മുസ്ലീം വിരോധത്തെ തന്റെ അടിസ്ഥാന നയമാക്കി ഉയർത്തിക്കാട്ടി കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കി പ്രചാരണം നടത്തിയാണ് ഡൊണാൾഡ് ട്രംപ് പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ നയത്തിൽ നിന്നും തരിമ്പും പുറകോട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോൾ പ്രവൃത്തിയിലൂടെ തെളിയിക്കാനൊരുങ്ങുന്നത്. മുസ്ലീങ്ങളെ നിയന്ത്രിക്കാൻ ട്രംപ് ടീ പദ്ധതികൾ തയ്യാറാക്കി തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ടീം അമേരിക്കയിലെ മുസ്ലീങ്ങളുടെ രജിസ്ട്രി ഉണ്ടാക്കാനുള്ള പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതോടെ ലോകം തികഞ്ഞ ആശങ്കയിലായിരിക്കുകയാണ്. മുസ്ലിം രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് കുടിയേറിയവരുടെ പട്ടികയാണ് കോൺഗ്രസിന്റെ അംഗീകാരം തേടാതെ ട്രംപിന്റെ ടീം തയ്യാറാക്കാനാരംഭിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ട്രാൻസിഷൻ ടീമിലെ ഒരു അംഗം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട ഇമിഗ്രേഷൻ ടീം എക്സിക്യൂട്ടീവ് ഓർഡറുകൾ ഡ്രാഫ്റ്റ് ചെയ്ത് വരുകയാണെന്നാണ് കൻസാസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ട്രംപിന്റെ ഉപദേശകരിലൊരാളുമായ ക്രിസ് കോബാച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. മെക്സിക്കോയുടെ അതിർത്തിയിൽ വൻ മതില് പണിയുന്നതിനുള്ള ഉത്തരവും തയ്യാറായി വരുന്ന എക്സിക്യൂട്ടീവ് ഓർഡറുകളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. മുസ്ലീങ്ങൾ അമേരിക്കയിലേക്ക് കടക്കുന്നത് പൂർണമായും നിരോധിക്കണമെന്നായിരുന്നു തുടക്കത്തിൽ ട്രംപ് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് നിലപാടിൽ അയവ് വരുത്തുകയും തീവ്രവാദഗ്രൂപ്പുകൾ സജീവമായ രാജ്യങ്ങളിൽ നിന്നും വരുന്നവരെ തടയണമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്.

ഇതിന്റെ ഭാഗമായി നാഷണൽ സെക്യൂരിറ്റി എൻട്രി എക്സിറ്റ് രജിസ്ട്രേഷൻ സിസ്റ്റം (ചടഋഋഞട)പുനഃസ്ഥാപിക്കണമെന്ന നിർദ്ദേശം ട്രംപ് ടീം മുന്നോട്ട് വച്ച് കഴിഞ്ഞുവെന്ന് കോബാച്ച് റോയിട്ടറിന് നൽകിയ ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്ക് ശേഷം ആരംഭിച്ച ഒരു കനത്ത സുരക്ഷാ നയമായിരുന്നു ഇത്. ഈ പ്രോഗ്രാം അനുസരിച്ച് കടുത്ത തീവ്രവാദഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് വരുന്നവരെ കുറിച്ച് സൂക്ഷ്മമായി അന്വേഷിക്കുകയും ഫിംഗർപ്രിന്റടക്കമുള്ളവ ശേഖരിച്ചതിന് ശേഷം മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതിന് പുറമെ 16 വയസിന് മുകളിലുള്ള ചില യുഎസ് പുരുഷന്മാരെ സർക്കാർ ഓഫീസുകളിൽ വച്ച് കാലാകാലങ്ങളിൽ പരിശോധിക്കുകയും ചെയ്യുന്നതാണ്.

എൻഎസ്ഇഇആർഎസ് 2011ൽ നിരോധിക്കുകയായിരുന്നു.അത് അനാവശ്യമാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡിന് തോന്നിയതിനെ തുടർന്നും സിവിൽ റൈറ്റ്സ്ഗ്രൂപ്പുകളുടെ കടുത്ത എതിർപ്പുമായിരുന്നു ഇതിന് കാരണം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെ മനഃപൂർവം ദ്രോഹിക്കാൻ ഇതിനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണവും ശക്തമായതിനെ തുടർന്നാണീ പരിശോധന പിൻവലിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള മില്യൺ കണക്കിന് കുടിയേറ്റക്കാരെ ഉടൻ നാട് കടത്തുമെന്ന കാര്യം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തിയിൽ പണിയുന്ന മതിലിന്റെ ചെലവ് വഹിക്കണമെന്ന ട്രംപിന്റെ ആവശ്യം മെക്സിക്കോ തുടർച്ചയായി തള്ളിക്കളയുന്നുണ്ട്. യുഎസിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർക്ക് 24 മണിക്കുറും കോൺസുലാർ സർവീസ് മെക്സിക്കോ വാഗ്ദാനം ചെയ്തിട്ടുണ്ട്.