പത്തനംതിട്ട: ഒരാളെ എറിഞ്ഞു കൊല്ലുക, അത് എന്തിന്റെ പേരിലായാലും പ്രാകൃതമായ ശിക്ഷാ നടപടിയാണ്. മൃഗീയവും ഭീകരവുമായ ശിക്ഷാ നടപടി. അത്തരത്തിലൊന്നാണ് ഇന്നലെ റാന്നിയിൽ നടന്നത്. വെറും മൂന്നടി മണ്ണിന്റെ അവകാശം സ്ഥാപിക്കാൻ വേണ്ടി അറുപത്തഞ്ചുകാരൻ എറിഞ്ഞു കൊന്നത് നിരപരാധിയായ യുവാവിനെ. റാന്നിഅങ്ങാടി ചെട്ടിമുക്ക് ഇടപ്പറമ്പിൽ റോജി ഇ. തോമസാ (33) ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ കാവുങ്കൽ തോമസ് തോമസിനെ(65) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

അങ്ങാടി ചെട്ടിമുക്ക് ഗുരുമന്ദിരത്തിനു സമീപമാണ് ഇരു കുടുംബങ്ങളും താമസിക്കുന്നത്. ഏറെനാളായി നിലനിന്ന അതിരു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താലൂക്ക് സർവേയർ ഉൾപ്പെടുന്ന റവന്യൂ സംഘത്തിന്റെ സാന്നിധ്യത്തിൽ ഇന്നലെ തർക്ക ഭൂമിക്ക് അതിരിട്ടിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ റോജിയും തോമസുമായി വാക്കേറ്റം ഉണ്ടായി. തർക്കം മുറുകുന്നതിനടയിൽ തോമസ് കല്ല് ഉപയോഗിച്ച് റോജിയുടെ തലയുടെ പിൻ ഭാഗത്ത് ശക്തമായി എറിയുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്ക് ഗുരുതരമായിപരുക്കേറ്റ റോജി തോമസിനെ മർത്തോമ്മാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ തോമസിന്റേയും സാറാമ്മയുടേയും മകനാണ് അവിവാഹിതനായ റോജി. സഹോദരങ്ങൾ: ജിജി, അജി, ബിജി(ദുബായ്), ഷിജി. പത്തു ദിവസം മുമ്പാണ് റോജി തോമസ് വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയത്. സംഭവത്തിനു ശേഷം പ്രതിയും കുടുംബാംഗങ്ങളും വീടു പൂട്ടി പോയതായി പൊലീസ് പറഞ്ഞു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയ തോമസ് തോമസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോജിയുടെ മൃതദേഹം റാന്നി മർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.

അതിരു തർക്കത്തിനിടെ യുവാവ് അയൽവാസിയുടെ കല്ലേറിൽ കൊല്ലപ്പെട്ട സംഭവം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. മരിച്ച റോജിയുടെപിറന്നാൾ കഴിഞ്ഞ ഒന്നിനായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന റോജി പത്തു ദിവസം മുമ്പാണ് പിറന്നാൾ ആഘോഷത്തിനും സഹോദരന്റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കു കൊള്ളാനുമായി നാട്ടിലെത്തിയത്. ഇരട്ട സഹോദരൻ ബിജി ഇ.തോമസ് ദുബായിലാണുള്ളത്.

ഏതാനും ദിവസമായി റോജിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലേക്ക് സുഹൃത്തുക്കളുടേതായി ജന്മദിന ആശംസാ സന്ദേശങ്ങൾ ഒഴുകുകയായിരുന്നു. വെള്ളിയാഴ്ച റോജി അവർക്കെല്ലാം നന്ദി അറിയിച്ച് പോസ്റ്റ് ഇടുകയും ചെയ്തു. പിറന്നാൾ ആഘോഷത്തിനു പിന്നാലെ സഹോദരന്റെ മകളുടെ മാമോദീസ ചടങ്ങിന്റെ ആഘോഷത്തിലായിരുന്നു ഇന്നലെ ഇടപ്പറമ്പിൽ കുടുംബം. സമീപത്തെ ഓർത്തഡോക്‌സ് പള്ളിയിൽ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കളോടൊപ്പം വീട്ടിൽ മടങ്ങി എത്തിയതിനു പിന്നാലെയായിരുന്നു റോജിയെ എറിഞ്ഞു കൊന്നത്.

റോജിയുടെ മരണത്തിന് കാരണമായ വസ്തു അതിര് തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി. തർക്ക ഭൂമി അളന്ന് അതിരിടുന്നതിന് ഇന്നലെ താലൂക്ക് സർവേയർ ഉൾപ്പെടുന്ന സംഘം എത്തിയിരുന്നതായി റോജിയുടെ വീട്ടുകാർ പറഞ്ഞു. ഇന്നലെ കുഞ്ഞിന്റെ മാമോദിസ ചടങ്ങ് ഉള്ളതിനാൽ തങ്ങൾക്ക് അസൗകര്യം ഉണ്ടെന്നും മറ്റൊരു പ്രവർത്തി ദിനത്തിൽ പൊലീസിന്റെ കൂടി സാന്നിധ്യത്തിൽ ഭൂമി അളന്ന് അതിരിട്ടാൽ മതിയെന്നും എതിർകക്ഷിയെ അറിയിച്ചിരുന്നതായി ഇവർ പറയുന്നു. ഇതോടെ റോജിയുടെ വീട്ടുകാരുടെ അസാന്നിധ്യത്തിൽ റവന്യു സംഘം ഭൂമി അളന്ന് അതിരിടുകയായിരുന്നുവെന്നും പള്ളിയിലെ ചടങ്ങുകൾക്കു ശേഷം റോജി മടങ്ങിയെത്തിയപ്പോൾ ഇതു സംബന്ധിച്ച് വാക്കു തർക്കം ഉണ്ടാകുകയും അതുകൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.