മൂന്നാർ: കയ്യേറ്റങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിന് തന്നെയും സഹപ്രവർത്തകരെയും കെട്ടിട ഉടമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി റവന്യൂ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. മൂന്നാർ സ്‌പെഷ്യൽ തഹസീൽദാർ കെ. ശ്രീകുമാറാണ് കൃത്യനിർവ്വഹണത്തിന്റെ പേരിൽ തനിക്ക് നേരെ പൊലീസ് സാന്നിദ്ധ്യത്തിൽ കെട്ടിട ഉടമയുടെ വധഭീഷിണി മുഴക്കിയതായി വെളിപ്പെടുത്തിയത്.

ദേവികുളം സബ്ബ്കളക്ടറുടെ നിർദ്ദേശ പ്രകാരം മൂന്ന് നില കെട്ടിട നിർമ്മാണം പരിശോധിക്കാൻ പോയപ്പോഴായിരുന്നു കെട്ടിട ഉടമയും ഗുണ്ടകളും ചേർന്ന് പത്തു ദിവസ്സത്തിനകം ണകൊല്ലുമെന്ന് ഭീഷിണി മുഴക്കിയതെന്നും ഈ സമയം ഇവിടെ പൊലീസ് ഉണ്ടായിരുന്നിട്ടും ഇവർക്കെതിരെ നടപടി സ്വീകരിച്ചില്ലന്നും ശ്രീകുമാർ വ്യക്തമാക്കി.

സംഭവത്തിൽ ശ്രീകുമാർ മൂന്നാർ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതിനൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മൂന്നാർ കോളനിയിൽ അനധിക്യതമെന്ന് കണ്ടെത്തിയ മൂന്ന് നിർമ്മാണങ്ങൾ ശ്രീകുമാറിന്റെ നേത്യത്വത്തിൽ പൊളിച്ചിരുന്നു.ഇതിൽ മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരുന്ന കരാറുകാരൻ ഇത്തരത്തിൽ ഭീഷിണിപ്പെടുത്തിയതായിട്ടാണ് ശ്രീകുമാറിന്റെ പരാതി. പൊലീസ് സംരക്ഷണയിലാണ് റവന്യൂവകുപ്പധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിപ്പിപ്പിച്ചത്.

മൂന്നാർ മേഖലയിലെ ചെറുതും വലുതുമായ കയ്യേറ്റങ്ങൾക്കെതിരേ റവന്യൂ വകുപ്പ് ശക്തമായ നിലപാടുമായി മുമ്പോട്ട് പോകുന്ന സാഹചര്യത്തിലാണ് കയ്യേറ്റ മാഫിയ സംഘങ്ങളുടെ ഇഷ്ടക്കാരനായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരെ ഭീഷിണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിനൽകി മൂന്നുദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട കരാറുകാനെ കണ്ടെത്തുന്നതിനോ നടപടികൾ സ്വീകരിക്കുന്നതിനോ പൊലീസ് തയ്യറായിട്ടില്ലന്നാണ് പ്രധാന ആക്ഷേപം.

ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നേത്യത്വത്തിൽ ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാൻപോയ റവന്യു അധി്ക്യതരെ ഒരുസംഘം ആക്രമിക്കുകയും പൊലീസ് കാഴ്ചക്കാരാവുകയും ചെയ്തത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ആക്രമികളെ സബ് കളക്ടർ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും എസ്.ഐ പിടികൂടാൻ തയ്യാറായിരുന്നില്ല. ഈ വിഷയത്തിലും പൊലീസ് സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഐ - സി പി എം പടലപ്പിണക്കം ഇക്കാര്യത്തിലും പ്രതിഫലിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.