ന വരി കുറെ ഇമോജികളുടെ അകമ്പടിയോടെ കാൽപനികമായി പോസ്റ്റ് ചെയ്തിട്ടുമുമണ്ട് ഷബീന.

മുംബൈ സ്‌ഫോടനക്കേസിൽ ഗുരുതര ആരോപണം നേരിടുന്ന ആളാണ് ദൗസ. 3000 കിലോ ആർ ഡി എക്‌സ് രാജ്യത്തിലേക്ക് ദൗസ എത്തിച്ചിട്ടുണ്ടെന്നും ഇതിൽ വെറും 10 ശതമാനമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും കേസ് ഫയലിൽ പറയുന്നു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള മുബൈ ജോയിന്റ് കമ്മീഷണർ ദേവൻ ബർത്തി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മാറി നിന്നു.

കേസുമായി ബന്ധപ്പെട്ട് കോടതി ഡിസംബർ 21നാണ് വാദം കേട്ടിരുന്നു. 2017 പകുതിയോടു കൂടി ദൗസയുടെ കേസിലെ വിധി കോടതി പുറപ്പെടുവിക്കും. ദൗസയുടെ പഴയ കൂട്ടാളിയും മുംബൈ സ്‌ഫോടന കേസ് പ്രതിയുമായ അബു സലിം ജൂലൈ 2016ൽ മുംബൈയിൽനിന്ന് ലക്ക്‌നൗവിലേക്ക് ഭാര്യയോടൊപ്പം നടത്തിയ യാത്രകളുടെ ചിത്രങ്ങൾ പുറത്തിറങ്ങിയത് നേരത്തെ വൻ വിവാദമായിരുന്നു.