2015ലെ കണക്കനുസരിച്ച് 2.3 ബില്യൺ വിശ്വാസികളുടെ കരുത്തുമായി ക്രിസ്തുമതമാണ് ലോകത്തിലെ ഏറ്റവും വലിയ മതം. രണ്ടാം സ്ഥാനത്തുള്ള മുസ്ലീങ്ങൾ 1.8 ബില്യൺ മാത്രമാണ്. എന്നാൽ ക്രിസ്തുമതത്തിന്റെ ഒന്നാം സ്ഥാനം അടുത്ത 20 വർഷങ്ങൾ കൂടി മാത്രമേ നിലനിൽക്കുകയുള്ളുവെന്നും അതിനിടെ മുസ്ലീങ്ങളുടെ എണ്ണം ക്രിസ്ത്യാനികളെ മറികടന്ന് ഇസ്ലാംമതം നമ്പർ വൺ മതമാകുമെന്നുമാണ് പ്യൂ റിസർച്ച് സെന്ററിന്റെ അന്താരാഷ്ട്ര റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ലോകമാകമാനം മുസ്ലിം ജനനനിരക്ക് കുതിച്ചുയരുമ്പോൾ ക്രിസ്തുമതം ക്ഷയിച്ച് കൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ക്രിസ്റ്റ്യാനിറ്റി യൂറോപ്പിൽ അക്ഷരാർത്ഥത്തിൽ മരിച്ച് കൊണ്ടിരിക്കുന്നുവെന്നും ഈ ഗവേഷണത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടുന്നു. സമീപ വർഷങ്ങളായി ആഗോള ജനനങ്ങളിൽ 33 ശതമാനവും ക്രിസ്ത്യൻ കുഞ്ഞുങ്ങളാണ്. മുസ്ലിം കുഞ്ഞുങ്ങളേക്കാൾ അൽപം കൂടുതലാണിത്. എന്നാൽ ലോകത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ 37 ശതമാനവും ക്രിസ്ത്യാനികളാണ്. മറ്റ് മതക്കാർ മരണനിരക്കിനേക്കാൾ ഇരട്ടിക്കടുത്താണിത്. 2015നും 2060നും ഇടയിൽ മുസ്ലിം ജനസംഖ്യയിൽ 70 ശതമാനം വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ കാലയളവിൽ ക്രിസ്തുമത ജനസംഖ്യയിൽ വെരും 34 ശതമാനം വളർച്ച മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2010നും 2015നും ഇടയിലുള്ള കാലത്ത് ലോകമാകമാനമുള്ള മുസ്ലിം ജനസംഖ്യയിൽ 150 മില്യന്റെ വർധനവാണുണ്ടായിരിക്കുന്നത്. തൽഫലമായി ആഗോളമുസ്ലീങ്ങളുടെ എണ്ണം 1.8 ബില്യണായി കുതിച്ചുയർന്നിരിക്കുന്നു. ഇക്കാലത്ത് ക്രിസ്ത്യാനികളുടെ എണ്ണം 2.3 ബില്യണാണ്.ചില പ്രദേശങ്ങളിൽ മുസ്ലീങ്ങളുടെ എണ്ണം വർധിക്കാൻ കുടിയേറ്റം പ്രധാന ഘടകമായി വർത്തിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഉദാഹരണമായി വടക്കെ അമേരിക്കയിലും യൂറോപ്പിലും മുസ്ലീങ്ങൾ പെരുകാൻ ഇത് പ്രധാന കാരണമായിത്തീർന്നിട്ടുണ്ട്. 2015ലെ കണക്കുകൾ പ്രകാരം ലോകത്തിലെ മൊത്തം ജനസംഖ്യയായ 7.3 ബില്യൺ പേരിൽ മൂന്നിലൊന്ന് അഥവാ 31 ശതമാനവും ക്രിസ്ത്യാനികളാണ്. എന്നാൽ ക്രിസ്തുമതം യൂറോപ്പിൽ നശിച്ച് കൊണ്ടിരിക്കുന്നുവെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ക്രിസ്തുമതത്തിന്റെ പ്രാമുഖ്യം യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്ക് നീങ്ങിയിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. 2010നും 2015നും ഇടയിൽ ലോകമാകമാനം 223 മില്യൺ ക്രിസ്ത്യൻ കുഞ്ഞുങ്ങൾ ജനിക്കുകയും 116 മില്യൺ ക്രിസ്ത്യാനികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ യൂറോപ്പിൽ ക്രിസ്ത്യാനികളുടെ ജനനത്തെക്കാൾ കൂടുതൽ മരണങ്ങളാണ് ഇക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 2010നും 2015നും ഇടയിൽ ലോകമാകമാനം 213 മുസ്ലീങ്ങൾ ജനിക്കുകയും 61 മില്യൺ മുസ്ലീങ്ങൾ മരിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങളിൽ 62 ശതമാനവും ഏഷ്യ-പസിഫിക്ക് മേഖലയിലാണ്.

ഇന്തോനേഷ്യയിലാണ് ഏറ്റവുമധികം മുസ്ലീങ്ങളുള്ളത്. ഇക്കാര്യത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, തുർക്കി, എന്നിവിടങ്ങളാണ്. 2050 ആകുമ്പോഴേക്കും ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യം ഇന്ത്യയാകുമെന്നും പ്യൂ റിസർച്ച് കണ്ടെത്തിയിരിക്കുന്നു. ഈ ഗവേഷണമനുസരിച്ച് 2015ൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ളത് അൺഅഫിലിയേറ്റഡ് എന്ന കാറ്റഗറിയാണ്. ഇവരുടെ എണ്ണം 1.2 ബില്യണാണ്. നാലാംസ്ഥാനത്തുള്ള ഹിന്ദുക്കൾ 1.1 ബില്യണാണ്. ബുദ്ധന്മാർ 0.5 ബില്യണു, ഫോക്ക് മതങ്ങൾ 0.4 ബില്യണും മറ്റ് മതങ്ങൾ 0.1 ബില്യണും യഹൂദന്മാർ 0.01 ബില്യണുമാണ്.