മൂന്നാർ: ഗുണനിലവാരം തേയിലയിൽ മാത്രം മതി. അത് ഉണ്ടാക്കാനായി കഷ്ടപ്പെട്ട് അടിമപ്പണി ചെയ്യുന്ന തൊഴിലാളിയുടെ ജീവിതം നരക തുല്യമായാൽ ആർക്കെന്ത് ചേതം? ഗുണനിലവാരത്തിന് പേര് കേട്ട മലയാളനാടിന്റെ സ്വന്തം തേയിലപ്പൊടി കമ്പനിയിലെ തൊഴിലാളികൾക്ക് ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെ. എല്ലാ സൗകര്യത്തോടും കൂടിയാണ് തങ്ങളുടെ തൊഴിലാളികൾ കഴിയുന്നതെന്നായിരുന്നു കണ്ണൻദേവൻ കമ്പനി അധികൃതർ ഇപ്പോഴും വാദിക്കുന്നത്. എന്നാൽ തൊഴിലാളിയായി മാനേജ്‌മെന്റ് കണക്കാക്കിയിരിക്കുന്നത് ന്യൂനപക്ഷത്തെ മാത്രമാണെന്ന് ഇവിടെയെത്തുന്ന ആരും പറയും. മൂന്നാറിലെ തൊഴിലാളി ചൂഷണം ആരംഭിക്കുന്നത്

ന്യൂജനറേഷൻ മൂപ്പന്മാരായ മാനേജർമാർ

പതിനയ്യായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നിടത്ത് ഇവരെ പണിയെടുപ്പിക്കുന്ന വെറും 400 പേർക്ക് മാത്രമാണ് ആഡംബര സംവിധാനമൊരുക്കി കമ്പനി സംരക്ഷിക്കുന്നത്. അതിനുള്ള നേട്ടം പാവപ്പെട്ട തൊഴിലാളിയുടെ ചോര വരെ ഊറ്റി പണിയെടുപ്പിച്ച് ഇവർ കമ്പനിക്ക് നേടി കൊടുക്കുന്നുണ്ടെന്ന് സാരം. ഈ മാനേജർമാർക്ക് ഒരു ലക്ഷത്തിൽ പരം രൂപയാണ് ശമ്പളം. എവിടേക്ക് സഞ്ചരിക്കാനും കണ്ണൻ ദേവന്റെ സ്വന്തം കാറൂകൾ. അത്യാധുനിക വീടുകളിൽ പലതും നിർമ്മിച്ചത് പണ്ട് ബ്രിട്ടീഷുകാരാണ്. അന്ന് തൊഴിലാളികളെ അടിമകളെ പോലെ ചാട്ടക്കടിച്ച് പണിയെടുപ്പിച്ചിരുന്ന മൂപ്പന്മാർക്കായി നിർമ്മിച്ച ഈ സൗധങ്ങളിൽ തന്നെയാണ് ഇപ്പോഴും ന്യൂജനറേഷൻ മൂപ്പന്മാരായ മാനേജർമാർ താമസിക്കുന്നത്. ഇവരെ പരിചരിക്കാനായി ഒരു ബംഗ്ലാവിൽ ആറ് ജീവനക്കാരും. ഇവരുടെ മക്കൾക്കെല്ലം റ്റാറ്റയുടെ ചെലവിൽ സൗജന്യ വിദ്യാഭ്യാസവും.വൈദ്യുതിയും പാചക സംവിധാനങ്ങളും ഇവർക്ക് സൗജന്യമാണ് വർഷത്തോടൊപ്പം കുടുംബസമേതം വിദേശത്തേക്ക് വിനോദയാത്രയും റ്റാറ്റ സൗജന്യമായി സ്‌പോൺസർ ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു.

തൊഴിലാളികൾക്ക് താമസിക്കാൻ 'ആസ്ബറ്റോസ് തൊഴുത്തുകൾ'

പല മാനേജർമാരുടേയും ഭാര്യമാർക്ക് കമ്പനിയിൽ തന്നെ പ്രധാനപ്പെട്ട തസ്തികകളിൽ പതിനായിരങ്ങൾ ശമ്പളമുള്ള ജോലിയും ഉണ്ട്. ഇവരുടെ സ്ഥിതി ഇതാകുമ്പോഴാണ് കുത്തനെയുള്ള കുന്നിൻചെരുവിൽ മണിക്കൂറുകളോളം അതിരാവിലെ മുതൽ കൊടുംതണുപ്പത്ത് തേയില നുള്ളുന്ന തൊഴിലാളിയുടെ ജീവിതം കൂടി പരിശോധിക്കേണ്ടത്. പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ പണിത ആസ്ബറ്റോസ് മേഞ്ഞ ഒറ്റമുറി വീടുകളിൽ ആണ് ഇവരുടേയും കുടുംബാംഗളുടെയും താമസം. ലായങ്ങൾ എന്നറിയപ്പെടുന്ന ഈ ലൈൻവീടുകളിൽ പലതിലും മാതാപിതാക്കളും മക്കളും ഉൾപ്പെടെ അഞ്ചും അതിലധികവും പേരാണ് നരകതുല്യമായ ജീവിതം നയിക്കുന്നത്.ഇവർക്ക് പ്രാഥമിക ആവശ്യത്തിനായി കമ്പനി പണിത് നൽകിയ ശൗചാലയങ്ങൾ കണ്ടാൽ രാജ്യം തന്നെ നാണിച്ച് പോകും.

രണ്ടും ബൾബും ഒരു ടിവിയും മാത്രം ഉപയോഗിക്കുന്ന ലയങ്ങളിൽ റ്റാറ്റ വൈദ്യുതി ബിൽ ചുമത്തുന്നതാകട്ടെ 200ലധികം രൂപയും. പാചക ആവശ്യത്തിനായി ഉപയോഗിക്കുന്ന വിറകിന് മിനിമും അറുന്നൂറിനടുത്ത് രൂപ വരും. ദിവസക്കൂലിയായി കണക്കാക്കുന്ന മാസ ശമ്പളം ലഭിക്കുമ്പോൾ ഇത് കൃത്യമായി ഈടാക്കി മാത്രമേ കമ്പനി കൊടുക്കാറുള്ളൂ എന്ന് തൊഴിലാളികൾ പറയുന്നു.മതിയായ ജീവനക്കാരില്ലാത്ത ആശുപത്രികളിൽ ഏത് രോഗത്തിന് ചെന്നാലും പാരസെറ്റാമോൾ ഗുളിക മാത്രമേ സൗജന്യമായി ലഭിക്കൂ. സർക്കാർ ആശുപത്രികളെ പോലും അലംഭാവത്തിന്റെ കാര്യത്തിൽ കടത്തി വെട്ടുകയാണ് റ്റാറ്റയുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.

നാമ മാത്രമായ വിദ്യാഭ്യാസ സൗകര്യങ്ങൾ

ഇപ്പോഴും കാര്യമായ അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളെ തന്നെയാണ് ഇവിടുത്തെ തൊഴിലാളികൾ ആശ്രയിക്കുന്നത്.വളരെ കാലമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് ഈ ഭൂമിയിൽ യാതൊരു അവകാശവുമില്ല.റ്റാറ്റയുടെ കീഴിലുള്ള വിദ്യാലയത്തിൽ അൻപത് ശതമാനവും തോട്ടം തൊഴിലാളികളുടെ മക്കളാണ് പഠിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.എന്നാൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ഇപ്പോഴും തോട്ടം മക്കൾ ഈ സ്‌കൂളിൽ പഠിക്കുന്നത്.ബാക്കിയുള്ളവർക്കെല്ലം ശരണം സർക്കാർ സ്‌കൂളുകൾ തന്നെയാണ്.

ഏതെങ്കിലും തോട്ടം തൊഴിലാളി രക്ഷിതാവ് കുട്ടിയെ റ്റാറ്റയുടെ സ്‌കൂളിൽ അഡ്‌മിഷനായി കൊണ്ടുപോയാൽ എന്തെങ്കിലും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഒഴിവാക്കുകയാണ് പതിവെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ കൊടിയുടെ നിറം നോക്കാതെ രാഷ്ട്രീക്കാരന്റെ മക്കൾക്കും ഈ സ്‌കൂളിൽ അഡ്‌മിഷനുണ്ട്. ഭൂരിഭാഗം മൂന്നാർ രാഷ്ട്രീയക്കരുടേയും മക്കൾ സൗജന്യമായി പഠിക്കുന്നത് ഈ സ്‌കൂളിൽ തന്നെയാണ്.

കൊളുന്തു നുള്ളുന്ന തൊഴിലാളിക്ക് ഒരു രൂപ, മേൽനോട്ടക്കാരന് ഏഴ് രൂപയും!

പാവപ്പെട്ട തൊഴിലാളികളുടെ ശമ്പളത്തിന്റെ കാര്യത്തിലും കാര്യമായ വിവേചനമാണ് കമ്പനി കാണിക്കുന്നത്. 230 രൂപയാണ് 21 കിലോ തേയിൽ അപകടകരമായ സാഹചര്യത്തിൽ തേയില നുള്ളുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഒരു കിലോയ്ക്ക് 1.57 രൂപയാണ് നൽകുന്നത്. 21 കിലോയാണ് മിനിമം. ഇതിനൊപ്പം 199.05 രൂപ ചേർത്ത് 232 രൂപയാണ് മിനിമം കൂലി. 21 മുതൽ 35വരെ കിലോ കൊളുന്തു നുള്ളിയാൽ അധികം വന്ന 14 കിലോയ്ക്ക് 61 പൈസവീതം 8രൂപ 54 പൈസ നൽകും. 3549 നും ഇടയ്ക്കാണെങ്കിൽ ഈ 14 കിലോയ്ക്ക് 85 പൈസ വീതം 11.90 രൂപ നൽകും. 49 കിലോയ്ക്ക് മുകളിലാണെങ്കിൽ കിലോയ്ക്ക് 1.10 രൂപ വീതമാണ് കൂലി. അതായത് ഒരു ദിവസം നൂറുകിലോ കൊളുന്തുനുള്ളിയാൽ 308 രൂപയാണ് ലഭിക്കുക.

സീസണിൽ 150-200 കിലോ നുള്ളുന്നവരുണ്ട്. ഓഫ് സീസണിൽ 4050 കിലോയാകും. ഇതുകൂടാതെ ചില മാസങ്ങളിൽ കമ്പനി ഇൻെസന്റീവ് പ്രഖ്യാപിക്കും. ശരാശരി 50 കിലോനുള്ളിയാൽ ഒന്നരരണ്ടുരൂപ വീതം എന്നൊക്കെയാകും ഇത്. ഇതിൽ കൂടുതൽ നുള്ളുന്ന ഓരോ കിലോയ്ക്കും ഒരു രൂപ മാത്രമാണ് കമ്പനി നൽകുന്നത്. എന്നാൽ ഇവരെ പണിയെടുപ്പിക്കുന്ന സൂപ്പർവൈസർമാർക്ക് 4 ഉം അഞ്ചും രൂപ യാണ് ഒരു കിലോക്ക് ശമ്പളത്തിന് പുറമേ ലഭിക്കുന്നത്. ഇതും അന്യായമാണെന്നാണ് തൊഴിലാളികളുടെ പക്ഷം.

ടാറ്റയുടെ നേരിട്ടുള്ള ഉടമസ്ഥതയിൽ രണ്ടു എസ്റ്റേറ്റുകളാണ് മൂന്നാറിലുള്ളത്. പള്ളിവാസലും പെരിയവാരയും. നേരത്തേ ടാറ്റാടീ ആയിരുന്ന കമ്പനിയാണ് 2005 ൽ കണ്ണൻദേവൻഹിൽ പ്ലൂന്റേഷൻ (കെ.ഡി.എച്ച്.പി.) എന്ന കമ്പനിയായത്. ഇതിൽ 28.52 ശതമാനം ഷെയറാണ് ടാറ്റയ്ക്കുള്ളത്. മാനേജ്‌മെന്റ് ജീവനക്കാർക്കാണ് ബാക്കിയുള്ളതിൽ ഭൂരിപക്ഷം. തൊഴിലാളികളുടെ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിച്ചപ്പോൾ 10 രൂപയ്ക്കാണ് ഇവർ ഷെയർ നൽകിയത്. തൊഴിലാളികളോട് മിനിമം 300 ഷെയർ എടുക്കാനാണ് ആവശ്യപ്പെട്ടത്. ജീവനക്കാരോട് കുറഞ്ഞത് 1200 ഷെയറിന് നിർദ്ദേശിച്ചു. മാനേജ്‌മെന്റ് ജീവനക്കാർക്ക് എത്ര വേണമെങ്കിലും എടുക്കാമായിരുന്നു. 2.7 ലക്ഷം ഷെയറുള്ള ഒരാളുണ്ട്. മാനേജ്‌മെന്റ് ജീവനക്കാരുെടയും ടാറ്റയുടെയും കെ.ഡി.എച്ച്.പി. വെൽെഫയർ ട്രസ്റ്റിന്റെയും (8.95%) ചേർത്താൽ 80 ശതമാനത്തോളം വരും. ബാക്കി 20 ശതമാനമേ തൊഴിലാളികളുടെ കൈയിലുള്ളൂ.

ഡയറക്ടർബോർഡിൽ തൊഴിലാളികളുടെ ഒരു പ്രതിനിധിയും ജീവനക്കാരുടെ പ്രതിനിധിയും ഉണ്ട്. ദിവസ ശമ്പളം 500 രൂപയാക്കണമെന്നാണ് ഇപ്പോൾ സമരത്തിനിറങ്ങിയ തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് സമരമല്ലാതെ മറ്റ് മാർഗമില്ല എന്ന തിരിച്ചറിവിൽ കൊടിയുടെ നിറം മാറ്റി വച്ച് ''പെൺപിള ഒരുമൈ ''മൊന്നോട്ടിറങ്ങിയതെന്ന് സാരം .കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ വർഷങ്ങളായി തുടരുന്ന ഇവരുടെ ദൈന്യ ജീവിതം പൊതുമണ്ഡലത്തിലെത്തിക്കാൻ മാദ്ധ്യമങ്ങൾ വരെ ഉണ്ടായില്ല എന്നതും ഗൗരവകരമായി കാണേണ്ടതാണ്.