- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിണിയിൽ വലഞ്ഞ് മൂന്നാർ; കടം കൊടുത്തു മുടിഞ്ഞ കടകളെല്ലാം പൂട്ടി; തെരഞ്ഞെടുപ്പിനു പിന്നാലെ യൂണിയനുകളും പെമ്പിളൈ ഒരുമൈയും; 330 രൂപയ്ക്ക് ജോലി ചെയ്യാൻ പുതിയ സംഘടന; വിശപ്പകറ്റാൻ പണിക്കിറങ്ങാൻ സന്നദ്ധതയുമായി തൊഴിലാളികൾ
ഇടുക്കി: ചൊവ്വാഴ്ച ചേർന്ന അഞ്ചാമത് പ്ലാന്റേഷൻ ലേബർ കമ്മിറ്റി(പി.എൽസി)യും പരാജയമായതോടെ 500 രൂപ മിനിമം കൂലിയെന്ന തോട്ടം തൊഴിലാളികളുടെ ആവശ്യം സ്വപ്‌നമായി അവശേഷിക്കും. കടുത്ത ദാരിദ്ര്യവും മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പ്രയാസവും പണിക്കിറങ്ങാൻ തൊഴിലാളികളെ നിർബന്ധിതരാക്കുകയാണ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഒരു വിഭാഗം തൊഴിലാളികൾ യ
ഇടുക്കി: ചൊവ്വാഴ്ച ചേർന്ന അഞ്ചാമത് പ്ലാന്റേഷൻ ലേബർ കമ്മിറ്റി(പി.എൽസി)യും പരാജയമായതോടെ 500 രൂപ മിനിമം കൂലിയെന്ന തോട്ടം തൊഴിലാളികളുടെ ആവശ്യം സ്വപ്‌നമായി അവശേഷിക്കും. കടുത്ത ദാരിദ്ര്യവും മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പ്രയാസവും പണിക്കിറങ്ങാൻ തൊഴിലാളികളെ നിർബന്ധിതരാക്കുകയാണ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഒരു വിഭാഗം തൊഴിലാളികൾ യോഗം ചേർന്നു പുതിയ സംഘടന രൂപീകരിക്കുകയും 330 രൂപയ്ക്ക് പണിക്കിറങ്ങാൻ സന്നദ്ധരാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതും തോട്ടമുടമകൾ കൂലി കൂട്ടി നൽകില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതും പ്രതികൂലമായ സാഹചര്യത്തിൽ, അടുത്ത ദിവസങ്ങളിൽ പണിക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബഹുഭുരിപക്ഷം തൊഴിലാളി കുടുംബങ്ങളും.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തൊഴിലാളി യൂണിയൻ നേതാക്കൾ കഴിഞ്ഞ അഞ്ചു ദിവസത്തോളമായി സമരവേദിയിൽനിന്ന് വിട്ടുനിൽക്കുന്നത് ഐക്യ ട്രേഡ് യൂണിയന്റെയും, സ്ത്രീസമരപക്ഷത്തെ നേതാക്കൾക്കിടയിലെ അനൈക്യവും കൂടിയാലോചനയുടെ അഭാവവും പെമ്പിളൈ ഒരുമൈയുടെയും ശക്തി ക്ഷയിപ്പിച്ചിരിക്കുകയാണ്. എങ്കിലും തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ പെമ്പിളൈ ഒരുമൈ നാമനിർദേശ പത്രികകൾ സമർപ്പിക്കുകയാണ്.
പട്ടിണിയെന്ന നഗ്നസത്യമാണ് ഇരുപക്ഷത്തെയും സാധാരണ തൊഴിലാളികളെ അലട്ടുന്നത്. അഞ്ചാഴ്ചയായി തുടരുന്ന സമരത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂന്നാറിന്റെ സകല മേഖലകളെയും ബാധിച്ചു. മൂന്നാർ ടൗണിലെയും തോട്ടം മേഖലകളിലെ ഉൾഗ്രാമങ്ങളിലെയും നിരവധി വ്യാപാരസ്ഥാപനങ്ങൾ ഇതിനകം പൂട്ടി. സമരത്തിന്റെ ആദ്യനാളുകളിൽ പലവ്യഞ്ജനങ്ങളും മറ്റും കടമായി തൊഴിലാളികൾക്ക് ലഭിച്ചിരുന്നെങ്കിലും കടം പെരുകിയതോടെ നിവൃത്തിയില്ലാതായ ചെറുകിട-ഇടത്തരം വ്യാപാരികളെല്ലാം സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ജോലിയില്ലാതെ കഷ്ടത്തിലായി. ടൗണിലെത്തുന്ന നാമമാത്രമായ പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ചെറിയ ഓട്ടങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. സമരത്തിന്റെ തുടക്കത്തിൽ റോഡ് ഉപരോധക്കാർക്കും പിന്നീട് പെമ്പിളൈ ഒരുമൈ സമരവേദിയിലും ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചു നൽകിയ ഡ്രൈവർമാർ സമരം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞതോടെ സഹായങ്ങളിൽനിന്നു പിന്നോക്കം പോയി.
മറ്റു സഹായങ്ങൾ നിലച്ചതോടെ പെമ്പിളൈ ഒരുമൈ സമരക്കാർ സഹയധനരൂപീകരണത്തിനായി വേദിയിൽ ബക്കറ്റ് പിരിവ് ആരംഭിച്ചെങ്കിലും കാര്യമായ പ്രതികരണമില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. പത്തും ഇരുപതും കിലോമീറ്ററുകൾ വരെ വാഹനങ്ങളിൽ സഞ്ചരിച്ച് പഠനം നടത്തിയ തോട്ടം മേഖലയിലെ വിദ്യാർത്ഥികളിൽ മിക്കവരും പണമില്ലാത്തതിനാൽ വീടുകളിൽത്തന്നെ കഴിച്ചു കൂട്ടുകയാണ്. തമിഴ്‌നാട്ടിൽനിന്ന് എത്തി വട്ടിപ്പലിശയ്ക്ക് പണം നൽകിയ സംഘങ്ങൾ, സമരം അനിശ്ചിതമായി തുടരുന്നതോടെ വായ്പ നൽകുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഉൾപ്രദേശങ്ങളിലെ ചെറുകടകൾ വരെ അടച്ചിട്ടിരിക്കുകയാണ്. എന്തെങ്കിലും വാങ്ങണമെങ്കിൽ മൂന്നാർ ടൗണിലെത്തണം. മറ്റ് തൊഴിലിടങ്ങളോ, സ്വയം തൊഴിൽ മാർഗങ്ങളോ ഇല്ലാത്തതിനാൽ കണ്ണൻ ദേവൻ കമ്പനിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന 12000-ലധികം തൊഴിലാളികളുടെ കുടുംബങ്ങളാണ് വിശപ്പിന്റെ കാഠിന്്യത്തിൽ പണിക്കിറങ്ങാൻ പുനർവിചിന്തനം നടത്തുന്നത്.
നാലാമത് പി. എൽ. സി യോഗത്തിലെങ്കിലും വേതന വർധനവിനു സമവായമുണ്ടാക്കുമെന്നു തൊഴിലാളികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും 500 രൂപ മിനിമം കൂലിയെന്ന നിലപാടിൽനിന്ന് ഒട്ടും പിന്നോട്ടു പോകാൻ ഐക്യ ട്രേഡ് യൂണിയൻ തയാറാകാതെ വന്നതോടെ തൊഴിലാളികൾ പ്രതീക്ഷ കൈവിട്ടു തുടങ്ങിയിരുന്നു. ഒട്ടേറെപ്പേർ അന്നുതന്നെ പണിക്കിറങ്ങാൻ തയാറാണെന്നു അറിയിക്കുകയും ചെയ്‌തെങ്കിലും യൂണിയനുകളും പെമ്പിളൈ ഒരുമൈ പ്രവർത്തകരും തടസപ്പെടുത്തി. ചൊവ്വാഴ്ചത്തെ ചർച്ചയും പൊളിഞ്ഞതോടെ ബുധനാഴ്ച നടക്കുന്ന ചർച്ചയിലാണ് അവസാന പ്രതീക്ഷ. 232 മിനിമം കൂലി 265 ആയി ഉയർത്താൻ ഉടമകൾ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ട്രേഡ് യൂണിയനുകൾക്ക് സ്വീകാര്യമായില്ല. 350 രൂപ കിട്ടായാൽ സമരം അവസാനിപ്പിക്കാമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി അഭിപ്രായപ്പെട്ടെങ്കിലും 500 രൂപയിൽ കുറഞ്ഞ് സന്ധിയില്ലെന്നു ഗോമതി അഗസ്റ്റിൻ പ്രഖ്യാപിച്ചത് ഇവർക്കിടയിലെ ഭിന്നസ്വരവും കൂടിയാലോചനയുടെ അഭാവവും വ്യക്തമാക്കി. ഇതോടെ ഇരുവരുടെയും അഭിപ്രായം ചർച്ചയായെങ്കിലും മുതിർന്ന സ്ത്രീകൾ ഇടപെട്ട് തൽകാലം വിഷയത്തിൽ കൂടുതൽ അസ്വാരസ്യമുണ്ടാകാതെ നിർത്തിയിരിക്കുകയാണ്.
സമരരംഗത്തെ തൊഴിലാളികൾക്ക് പട്ടിണിയുടെ കാഠിന്യം മനസിലാക്കാൻ കഴിയുന്നില്ലെന്ന് സമരത്തിൽനിന്ന് വിട്ടു നിൽക്കുന്ന സ്ത്രീകൾ പറഞ്ഞു. ബഹുഭൂരിപക്ഷം സ്ത്രീകളും സമരരംഗത്തുനിന്നും പിൻവാങ്ങി വീടുകളിലാണ്. ഐക്യ ട്രേഡ് യൂണിയൻ സമരവേദിയിലെത്തുന്നവർക്കായി യൂണിയനുകൾ ഭക്ഷണത്തിനും മറ്റുമായി പണം ചെലവഴിക്കുന്നുണ്ട്. എന്നാൽ രണ്ട് ദിവസമായി പെമ്പിളൈ ഒരുമൈ സമരക്കാർ അൽപം പരുങ്ങലിലാണ്. ടൗണിലെ വ്യാപാരികളും ഡ്രൈവർമാരും നൽകിവന്ന ഭക്ഷണവും വെള്ളവും പരിമിതമായ തോതിലേക്ക് ചുരുങ്ങിയതോടെയാണ് ഇവരും ക്ഷീണിതരായി തുടങ്ങിയത്. സാമ്പത്തിക പിൻബലമില്ലാതെ മുമ്പോട്ടു പോകാനാവില്ലെന്നു നേതാക്കൾക്കും വ്യക്തമായിട്ടുണ്ട്. ഇതിനിടെയാണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും തൊഴിലാളികൾ ചേർന്നു പുതിയ സംഘടന രൂപീകരിച്ചു 330 രൂപയ്ക്ക് തോട്ടങ്ങളിൽ പണിക്കിറങ്ങാൻ തയാറാണെന്നു പ്രഖ്യാപിച്ചത്.
ഇപ്പോൾ മൂന്നാറിന്റെ സമീപ മേഖലകളും പീരുമേട്, ഉടുമ്പൻചോല അടക്കമുള്ള തോട്ടം പ്രദേശങ്ങളിലും തമിഴ്‌നാട്ടിൽനിന്ന് വാഹനങ്ങളിൽ എത്തി പണി ചെയ്ത് അതേ വാഹനങ്ങളിൽ മടങ്ങുന്നവരാണ് അധികവും. സമരത്തിനിടെ പണിക്കെത്തിയ ഇവരെ യൂണിയനുകൾ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതോടെയാണ് ഇവരെ ഇവിടെയെത്തിച്ചിരുന്ന ഡ്രൈവർമാരും ഇതര തൊഴിൽ മേഖലയിലുള്ളവരും ചേർന്ന് തോട്ടം മേഖലയിലെ ജോലികൾ ചെയ്യുന്നതിനായി സംഘടനയുണ്ടാക്കിയത്. നിത്യേന ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ എത്തിയിരുന്നത്. സംഘടനയുടെ നേതൃത്വത്തിൽ ഇവർക്ക് സംരക്ഷണം ഉറപ്പാക്കി തോട്ടങ്ങളിലെത്തിച്ചു തുടങ്ങിയാൽ സമരം പൊളിയും. ഇത് സമരക്കാർക്ക് ഭീഷണിയാണ്.
ഐക്യ ട്രേഡ് യൂണിയന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞ അഞ്ച് ദിവസമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ പായുന്നത് ഇവർക്കിടയിലെയും ശക്തി ചോർത്തിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ നേതാക്കൾ മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ 39 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനുകളിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ്് സ്ഥാനാർത്ഥികളെ നിർത്തുന്നത്. എന്നാൽ കാര്യമായ കൂടിയാലോചന ഇക്കാര്യത്തിൽ നടത്തിയിട്ടില്ല. തങ്ങളുടെ വിശപ്പിന്റെ വിലയറിയാതെ നേതാക്കൾ സമരത്തിൽ മുറുകെപിടിച്ചും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും നിൽക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് തൊഴിലാളി സ്ത്രീകൾ. കൂലി കൂട്ടിയാലും ഇല്ലെങ്കിലും ഏതാനും ദിവസത്തിനുള്ളിൽ തോട്ടങ്ങളിൽ തൊഴിലാളി സ്ത്രീകളിൽ ഭൂരിഭാഗവും ജോലിക്കെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.