ലണ്ടൻ: പറക്കും തളികയെ കണ്ടെന്നവകാശപ്പെട്ട് ഇംഗ്ലീഷ് സംഗീതജ്ഞൻ മാർക് എമ്മിൻസ് ഫോട്ടോ സഹിതം നല്കിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവണിലുള്ള എക്‌സ്മൗത്തിൽ ബുധനാഴ്ച രാത്രിയാണ് ഇദ്ദേഹം പറക്കും തളികയെന്ന് അവകാശപ്പെടുന്ന വസ്തുവിനെ ആകാശത്തു കണ്ടത്. രാത്രി ഒന്നിന് ദീർഘവൃത്താകൃതിയിൽ വലിയ പ്രകാശത്തോടെ പ്രത്യക്ഷപ്പെട്ട വസ്തു ആകാശത്ത് മൂന്നു മണിക്കൂറോളം ഉണ്ടായിരുന്നുവെന്നും എമ്മിൻസ് അവകാശപ്പെടുന്നു.

വാൽനക്ഷത്രത്തിന്റേതു പോലെ വലിയ പ്രകാശം അവശേഷിപ്പിച്ച് നീങ്ങുന്ന വസ്തുവിന്റെ ചിത്രമാണ് എമ്മിൻസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമ്മിൻസിന്റെ സുഹൃത്തും അയൽക്കാരനുമായ ടൈറൺ ഓസ്‌ബോൺ ആണ് ചിത്രം പകർത്തിയത്. ഇത് അന്യഗ്രഹ ജീവികളുടെ വാഹനം തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുവരും.

ഏതാനും മണിക്കൂറുകൾ ആകാശത്ത് അനങ്ങാതെ നിന്ന പറക്കും തളിക്ക പിന്നെ നീങ്ങി അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് എമ്മിൻസ് വിശദീകരിക്കുന്നു. ആദ്യം വെള്ളപ്രകാശത്തിൽ ജ്വലിച്ച പറക്കും തളിക അപ്രത്യക്ഷമാകും മുമ്പ് ഇരുണ്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഏതായാലും എമ്മിൻസ് പോസ്റ്റ് ചെയ്ത പറക്കും തളികയുടെ ഫോട്ടോ വൻ ചർച്ചയ്ക്കാണു വഴിവച്ചിരിക്കുന്നത്. അന്യഗ്രഹജീവകളും പറക്കുംതളികകളും ഉണ്ടെന്നു വിശ്വസിക്കുന്നവർ എമ്മിൻസിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാൽ ഇത് തട്ടിപ്പോ മറ്റെന്തെങ്കിലുമോ ആകാമെന്ന നിഗമനത്തിലാണ് മറുവിഭാഗം. ഡെവൻപോർട്ടിലെ ബ്രിട്ടീഷ് നാവിക ആസ്ഥാനത്തുനിന്ന് വിക്ഷേപിക്കപ്പെട്ടതോ പരീക്ഷിക്കപ്പെട്ടതോ ആയ ആയുധമോ മറ്റു വസ്തുക്കളോ ആകാം പറക്കുംതളികയെന്ന് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.