തിരുവനന്തപുരം: മുഖ്യന്ത്രിയുടെ ഔദ്യോഗിക വസതിയായ നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിട്ടയർ ഡോക്‌റും കുടുംബവുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. റിട്ട.ഡോക്ടർ ജീൻ പത്മ അടക്കമുള്ളവരാണ് മരിച്ചതെന്നാണ് സൂചന. അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.

റിട്ട. ഡോക്ടറുടെ മകനെ കാണാതായിട്ടുണ്ട്. വീട്ടിൽ റിട്ട. ഡോക്ടർ അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഡോക്ടറുടെ കാണാതായ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്ന് ദിവസമായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു. വീട്ടിലുള്ളവർ കന്യാകുമാരിയിൽ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകൻ പറഞ്ഞതെന്നും സഹോദരൻ പറഞ്ഞു. ഡോക്ടറുടെ മകന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടത്തിയശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാൻ ശ്രമിച്ചതാണെന്ന സംശയം ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചാക്കിൽകെട്ടിയ നിലയിലുള്ള മൃതദേഹത്തിന്റെ പരിശോധന പൊലീസ് നടത്തിയിട്ടില്ല. ഫോറൻസിക് വിദഗ്ധരുടെ കൂടി സാന്നിധ്യത്തിൽ ഞായറാഴ്ച മാത്രമേ പരിശോധന പൊലീസ് നടത്തുകയുള്ളു. അതിന് ശേഷം മാത്രമേ മരിച്ചവർ ആരാണെന്ന് സ്ഥിരീകരിക്കൂ. റിട്ടയർ ഡോക്ടർ ജീൻ പത്മ അടക്കം അഞ്ച് പേരാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊല നടത്തിയ ശേഷം കേദർ ജിൻസൺ ഒളിവിൽ പോയി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ പുലർച്ചെ രണ്ടു മണിക്ക് തമ്പാനൂരിൽ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇയാൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കി. എന്ത് സംഭവമാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്ന് സൂചനയില്ല. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന കുടുംബമാണ് എന്നാണ് സമീപവാസികൾ നൽകുന്ന വിവരം.