തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഭർത്താവിനോടുള്ള സംശയമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം.കരിങ്കല്ലും ടൈലും കൊണ്ട് തലക്കടിച്ചായിരുന്നു ക്രൂരമായ കൊല.തല ചിതറുന്ന തരത്തിൽ ഗുരുതരമായ പരുക്കേറ്റ ഷിജു തൽക്ഷണം മരിച്ചു. പ്രവാസിയായ ഷിജു നാട്ടിലെത്തി പത്താം ദിവസമായിരുന്നു അരുംകൊല.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; പ്രവാസിയായിരുന്ന ഷൈജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്.നാട്ടിൽ വന്ന ശേഷം ഭർത്താവിന് അമിതമായ ഫോൺ ഉപയോഗം ഉള്ളതായി ഭാര്യ കണ്ടെത്തി.ദീർഘനേരം ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നുവത്രെ.
ഫോൺ ചോദിച്ചെങ്കിലും നൽകാൻ ഷിജു തയ്യാറായില്ല.ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

ഇന്നലെ ശിവരാത്രി ദിനത്തിൽ സൗമ്യയും ഷിജുവും കൂട്ടികളെയും കൂട്ടി വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയിരുന്നു. ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഷിജു ദീർഘനേരം ഫോണിൽ സംസാരിച്ചു.ഫോൺ കാണിക്കാൻ സൗമ്യ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനെ ചൊല്ലി തർക്കമുണ്ടായതിനിടെയാണ് പിന്നിൽ നിന്നെത്തി തലക്ക് അടിച്ചത്.തലതകർന്നു പോയ അടിയിൽ അപ്പൊ തന്നെ ഷിജു മരണപ്പെടുകയും ചെയ്തു.

ഭർത്താവിനെ കൊന്ന വിവരം സൗമ്യ തന്നെ ക്ഷേത്രത്തിൽ തിരിച്ചെത്തി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.37 കാരനായ ഷിജുവിന് മറ്റ് ബന്ധങ്ങളുള്ളതായി സൗമ്യ സംശയിച്ചിരുന്നു.തിരുവനന്തപുരം റൂറൽ എസ്‌പി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു