തലശ്ശേരി: തലശ്ശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

ഗൂഢാലോചനാ കുറ്റത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. ബിജെപി കൗൺസിലർ ലിജേഷ്, അമൽ, സുനേഷ്, വിമിൻ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽ അഞ്ച് പേരുണ്ടെന്നും ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണു സൂചന.

സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നാല് അർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇരുപതിൽ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.

ഇന്നലെ പുലർച്ചെയാണ് സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്‌ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.

പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കൊലപാതകം നടന്നതു മുതൽ സി പി എം ആരോപിക്കുന്നത്.എന്നാൽ ആരോപണം തള്ളി ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു.

ബൈക്കിൽ എത്തിയ അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.