മുംബൈ: മുംബൈയിൽ വീണ്ടും കെട്ടിട ദുരന്തം 117 വർഷം പഴക്കമുള്ള അഞ്ചുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. 20 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരച്ചിൽ രാത്രി വൈകിയും തുടർന്നു. ആറ് അഗ്നിശമന ജീവനക്കാർക്കും പരുക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയുരമെന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 30 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.

ദക്ഷിണ മുംബൈയിൽ ക്രഫോഡ് മാർക്കറ്റിനടുത്തു ഭേണ്ടി ബസാറിനു സമീപമാണ് അപകടം. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന പക്‌മോദിയെ സ്ട്രീറ്റ് മേഖലയിലെ ഹുസൈനിവാല എന്ന കെട്ടിടമാണു തകർന്നത്. രാവിലെ 8.20ന് ആയിരുന്നു ദുരന്തം. അപകടാവസ്ഥയിലാണെന്നും താമസക്കാർ ഒഴിഞ്ഞുപോകണമെന്നും പലവട്ടം മുനിസിപ്പൽ കോർപറേഷൻ ഇവിടെ നോട്ടിസ് പതിച്ചിരുന്നതാണ്.

അഞ്ചു ദിവസത്തോളം തുടർച്ചയായി പെയ്ത മഴയിൽ ബലക്ഷയം കൂടിയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ താഴ്‌നിലയിൽ പ്രവർത്തിച്ചിരുന്ന 50 വിദ്യാർത്ഥികളുള്ള പ്ലേ സ്‌കൂൾ തുറക്കുന്നതിന് അര മണിക്കൂർ മുൻപാണ് അപകടം.

സംഭവത്തെത്തുടർന്നു ദേശീയ ദുരന്തനിവാരണ സേനയുടെയുടെ 90 അംഗങ്ങളും 10 ഫയർ എൻജിനുകളും പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തകർന്നു വീണ സ്ലാബുകളുടെയും തൂണുകളുടെയും ഭിത്തികളുടെയും അടിയിൽ ഞെരിഞ്ഞമർന്നാണു ഭൂരിപക്ഷം പേരും മരിച്ചത്. വലിയ ജെസിബികളും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഇടുങ്ങിയ പാതകൾ വെല്ലുവിളി ഉയർത്തുന്നു.

ദുരന്തത്തെത്തുടർന്നു തൊട്ടടുത്തുള്ള മൂന്നു കെട്ടിടത്തിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരിച്ചവരുടെ ആശ്രിതർക്കു സഹായധനമായി സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.