തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കോളിയൂരിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. പൂങ്കുളം കോളിയൂർ ചാനൽക്കാര ചരുവിള പുത്തൻവീട്ടിൽ ദാസൻ (45)എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.45ഓടെയാണ് സംഭവം. സിപിഐ(എം) പ്രവർത്തകനാണ് കൊല്ലപ്പെട്ട ദാസൻ. ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്‌നത്തെ തുടർന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പൊലീസ് ഇത് തള്ളി. മോഷണശ്രമത്തിനിടെയാണോ ആക്രമണം നടന്നതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അക്രമികളെക്കുറിച്ച് വിവരമില്ല. വീട്ടിൽ അജ്ഞാത സംഘം കയറി ആക്രമിക്കുകയായിരുന്നെന്നാണ് ഷീജയുടെ മൊഴി. എന്നാൽ എങ്ങനെയാണ് ആക്രമണം നടന്നതെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദക്ഷിണ മേഖലാ ഡി.ജി.പി ബി.സന്ധ്യ സ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.