മുംബൈ: ലൈംഗികച്ചുവയോടെ അല്ലാതെ കൈയിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തുന്നത് ലൈംഗിക അതിക്രമമായി കാണാനും പോക്‌സോ നിയമം ചുമത്താനുമാകില്ലെന്ന് ബോംബെ ഹൈക്കോടതി. പുനെ ജില്ലയിലെ ബാരാമതിയിൽ നിന്നുള്ള 27കാരന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പതിനേഴുകാരിയുടെ കൈ പിടിച്ച് അവളോട് പ്രണയാഭ്യർത്ഥന നടത്തിയതിന് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികച്ചുവയോടെ അല്ലാതെ കൈ പിടിച്ച് പ്രണയം പ്രകടിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അവിചാരിതമായോ ദുരുദ്ദേശമില്ലാതെയോ ഒരാൾ കൈയിൽ പിടിച്ചാൽ അത് പോക്‌സോ വകുപ്പ് ചുമത്താവുന്ന കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിച്ച സിംഗിൾ ബഞ്ച് ജഡ്ജ് ആയ ജസ്റ്റിസ് ഭാരതി എച്ച് ദാൻഗ്രെ 27കാരന്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഫയൽ ചെയ്ത പരാതി പ്രകാരം പെൺകുട്ടി വിദ്യാർത്ഥിനിയും ആരോപണ വിധേയൻ പെൺകുട്ടിയുടെ അയൽക്കാരനുമാണ്. ട്യൂഷൻ ക്ലാസിൽ പോകുന്ന സമയത്ത് യുവാവ് തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന നടത്തിയെന്നും അവഗണിച്ചപ്പോൾ യുവാവ് തന്റെ വലതുകൈയിൽ പിടിച്ച് പ്രണയം പറഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്. യുവാവിന്റെ പെരുമാറ്റത്തിൽ ഭയന്ന് പോയെന്നും പിന്നീട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യുവാവ് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

പിന്നീട് ഇയാൾ വിവിധ സിം കാർഡുകളിൽ നിന്നായി പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. അവളുടെ സൗഹൃദവലയത്തിൽ 'അവളുടെ ഇമേജ് അപകീർത്തിപ്പെടുത്തുന്നതിനായി' ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നതായും ഇയാൾ പറഞ്ഞു. തുടർന്ന് ഏകദേശം എട്ടു മാസത്തോളം ഭീഷണി തുടർന്നതിനെ തുടർന്ന് കുട്ടി പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ബാരാമതി പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തത്.

കേസ് കോടതി പരിഗണിക്കവെ തന്റെ കക്ഷി സ്‌നേഹം അറിയിച്ചതാണെന്നും ലൈംഗികമായി ഉപദ്രവിക്കാനുള്ള ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും യുവാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി ലൈംഗികച്ചുവയോടെ അല്ലാതെ കൈയിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തുന്നത് ലൈംഗിക അതിക്രമമായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ചത്.