ന്യൂഡൽഹി: രണ്ട് അധോലോക നായകന്മാർ, ഒരു കാലത്ത് മുംബൈ നഗരത്തെ അടക്കി ഭരിച്ചവർ, നിരപരാധികളായ പാവങ്ങളെ കൊന്നു തള്ളിയവർ. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും. ഇവരിൽ ഛോട്ടാ രാജൻ പിടിയിലായപ്പോൾ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്റെ സംരക്ഷണയിൽ സുഖലോലുപനായി കഴിയുന്നു. ഫലത്തിൽ രണ്ട് പേർക്കും അതീവ സുരക്ഷയാണ് ഒരുക്കി നൽകിയിരിക്കുന്നത്. ഇതിന്റെ പേരിൽ ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വാക്കുകൾ കൊണ്ട് കോർക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഛോട്ടാ രാജൻ അറസ്റ്റിലായതോടെ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളികൂടിയായ ദാവൂദ് ഇബ്രാഹിമിനുള്ള സുരക്ഷ പാക്കിസ്ഥാൻ സൈന്യം വർധിപ്പിച്ചതായി റിപ്പോർട്ട്. ഛോട്ടാരാജൻ നൽകുന്ന വിവരങ്ങൾ കൂടി പരിഗണിച്ച് ഇന്ത്യ ദാവൂദിനെ ലക്ഷ്യമിടുമെന്ന സംശയത്തിലാണ് ദാവൂദിന്റെ സുരക്ഷ പാക്കിസ്ഥാൻ വർദ്ധിപ്പിച്ചത്.

ദാവൂദിന്റെ സുരക്ഷയ്ക്കായി അദേഹത്തിന്റെ കറാച്ചിയിലെയും ഇസ്‌ലാമബാദിലെയും വസതികളിൽ പാക്ക് സൈന്യത്തിലെ പ്രത്യേക പരിശീലനം സിദ്ധിച്ച കമാൻഡോകളെ നിയോഗിച്ചതായാണ് റിപ്പോർട്ട്. ഛോട്ടാ രാജൻ പിടിയിലായതോടെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം ദാവൂദ് ഇബ്രാഹിമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് അദേഹത്തിന് സുരക്ഷ വർധിപ്പിക്കാനുള്ള പാക്ക് സൈന്യത്തിന്റെ തീരുമാനം. ഇക്കഴിഞ്ഞ ഒക്ടോബർ 25നാണ് ഇന്തൊനീഷ്യയിലെ ബാലിയിൽ ഛോട്ടാ രാജൻ അറസ്റ്റിലായത്.

1993ലെ മുംബൈ സ്‌ഫോടനത്തിന് ശേഷം ഇന്ത്യവിട്ട ദാവൂദ് ഇബ്രാഹിം കഴിഞ്ഞ 20 വർഷമായി കുടുംബ സമേതം പാക്കിസ്ഥാനിലാണ് താമസമെന്ന് വെളിപ്പെടുത്തുന്ന വിവിധ തെളിവുകൾ പുറത്തുവന്നിരുന്നു. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നും ഐഎസ്‌ഐയാണ് ദാവൂദിനെ സംരക്ഷിക്കുന്നതെന്നും അറസ്റ്റിലായ അധോലോക നായകൻ ഛോട്ടാ രാജൻ വെളിപ്പെടുത്തിയിരുന്നു. ഇന്തൊനീഷ്യയിലെത്തിയ ഇന്ത്യൻ സംഘത്തെ കണ്ടശേഷം തിരികെവരുന്ന വഴി മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് ഛോട്ടാ രാജൻ ദാവൂദ് ഇബ്രാഹിമിന്റെ കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ, ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളെല്ലാം നിഷേധിക്കുകയാണ് പാക്കിസ്ാൻ. എന്നാൽ ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന്റെ തെളിവ് നേരത്തെ ഇന്ത്യ തന്നെ ശേഖരിച്ചിരുന്നു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിനെ വിട്ടുകിട്ടുന്നതിനായി ദാവൂദിന്റെ പേരിൽ ഇന്ത്യയിൽ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങളും പാക്കിസ്ഥാന് കൈമാറിയിരുന്നു.

ദാവൂദിനെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ബദ്ധശ്രദ്ധരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പാർലമെന്റിലും വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലുള്ള ദാവൂദ് സ്ഥിരമായി ഒളിസങ്കേതം മാറുകയാണെന്നും രാജ്‌നാഥ് സിങ് പാർലമെന്റിനെ അറിയിച്ചിരുന്നു.

ഛോട്ടാ രാജനെ ചോദ്യം ചെയ്താൽ രാജ്യത്തിന്റെ ഒന്നാം നമ്പർ ശത്രു ദാവൂദ് ഇബ്രാഹിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ അധികൃതർ. ഛോട്ടാ രാജനിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ദാവൂദിനെക്കുറിച്ചുള്ള നിർണായക തെളിവുകളായി മാറുമെന്നാണ് അധികൃതർ കരുതുന്നത്.

ഛോട്ടാ രാജനെ ഇന്ത്യയിൽ എത്തിച്ച് ചോദ്യം ചെയ്യാനണ് ഇന്ത്യയുടെ ഒരുക്കം. അതേസമയം ഇക്കാര്യത്തിൽ മുംബൈ പൊലീസിനെ വിശ്വാസമില്ലാത്തതിനാൽ ഡൽഹിയിൽ നിന്നുള്ള പൊലീസുകാരാകും രാജനെ ചോദ്യം ചെയ്യുക. മുംബൈ പൊലീസും അധോലോകവും തമ്മിലുള്ള അന്തർധാര സജീവമാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷേ, മുംബൈ പൊലീസിന് രാജനെ കൈമാറിയാൽ കസ്റ്റഡിയിൽ കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. അതുകൊണ്ട് കൂടിയാണ് ഡൽഹി പൊലീസിനെ രാജനെ ചോദ്യം ചെയ്യാനായി നിയോഗിച്ചിരിക്കുന്നത്.

ഇന്നോ നാളെയോ രാജനെ ഇന്ത്യയിൽ എത്തിക്കും എന്നാൽ, മുംബൈ പൊലീസിൽ രാജനെ സഹായിക്കുന്നവരും ഉണ്ടാകുമെന്നതിനാൽ ഡൽഹിയിൽ എത്തിച്ചാകും ചോദ്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജൻ ഒളിവിൽപോയ ശേഷവും മുംബൈയിലും ഡൽഹിയിലുമായി നടന്ന അക്രമ സംഭവങ്ങളിൽ രാജന്റെ ആളുകളുടെ പേരിൽ പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയിരുന്നു.

ഛോട്ടാ രാജൻ ഇന്ത്യയിലെത്താതിരിക്കാനുള്ള ശ്രമങ്ങൾ ദാവൂദ് ഇബ്രാഹിം ആരംഭിച്ചതായും സൂചന പുറത്തുവന്നിരുന്നു. ഇന്തോനേഷ്യൻ പൊലീസിന്റെ കസ്റ്റഡിയിൽ താൻ സുരക്ഷിതനല്ലെന്ന് കാണിച്ച് ഛോട്ടാ രാജൻ ബാലിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകിയത് ആ ആശങ്കയുടെ പുറത്താണ്.ഓസ്‌ട്രേലിയയിൽനിന്ന് ബാലിയിലെത്തിയപ്പോൾ രാജനെ അറസ്റ്റ് ചെയ്ത പൊലീസ്, മൊബൈൽ, ലാപ്‌ടോപ്, ഒരു സ്യൂട്ട്‌കേസ് എന്നിവയും പിടിച്ചെടുത്തിരുന്നു. ലാപ് ടോപ്പിലും മൊബൈലിലും ദാവൂദിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അധോലോക സംഘടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു.

ദാവൂദിൽനിന്നുള്ള ആക്രമണസാധ്യത കണക്കിലെടുത്ത് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി ബാലിയിലെത്തിയ ഇന്ത്യൻ സംഘത്തിന് സ്‌പെഷ്യൽ പൊലീസ് കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ ഛോട്ടാ രാജനും പ്രത്യേക കമാൻ!ഡോ സുരക്ഷ നൽകിയിട്ടുണ്ട്. രാജന് ഇന്തൊനീഷ്യൻ പൊലീസ് കമാൻഡോകളടക്കം ശക്തമായ സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്.