- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗതിമന്ദിരത്തിലെ അന്തേവാസികളെല്ലാം യുവതികൾ; മുപ്പത്തിയെട്ടുകാരിയെ തുരുതുരാ കുത്തി പ്രതികാരം തീർത്തു സെക്യൂരിറ്റിക്കാരൻ; സാന്ത്വനം ട്രസ്റ്റിലെ അറുംകൊലയിൽ ഞെട്ടി ഓമല്ലൂർ; തട്ടിപ്പുകൾ തുറന്നു പറഞ്ഞു നാട്ടുകാരും; എംപിയും എംഎൽഎയും പ്രതിക്കൂട്ടിൽ
പത്തനംതിട്ട: നാടിനെ നടുക്കി അഗതിമന്ദിരത്തിൽ രാത്രി കൊലപാതകം. ഓമല്ലൂരിന് സമീപം മാത്തൂരിൽ പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസി കോന്നി വകയാർ സ്വദേശി വൽസലാമ്മ (38)യാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻസെക്യൂരിറ്റി ജീവനക്കാരൻ എരുമേലി സ്വദേശി സജിയാണ് ഇവരെ കുത്തിക്കൊന്നത്. നാട്ടുകാരുടെ എതിർപ്പോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനം സംബന്ധിച്ച് പൊലീസിലും സാമൂഹികക്ഷേമവകുപ്പിലും നിരവധി പരാതികളുണ്ടായിരുന്നു. ആന്റോ ആന്റണി എംപി, ശിവദാസൻ നായർ എംഎൽഎ എന്നിവരുടെ പേര് പറഞ്ഞാണ് സ്ഥാപനം നടത്തിപ്പുകാരി സീനത്ത്, ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വിരട്ടിയിരുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. രാത്രി ഭക്ഷണത്തിന് ശേഷം കിടപ്പുമുറി വൃത്തിയാക്കിക്കൊണ്ടിരുന്ന വൽസലാമ്മയെ അവിടേക്ക് കയറി വന്ന സജി തുരുതുരാ കുത്തുകയായിരുന്നു. കുത്തേറ്റ് വയറു പിളർന്ന വൽസമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഞ്ചുവർഷം മുൻപാണ് വൽസലാമ്മ സാന്ത്വനത്ത
പത്തനംതിട്ട: നാടിനെ നടുക്കി അഗതിമന്ദിരത്തിൽ രാത്രി കൊലപാതകം. ഓമല്ലൂരിന് സമീപം മാത്തൂരിൽ പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസി കോന്നി വകയാർ സ്വദേശി വൽസലാമ്മ (38)യാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻസെക്യൂരിറ്റി ജീവനക്കാരൻ എരുമേലി സ്വദേശി സജിയാണ് ഇവരെ കുത്തിക്കൊന്നത്. നാട്ടുകാരുടെ എതിർപ്പോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനം സംബന്ധിച്ച് പൊലീസിലും സാമൂഹികക്ഷേമവകുപ്പിലും നിരവധി പരാതികളുണ്ടായിരുന്നു. ആന്റോ ആന്റണി എംപി, ശിവദാസൻ നായർ എംഎൽഎ എന്നിവരുടെ പേര് പറഞ്ഞാണ് സ്ഥാപനം നടത്തിപ്പുകാരി സീനത്ത്, ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വിരട്ടിയിരുന്നത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. രാത്രി ഭക്ഷണത്തിന് ശേഷം കിടപ്പുമുറി വൃത്തിയാക്കിക്കൊണ്ടിരുന്ന വൽസലാമ്മയെ അവിടേക്ക് കയറി വന്ന സജി തുരുതുരാ കുത്തുകയായിരുന്നു. കുത്തേറ്റ് വയറു പിളർന്ന വൽസമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അഞ്ചുവർഷം മുൻപാണ് വൽസലാമ്മ സാന്ത്വനത്തിൽ അന്തേവാസിയായി എത്തിയത്. ആറുമാസം മുൻപ് സജി കാവൽജോലിക്കായി ഇവിടെ എത്തി. മൂന്നുമാസം മുൻപ് ഇയാൾ വൽസലാമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ചുണ്ടിന് പരുക്കേറ്റ വൽസലാമ്മ ചികിൽസയിലായിരുന്നു. ഇതിന്റെ പേരിൽ ഇയാളെ ജോലിയിൽനിന്ന് പിരിച്ചു വിട്ടുവെന്ന് ട്രസ്റ്റ് ചെയർപേഴ്‌സൺ എൻ. സീനത്ത് പറയുന്നു.
അക്രമം നടന്ന വിവരം യഥാസമയം പൊലീസിൽ അറിയിക്കാതിരുന്നത് പ്രതിയെ പിടികൂടുന്നതിന് തടസമായി. കുത്തേറ്റ യുവതിയെ ജനറൽ ആശുപത്രിയിൽ കൊണ്ടുചെല്ലുമ്പോൾ അവിടെ ചികിൽസയിലുണ്ടായിരുന്ന പൊലീസുകാരാണ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് നാടിന്റെ നാനാഭാഗത്തേക്കും തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
സ്ഥാപനത്തെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. 55 വയസിന് മുകളിൽ പ്രായമുള്ള വനിതകളെയും ശാരീരികമായും മാനസികമായും പ്രശ്‌നങ്ങളുള്ള ഏതു പ്രായത്തിൽപ്പെട്ട സ്ത്രീകളെയും സംരക്ഷിക്കാനാണ് സ്ഥാപനത്തിന് സാമൂഹികക്ഷേമവകുപ്പിൽ നിന്ന് ലൈസൻസ് നൽകിയിട്ടുള്ളത്. ഇവിടെ താമസിക്കുന്നതിലേറെയും ചെറുപ്പക്കാരികളാണ്. രാത്രികാലങ്ങളിൽ സ്ഥാപനത്തിലേക്ക് കൊല്ലം രജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ നിത്യവും എത്താൻ തുടങ്ങിയത് നാട്ടുകാർ ഒരിക്കൽ തടഞ്ഞിരുന്നു. അതോടെ രാത്രി സഞ്ചാരം മുടങ്ങി. യുവതികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നതെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ എത്തിയ സാമൂഹികക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥരോടും പൊലീസിനോടും എംഎൽഎയുടെയും എംപിയുടെയും ശിപാർശ പ്രകാരമാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്. എന്നാൽ, ശിപാർശക്കത്ത് കാണിക്കാൻ ഒട്ടു തയാറായതുമില്ല.
വർഷങ്ങൾക്ക് മുൻപ് മൈലപ്രയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് സീനത്ത്, രമണ എന്നീ സ്ത്രീകൾ ചേർന്നാണ് സാന്ത്വനം തുടങ്ങിയത്. ആദ്യകാലത്ത് യാതൊരു ലൈസൻസുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഇവിടെ പാർപ്പിച്ചു പോന്നിരുന്നു. ഇതിനെതിരേ മാദ്ധ്യമങ്ങൾ രംഗത്തു വന്നപ്പോൾ രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം തുടങ്ങി. പത്തനംതിട്ട സി.ഐയായിരുന്ന പി.ഡി. രാധാകൃഷ്ണപിള്ള അന്വേഷിക്കാൻ പോയ ശേഷം സാന്ത്വനത്തെ വാഴ്‌ത്തി റിപ്പോർട്ട് എഴുതി. അതിന്റെ പിറ്റേന്ന് എട്ടുവയസുള്ള ഒരു പെൺകുട്ടി ഇവിടുത്തെ പീഡനം സഹിക്കാതെ നിലവിളിച്ചു കൊണ്ട് നാട്ടിലൂടെ ഓടിയതോടെ മൈലപ്രയിലെ സാന്ത്വനത്തിന് പൂട്ടുവീണു.
പിന്നീട് മാത്തൂർ സ്വദേശിനിയായ ജെസി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതാണ് സാന്ത്വനം രണ്ടാം എഡീഷൻ പ്രത്യക്ഷപ്പെട്ടത്. ട്രെയിൻ അപകടത്തിൽ ഇരുകാലും നഷ്ടപ്പെട്ട ജസിയെക്കൂടി സംരക്ഷിക്കാമെന്ന ഉറപ്പിലാണ് അവരുടെ പിതാവ് സീനത്തിന് കെട്ടിടം വയ്ക്കാൻ സ്ഥലം വിട്ടു കൊടുത്തത്. ഇതിന്റെ ഉദ്ഘാടനം, വാർഷികം എന്നിവയ്‌ക്കെല്ലാം എംഎൽഎ, എംപി, സീരിയൽ താരങ്ങൾ എന്നിവരെ അണിനിരത്തി. അതിന് ശേഷം ഈ ചിത്രങ്ങൾ വച്ച് പോസ്റ്ററും രസീതും നോട്ടീസും തയാറാക്കിയാണ് പണപ്പിരിവു നടത്തിയിരുന്നത്. എതിർക്കുന്നവരെ എംഎൽഎയുടെയും എംപിയുടെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുവതികൾ ധാരാളമുള്ള സ്ഥാപനത്തിൽ കാവലിന് യുവാക്കളെയാണ് നിയോഗിച്ചിരുന്നത്. ഇവരിൽ പലരും നാട്ടുകാരുമായി വാക്കേറ്റത്തിനും വഴക്കിനും ചെന്നിരുന്നു. ജീവിതകാലം മുഴുവൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് സ്വത്ത് കൈപ്പറ്റിയെങ്കിലും ജസിയെ അവഗണിച്ചപ്പോൾ പിതാവ് ഇവിടെ നടക്കുന്ന അനാശാസ്യപ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കലക്ടർക്കും സാമൂഹിക ക്ഷേമ ഓഫീസിനും പരാതി നൽകിയിരുന്നു. സംഗതി കുഴപ്പമാകുമെന്ന് കണ്ട് സീനത്ത് ഇയാളെ അനുനയിപ്പിച്ച് പരാതി പിൻവലിപ്പിച്ചു. വ്യാപകമായ പണപ്പിരിവാണ് നാട്ടുകാർക്കിടയിൽ നടത്തിക്കൊണ്ടിരുന്നത്.
ഇതിനായി കമ്മിഷൻ അടിസ്ഥാനത്തിൽ ആളെയും നിയോഗിച്ചിരുന്നു. ഇന്നലെ നടന്ന കൊലപാതകം കൂടിയായതോടെ സ്ഥാപനം അടച്ചു പൂട്ടാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസും സാമൂഹികക്ഷേമവകുപ്പും.