മുംബൈ: മഹാരാഷ്ട്രയിലെ ധുലെയിൽ യുവാവിനെ പട്ടാപ്പകൽ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തി.രണ്ടു ദിവസം മുമ്പ് നടന്ന കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വിട്ടത്.11 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.

ധൂലെ പ്രദേശത്തെ ഒരു കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റഫീഖുദ്ദീൻ എന്ന യുവാവിനെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. റഫീഖുദ്ദീന്റെ ശരീരത്തിൽ 27ഓളം മുറിവുകളുണ്ടായിരുന്നുവെന്ന് കേസ് പരിശോധിച്ച പൊലീസ് സംഘം പറഞ്ഞു.ആക്രമണത്തിനു പിന്നാലെ സംഘം ബൈക്കിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നിരവധി തവണ റഫീഖുദ്ദീന്റെ ശരീരത്തിൽ വെട്ടുന്നതും റോഡിലേക്ക് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ പ്രതികളെ ആരേയും ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കൊല്ലപ്പെട്ട റഫീഖുദ്ദീൻ പ്രാദേശിക ഗൂണ്ടാ നേതാവാണെന്നും മുപ്പതിലധികം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു. പ്രദേശത്തെ ഇയാളുമായി ശത്രുതയുള്ള ഗൂണ്ടാ സംഘമാവാം കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സാധ്യത പുറത്തുവിടുന്നുണ്ട്. സംഭവത്തിൽ പൊലീസ് ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.