കോഴിക്കോട്: തള്ളിപ്പറയുകയും പിന്നീട് പുറത്താക്കുകയും ചെയ്ത നേതാവിനെ സ്വന്തമാക്കി നേട്ടമുണ്ടാക്കാൻ മുസ്ലിം ലീഗിന്റെ ശ്രമം. ലീഗിന്റെ ആദർശ പാപ്പരത്തത്തെ തുറന്ന് കാട്ടിയതിന്റെ പേരിൽ പാർട്ടി തള്ളിപ്പറയുകയും ഒടുവിൽ പുറത്താക്കുകയും ചെയ്ത ഇബ്രാഹിം സുലൈമാൻ സേട്ടിനെ അനുസ്മരിക്കാനുള്ള നീക്കവുമായാണ് മുസ്ലിം ലീഗ് നേതൃത്വം രംഗത്തത്തെിയിട്ടുള്ളത്.

ഇക്കാര്യങ്ങൾ വ്യക്തമാക്കി ലീഗ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കി. ഇതിൽ മഹാനായ സമുദായ സ്‌നേഹിയെന്നാണ് സുലൈമാൻ സേട്ടിനെ വിശേഷിപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ കോഴിക്കോടോ, സേട്ടിന്റെ ജന്മനാടായ ബംഗലൂരുവിലോ വച്ചാണ് അനുസ്മരണ പരിപാടി നടക്കുക.

പാർട്ടി തള്ളിപ്പറഞ്ഞ ഇബ്രാഹിം സുലൈമാൻ സേട്ടിനെ ഒരു ദശാബ്ദത്തിന് ശേഷം ആദരിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ ഇന്ത്യൻ നാഷണൽ ലീഗ് രംഗത്തത്തെിയിട്ടുണ്ട്. തള്ളിപ്പറഞ്ഞ നേതാവിനെ ഇപ്പോൾ ആദരിക്കുന്നതും അനുസ്മരിക്കുന്നതും പരിഹാസ്യമായ അൽപ്പത്തരമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. സേട്ടിനെ അനുസ്മരിക്കാൻ ലീഗിന് അർഹതയോ അവകാശമോ ഇല്ല. സേട്ടിനെ അനുസ്മരിക്കണമെന്ന് ഇപ്പോൾ തോന്നുന്നത് ആത്മാർത്ഥതയോടെയാണെങ്കിൽ സേട്ടുവിനോട് ചെയ്തതൊക്കെയം തെറ്റായിരുന്നെന്ന് ലീഗ് നേതൃത്വം സമ്മതിക്കണം. അല്ലാത്ത പക്ഷം അദ്ദേഹത്തോടുള്ള അവഹേളനമായിട്ടേ ഇത്തരം അനുസ്മരണങ്ങളെ കാണാനാവുകയുള്ളുവെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി എ പി അബ്ദുൾ വഹാബ് പറഞ്ഞു.

ഒരു കാലത്ത് ലീഗിന്റെ എല്ലാം ആയിരുന്നു സേട്ടു സാഹിബ്. 23 വർഷം ലീഗിന്റെ ദേശീയ പ്രസിഡന്റും ഏഴ് വർഷം ദേശീയ സെക്രട്ടറിയും 36 വർഷം പാർലമെന്റ് അംഗവുമായിരുന്നു അദ്ദേഹം. ബാബ്രി മസ്ജിദ് തകർച്ചയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം കൈക്കോണ്ട നിലപാടിനെ ചോദ്യം ചെയ്തതോടെയാണ് സേട്ട് പാർട്ടിക്ക് അനഭിമതനായി മാറിയത്. ബാബ്രി മസ്ജിദ് തകരുമ്പോൾ കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവു സർക്കാറിനുള്ള പിന്തുണ പിൻവലിക്കണമെന്ന് സേട്ടു പാർട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ അംഗീകരിക്കാൻ ലീഗ് നേതൃത്വം തയ്യറായില്ല. അവർ സേട്ടുവിനെ തള്ളിപ്പറഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് മുസ്ലിംലീഗിന്റെ സമ്പൂർണ്ണ ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥത്തിൽ പോലും സേട്ടിന്റെ പേരോ പ്രവർത്തനങ്ങളോ ചേർക്കാതിരിക്കാൻ ലീഗ് നേതാക്കൾ ശ്രദ്ധിച്ചു. സേട്ട് മരിച്ചപ്പോൾ പോലും കാണാനോ, നല്ല വാക്ക് പറയാനോ തയ്യാറാവാത്തവരാണ് ഇപ്പോൾ അദ്ദേഹത്തെ ഏറ്റടെുക്കാൻ ശ്രമിക്കുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുമ്പിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് ലീഗിന്റേത് എന്ന് വിലയിരുത്തപ്പെടുന്നു. ചന്ദ്രിക പത്രം പുറത്തിറക്കുന്ന റംസാൻ സപ്‌ളിമെന്റിലും ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ സ്മരണകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നാണ് അറിയുന്നത്.

മതനിരപേക്ഷതയിലൂന്നിയ രാഷ്ട്രീയ കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ച നേതാവായിരുന്നുസേട്ട്. കോൺഗ്രസിന്റെ സാമ്രാജ്വത്വ പ്രീണന നയങ്ങൾക്കും ആഗോളവത്ക്കരണത്തിനെതിരെയും അതിന് കീഴടങ്ങുന്ന മുസ്ലിം ലീഗിന്റെ ദാസ്യ നയങ്ങൾക്കുമെതിരെ അവസാന നിമിഷം വരെ അദ്ദേഹം നിലപാടുകൾ സ്വീകരിച്ചിരുന്നു. മുസ്ലിം ലീഗ് തെറ്റ് തിരുത്തണമെന്ന അഭിപ്രായമാണ്, മരണക്കിടക്കയിൽ വച്ച്‌പോലും അദ്ദേഹം പറഞ്ഞത്. സേട്ടു മരിച്ചതിനുശേഷം കോഴിക്കൊട് കടപ്പുറത്ത് നടന്ന അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ സിറാജ് സേട്ട് തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ അവസാന കാലങ്ങളിൽ മുസ്ലിം ലീഗാണ് ശരിയെന്ന് സേട്ട് തിരിച്ചറിഞ്ഞിരുന്നുവെന്നും പാർട്ടിയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നുമൊക്കെയാണ് ലീഗ് നേതൃത്വം ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സേട്ടുവിന്റെ മക്കളെ മുസ്ലിം ലീഗിൽ എത്തിച്ചതിന് ശേഷമാണ് ഒരിക്കൽ തള്ളിപ്പറഞ്ഞ സേട്ടിനെയും സ്വന്തമാക്കാൻ ലീഗ് ശ്രമങ്ങൾ ആരംഭിച്ചത്.

ബംഗളൂരുവിലെ സമ്പന്ന വ്യാപാര കുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. മൈസൂരിലെയും മറ്റും കോളജുകളിൽ അദ്ധ്യാപകനായി ജോലി നോക്കിയ അദ്ദേഹം പിന്നീട് മുസ്ലിം ലീഗിന്റെ സമുന്നത നേതാവായി പ്രവർത്തിച്ചു. ബാബരി മസ്ജിദ് തകർച്ചയോടെ ലീഗുമായി വഴി പിരിഞ്ഞ് അദ്ദഹേം ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപിച്ച് ലീഗുമായി ഏറ്റുമുട്ടി. 2005 ഏപ്രിൽ 27ന് മരണമടയുമ്പോൾ പോലും ലീഗ് നിലപാടുകളോട് വിയോജിച്ച ഇദ്ദേഹത്തെയാണ് ലീഗ് ഇപ്പോൾ സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.