കൊച്ചി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയതുകൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ എന്ന് പൊലീസ്. അതിപ്രശസ്തനായ അഭിഭാഷകന് ഇടത് സർക്കാരിലും സ്വാധീനമുണ്ട്. എന്നാൽ തെളിവുണ്ടെങ്കിൽ ഇതൊന്നും കാര്യമായെടുക്കേണ്ടെന്നാണ് പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിർദ്ദേശം. അതുകൊണ്ട് തന്നെ തൃശൂർ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് അതിശക്തമായി പുരോഗമിക്കുകയാണ്. നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ അനുമതി കൊടുത്ത സർക്കാർ ഈ അഭിഭാഷകന്റെ ഇടപെടലിനേയും തള്ളിക്കളയുമെന്ന വിശ്വാസത്തിലാണ് പൊലീസ് മുന്നോട്ട് പോകുന്നത്.

വിവാദമായ പല കേസുകളും ജനപക്ഷത്ത് നിന്ന് വാദിച്ച അഭിഭാഷകനാണ് പ്രതിക്കൂട്ടിൽ. സമൂഹിക ഇടപെടലിലൂടെ എന്തും തുറന്നു പറയുന്ന അഡ്വക്കേറ്റ്. വാദികളുടെ അഭിപ്രായ പ്രകാരം ചില കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറുമായി. ഈ കേസുകളിലെല്ലാം ജയം പ്രോസിക്യൂഷൻ പക്ഷത്തായിരുന്നു. അതുകൊണ്ട് തന്നെ അതിപ്രശസ്തനായ അഡ്വക്കേറ്റിനെ സൂക്ഷിച്ച് തൊട്ട് കളിക്കണമെന്നാണ് പൊലീസിന് സർക്കാർ നൽകുന്ന ഉപദേശം. തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാം. ചാലക്കുടിയിൽ കൊല്ലപ്പെട്ട രാജീവും ഈ അഭിഭാഷകനും തമ്മിലുള്ള ഭൂമിയിടപാടാണ് കൊലയ്ക്ക് ക്വട്ടേഷൻ നൽകുന്നതിന് കാരണമായതെന്നാണ് പൊലീസ് നൽകുന്ന സൂചന.

വസ്തു ഇടപാടിനായി അഡ്വാൻസായി നൽകിയ തുക തിരിച്ചുലഭിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി. അഭിഭാഷകനും രാജീവും തമ്മിൽ സംസാരിച്ചതിന്റേയും, അഭിഭാഷകൻ ഭീഷണി മുഴക്കിയതിന്റേയും തെളിവുകൾ പൊലീസ് ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചക്കര ജോണി വഴിയാണ് മൂന്നംഗ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രാഥമിക വിവരം. ചക്കര ജോണി നിലവിൽ ഒളിവിലാണ്. കേരളത്തിലെ രാഷ്ട്രീയക്കാരുടെ ബിനാമിയാണ് ചക്കര ജോണി. ജോസ് തെറ്റയിലിനെതിരെ ഉയർന്ന പീഡന വിവാദത്തിൽ അടക്കം ചക്കര ജോണിയുടെ പേര് ചർച്ചയായിരുന്നു. കൊച്ചിയിലേയും തൃശൂരിലേയും രാഷ്ട്രീയക്കാരുടെ പ്രധാന തോഴൻ. ഇയാളെ അറസ്റ്റ് ചെയ്താൽ മാത്രമേ അഭിഭാഷകനെതിരെയുള്ള തെളിവുകളിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയൂ. ഇത് തിരിച്ചറിഞ്ഞാണ് ചക്കര ജോണി ഒളിവിൽ പോയതും.

ദിലീപും സർക്കാരുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടിയെ ആക്രമിച്ച കേസിൽ പ്രതിഫലിച്ചില്ല. എംഎൽഎ വിൻസന്റിനേയും അറസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ മൊഴികൾ സാധൂകരിക്കുന്ന തെളിവ് കിട്ടിയാൽ അഭിഭാഷകനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിലെ ഉന്നതും മറുനാടനോട് പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കേസ് വിശകലനം ചെയ്യുന്നുണ്ട്. അഭിഭാഷക സംഘടനകൾക്കും കേസിൽ പ്രതിയാക്കാൻ സാധ്യതയുള്ള അഡ്വക്കേറ്റിനോട് അത്ര താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം ഉയരില്ല. സർക്കാരിന്റെ പ്രതിച്ഛായ കൂടുകയും ചെയ്യും. പക്ഷേ ജനപക്ഷത്ത് നിന്ന് പേരെടുത്ത അഡ്വക്കേറ്റ് ആയതുകൊണ്ട് മാത്രം എല്ലാ കരുതലും പൊലീസ് എടുത്ത ശേഷം മാത്രമേ കുറ്റം ചുമത്തൂ.

അഭിഭാഷകനെതിരെ രാജീവിന്റെ കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ ഇയാൾ അഭിഭാഷകനെതിരെ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകിയതായും സൂചനയുണ്ട്. പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത മൂന്ന് വാടക ഗുണ്ടകളെ പൊലീസ് ഇന്ന് രാവിലെ ചോദ്യം ചെയ്ത് തുടങ്ങി. ഇന്നലെ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇവർ. ഇവരിൽ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ചക്കര ജോണിയെ പ്രതിചേർക്കും. ഇയാളാണ് കൊലപാതകത്തിന്റെ സൂത്രധാരൻ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അഭിഭാഷകന്റെ സുഹൃത്തായ ചക്കര ജോണി മുൻ മന്ത്രി കെ ബാബുവുമായും ഏറെ അടുപ്പമുള്ള ബിസിനസ്സുകാരനാണ്. പിടിയിലായ പ്രതികൾ അഭിഭാഷകനെതിരേയും മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റിനേയും പൊലീസ് ചോദ്യം ചെയ്യും. ഇാൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് പൊലീസ് സോഴ്സുകൾ വ്യക്തമാക്കുന്നത്.

പരിയാരം തവളപ്പാറയിൽ എസ്.ഡി കോൺവെന്റിന്റെ കെട്ടിടത്തിൽ നിന്നാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരത്ത് തോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തി വരികയായിരുന്നു ഇയാൾ. പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള പാതയിൽ നിന്ന് ഇയാളുടെ സ്‌കൂട്ടറും കുടയും മൂന്ന് പേരുടെ ചെരുപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു. സ്ഥലത്ത് ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഈ ഭാഗത്ത് വെച്ച് രാജീവിനെ പായ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം എസ്ഡി കോൺവെൻരിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തിൽ മൃതദേഹം ഒളിപ്പിച്ചതായാണ് സംശയിക്കുന്നത്. തുടർന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് വാടക കൊലയാളികളെ പൊലീസ് പിടികൂടിയത്. എസ്‌പി സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും കണ്ടെത്തി. ഈ മൊബൈൽ വിശദ പരിശോധനയ്ക്ക് അയച്ചു. രാജീവിന്റെ റിയല് എസ്റ്റേറ്റ് ബിസിനസിലെ പങ്കാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

കൺവെന്റിന്റെ ഒഴിഞ്ഞ കെട്ടിടത്തിൽ ആളനക്കം കേട്ടതിനെത്തുടർന്ന സമീപവാസി സ്ഥലത്തെത്തിയപ്പോൾ, മദ്യപിച്ച് ലക്കുകെട്ട നിലയിൽ ഒരാളെ കണ്ടെത്തിയിരുന്നു. സമീപവാസിയെ കണ്ടയുടൻ ആയാൾ ആക്രോശിച്ച് പുറത്താക്കി. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു. നേരത്തെ രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്‌പി യതീഷ് ചന്ദ്ര, ഡിവൈഎസ്‌പി ഷാഹൂൽ ഹമീദ്, സിഐ ഷാജു, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്ത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.