മുംബയ്: സ്‌കൂൾ കുട്ടികൾക്കായി ഇസ്‌കോൺ നടത്തിയ ഭഗവദ്ഗീതാ മത്സരത്തിൽ മുസ്ലിം പെൺകുട്ടിക്ക് ഒന്നാം സ്ഥാനം. ആറാം ക്ലാസുകാരിയായ മറിയം അസിഫ് സിദ്ദിഖിയാണ് 4500 കുട്ടികളെ പിന്തള്ളി ഒന്നാമതെത്തിയത്. മതങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് പന്ത്രണ്ടു വയസുകാരിയായ മുസ്ലിം ബാലിക ഭഗവത്ഗീത മത്സരത്തിൽ അത്ഭുതമായത്.

മുംബയ് സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മരിയം ബൈബിളും മുഴുവൻ വായിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖുറാനെ സംബന്ധിച്ച പ്രഭാഷണങ്ങളിലും അവൾ പങ്കെടുക്കാറുണ്ട്. ഗീത വായിച്ച് അതെന്താണ് നമ്മോട് പറയുന്നതെന്ന് മനസ്സിലാക്കിയാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് മറിയം പറയുന്നു.

ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗീത മത്സരത്തിൽ മുംബയിലെ 195 സ്‌കൂളുകളിൽ നിന്നുള്ള 4500 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികൾക്ക് ഗീതയിലുള്ള ജ്ഞാനവും അവർ അത് എത്രത്തോളം മനസിലാക്കിയിരിക്കുന്നു എന്നുമാണ് മത്സരത്തിൽ പരീക്ഷിച്ചത്.

മത്സരത്തിൽ പങ്കെടുക്കാൻ അദ്ധ്യാപികയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഏത് മതത്തിന്റേതായാലും മത്സരത്തിൽ പങ്കെടുത്തു കൊള്ളാനാണ് മാതാപിതാക്കൾ തന്നോട് പറഞ്ഞതെന്നും മരിയം പറഞ്ഞു. അർജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന ഗീതയിലെ കഥകൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് കുട്ടി വ്യക്തമാക്കി. മാനവികതയാണ് അന്തിമമായ മതമെന്നാണ് ഗീത പറയുന്നത് പന്ത്രണ്ടുകാരിയായ മറിയം പറഞ്ഞു.

ഒരു മുസ്ലിം ബാലികയ്ക്ക് ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മുസ്ലിം പുരോഹിതനായ മൗലാന ഉമർ അഹ്മദ് ഇല്യാസി പറഞ്ഞു. ഗീതയും ഖുറാനും വിശുദ്ധ ഗ്രന്ഥങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം മതം ഏവരേയും ഒന്നിപ്പിക്കുകയാണെന്നും, അകറ്റുകയല്ലെന്നും കൂട്ടിച്ചേർത്തു.