തൃശൂർ: ക്രൂരമായ ചെയ്തികളിലൂടെ സെക്യൂരിറ്റി ജീവനക്കാരനായ ഒരു പാവം മനുഷ്യന്റെ ജീവനെടുത്ത കൊലയാളി മുഹമ്മദ് നിസാമിനു ശേഷിക്കുന്ന ജീവിതം മുഴുവൻ അഴിക്കുള്ളിൽ കഴിയേണ്ടിവരും.

കൊലയാളി നിസാമിന് ഇപ്പോൾ 40 വയസാണുള്ളത്. 24 വർഷം അധിക തടവു ലഭിക്കുമ്പോൾ 64 വയസ്. ജീവപര്യന്തം കൂടിയാകുമ്പോൾ ഏകദേശം 80 വയസാകുംവരെ നിസാമിനു ജയിലിൽ തന്നെ കഴിയേണ്ടിവരുമെന്നു സ്്‌പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉദയഭാനുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ജീവപര്യന്തത്തിനു പുറമെ 24 വർഷം കൂടി ശിക്ഷ വിധിച്ചതോടെ നിസാം 39 വർഷം ജയിലിൽ കിടക്കേണ്ടിവരുമെന്നാണു പബ്ലിക്ക് പ്രോസിക്യൂട്ടർ പറഞ്ഞത്.

കോടതിയുടെ ശിക്ഷാവിധി ഇങ്ങനെ: (വകുപ്പും ശിക്ഷയും ക്രമത്തിൽ)

  • 302. കൊലക്കുറ്റം ജീവപര്യന്തം
  • 326. ഗുരുതരമായി പരിക്കേൽപ്പിക്കൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • 323. കൈകൊണ്ട് അടിക്കൽ ഒരു വർഷം തടവ്
  • 324. മാരകമായ ആയുധം ഉപയോഗിക്കൽ 3 വർഷം തടവ്
  • 427. മുതലുകൾ നശിപ്പിക്കൽ 2 വർഷം തടവും 20,000 രൂപ പിഴയും
  • 449 അതിക്രമിച്ചുകയറി അക്രമണം അഞ്ച് വർഷം തടവും 5,000 രൂപ പിഴയും
  • 506(1) വധഭീഷണി നാല് വർഷം തടവ്

302-ാം വകുപ്പു പ്രകാരം കൊലക്കുറ്റത്തിനാണു ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേൽപ്പിച്ചതിന് 326-ാം വകുപ്പു പ്രകാരം പത്തുവർഷം തടവും ഒരുലക്ഷം പിഴയും ഒടുക്കണം. മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് മൂന്നു വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്.

കൈകൊണ്ട് അടിക്കൽ ഒരു വർഷം തടവ്, മുതലുകൾ നശിപ്പിക്കൽ 2 വർഷം തടവും 20,000 രൂപ പിഴയും, അതിക്രമിച്ചുകയറി ആക്രമണം 5 വർഷം തടവും 5000 രൂപ പിഴയും, വധഭീഷണി 4 വർഷം എന്നിങ്ങനെയാണ് ശിക്ഷയുടെ കാലാവധി. ശിക്ഷകൾ പ്രത്യേകം അനുഭവിക്കണം.

തടവുശിക്ഷയ്ക്കു പുറമെയുള്ള 80,30,000 രൂപ പിഴയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നൽകാനാണു കോടതി ഉത്തരവ്. ജീവിതകാലം മുഴുവൻ നിസാം പുറത്തിറങ്ങരുത് എന്ന ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ വാക്കുകൾ സത്യമാകും വിധത്തിലാണു ശിക്ഷാനടപടികൾ എന്നുതന്നെ വിലയിരുത്തേണ്ടിവരും.

നിസാമിന്റെ ഭാര്യ അമലിനെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കള്ളസാക്ഷി പറഞ്ഞതിനാണ് അമലിനെതിരെ കേസ്. കേസിൽ നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. അഞ്ച് കോടി രൂപ പിഴയായി ഈടാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു നിരാകരിച്ച കോടതി 80 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു.