- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാൾ വീഴുക അഷ്റഫലിയുടെയും മിസ്ബഹിന്റെയും കഴുത്തിൽ! വിമത ശബ്ദങ്ങളെ ഏതുവിധേനയും അടിച്ചമർത്താൻ അരയും തലയും മുറുക്കിയിരിക്കുന്ന മുസ്ലിം ലീഗ്; നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഹംസയ്ക്കുണ്ടായ വിധി; കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നവർക്ക് പിന്നിൽ ഇ ടിയും വഹാബും മുനീറുമോ?
കോഴിക്കോട്: കലാപക്കൊടിയുമായി കൂടുതൽ നേതാക്കൾ രംഗത്തു വരുമെന്നു ഉറപ്പായ സാഹചര്യത്തിൽ മുസ് ലിം ലീഗിലെ വെട്ടിനിരത്തലിന്റെ വാൾ ഇനി വീഴുക അഷ്റഫലിയുടെയും മിസ്ബഹിന്റെയും കഴുത്തിൽ. വിമത ശബ്ദങ്ങളെ ഏതുവിധേനയും അടിച്ചമർത്താൻ അരയും തലയും മുറുക്കിയിരിക്കുന്ന മുസ് ലിം ലീഗ് നേതൃതത്തിന്റെ ഒടുവിലത്തെ നീക്കമായിരുന്നു സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കിക്കൊണ്ടുള്ള തീരുമാനം. ഇതേ വിധിയാവും ടി.പി അഷ്റഫലിയെയും മിസ്ബഹ് കീഴരിയൂരിനെയും ലത്തീഫ് തുറയൂരിനെയുമെല്ലാം കാത്തിരിക്കുന്നത്.
കാലങ്ങളായി പാർട്ടിയിൽ ജനാധിപത്യം പുലരുന്നില്ലെന്നും പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും തീരുമാനിക്കുന്നത് എന്തായാലും നേതാക്കളും കീഴ്ഘടകങ്ങളും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന സ്ഥിതിയിലുള്ള മുറുമുറുപ്പാണ് കുഞ്ഞാലിക്കുട്ടിക്കും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കുമെതിരേ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ നേതാക്കളെ പ്രേരിപ്പിക്കുന്നത്. വിമത നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന നേതാക്കൾക്ക് മുതിർന്ന നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറിന്റെയും പി.വി അബ്ദുൽ വഹാബിന്റെയും എം.കെ മുനീറിന്റെയുമെല്ലാം പിന്തുണയുണ്ടെന്നാണ് അറിയുന്നത്. നേതൃത്വത്തോടുള്ള ഇവരുടെ വിയോജിപ്പുകൾ കൂടിയാണ് ഹംസയിലൂടെയും ടി.പി അഷ്റഫലിയിലൂടെയും പുറത്തുവരുന്നതെന്നാണ് ഇവരെ അനുകൂലിക്കുന്നവർ പറയുന്നത്.
അഷ്റഫലിയെയും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ബഹ് കീഴരിയൂരിനെയുമെല്ലാം ഏതുവിധേനയും ഒതുക്കുകയെന്ന നയമാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിന്റെ മുഖ്യ അജണ്ട. യൂത്ത് ലീഗ് ട്രഷററായിരുന്ന അഷ്റഫലിയെ സ്ഥാനത്ത് നിലനിർത്താൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ഏഴിൽ അധികം ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടും അദ്ദേഹത്തെ ഒരർഥത്തിലും കമ്മിറ്റിയിൽ ഉൾപ്പെടുത്താനാവില്ലെന്ന കർശനമായ നിലപാടായിരുന്നു സംസ്ഥാന പ്രസിഡന്റായ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സഹഭാരവാഹിയായിപോലും ഉൾപ്പെടുത്താൻ സംസ്ഥാന പ്രസിഡന്റ് തയ്യാറാവാതിരുന്നത് കുഞ്ഞാലിക്കുട്ടിയുടെ തിട്ടൂരത്തെ തുടർന്നാണെന്നും നിലവിൽ ഈ രണ്ടുപേർ തീരുമാനിക്കുന്നത് പാർട്ടി നേതാക്കളും അണികളും അനുസരിക്കേണ്ട ഗതികേടിലാണെന്നും അഷ്റഫലിയെ പിന്തുണക്കുന്നവർ കുറ്റപ്പെടുത്തുന്നു.
പിണറായിയുടെ ഇഷ്ടക്കാരാകാനുള്ള ശ്രമം ഇനിയെങ്കിലും നേതൃത്വം അവസാനിപ്പിക്കണമെന്നും സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്കും കുപ്പായം ഇസ്തിരിയിടുന്ന ചില യു.ഡി.എഫ് നേതാക്കന്മാർ ജനങ്ങളുടെ സുരക്ഷ ഓർക്കണമെന്നുമുള്ള കഴിഞ്ഞ വർഷം മെയ് മാസത്തിലെ ടി.പി അഷ്റഫലിയുടെ ഫേസ്‌ബുക്ക് കുറിപ്പായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കത്തിന് മുതിർന്ന ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചതിനൊപ്പമായിരുന്നു യു.ഡി.എഫ് നേതൃത്വത്തെയും അന്ന് അഷ്റഫലി കടന്നാക്രമിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗിനുള്ളിൽ പൊതു ആവശ്യമുയർന്നിട്ടുണ്ടെങ്കിലും മുസ്ലിം ലീഗ് നേതൃത്വം അന്ന് കൃത്യമായ നിലപാടെടുത്തിരുന്നില്ല. പിണറായി മുഖ്യമന്ത്രിയായിരിക്കെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായി ബഹിഷ്‌കരിക്കേണ്ടെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ നിലപാടെടുത്തത്. പിണറായിയോട് പി കെ കുഞ്ഞാലിക്കുട്ടി മൃദുസമീപനം സ്വീകരിക്കുന്നുവെന്നത് നേരത്തെ തന്നെ മുസ്ലിം ലീഗിൽ ചർച്ചയായ കാര്യമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരേ ഇതുവരെ ആരും പരസ്യമായി പറയാത്ത വിമർശനമാണ് ടി പി അഷ്‌റഫലി പരോക്ഷമായി ഉന്നയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പരാജയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ പ്രവർത്തകർ പരസ്യവിമർശനവുമായി രംഗത്തുവന്നിരുന്നു. നേതൃമാറ്റം വേണമെന്നും പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണമെന്നും നേതാക്കളിൽ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ടി പി അഷ്റഫലിയുടെ ഫേസ്‌ബുക്ക് പരാമർശം ശ്രദ്ധേയമാകുന്നത്.
'കേരളത്തിൽ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് 500 പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകൾ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. ഇതിനു യുഡിഎഫ് നേതാക്കൾ പങ്കെടുത്ത് കൂട്ടുനിൽക്കരുത്, ചടങ്ങ് ബഹിഷ്‌കരിക്കണം.
500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത്പോലും ഒഴിവാക്കണമെന്ന് വാർത്താസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോൾ... -ഇതായിരുന്നു അന്ന് അഷ്റഫലിയിട്ട ഫേസ്‌ബുക്ക് പോസ്റ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ അച്ചടക്കരാഹിത്യത്തിലേക്കു വീണിരിക്കുന്ന മുസ് ലിം ലീഗ് രാഷ്ട്രീയത്തിൽ നേതൃത്വത്തിന്റെ അപ്രമാദിത്യത്തിനെതിരേ പ്രതികരിക്കുന്നവർക്കെതിരേ അടിക്കടി നടപടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ നേതൃത്വത്തിനെ ചോദ്യംചെയ്യുന്ന അഷ്റഫലിക്കും ഇപ്പോഴത്തെ നിലപാട് തുരുത്താൻ തയാറാവുന്നില്ലെങ്കിൽ അധികം വൈകാതെ നടപടി നേരിടേണ്ടിവരുമെന്നാണ് അറിയുന്നത്. ഇത്തരത്തിലുള്ള ഔദ്യോഗികമല്ലാത്ത താക്കീതുകൾ ഇവർക്കെല്ലാം ലഭിച്ചു തുടങ്ങിയതായും വിവരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ