ഹൂസ്റ്റൺ: നാസ ശാസ്ത്രജ്ഞൻ സിദ്ദ് ബിക്കാന്നാവറെ (35) ജോർജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു.

ഔദ്യോഗികാവശ്യങ്ങൾക്കായി നാസ നൽകിയ മൊബൈൽ ഫോൺ തുറന്നു പരിശോധിച്ചശേഷമാണ് മണിക്കൂറുകൾക്കുശേഷം ഇദ്ദേഹത്തെ വിട്ടയച്ചത്. ഇന്ത്യൻ വംശജനായ സിദ്ദ് ഇസ്ലാം മതവിശ്വാസിയാണ്. ഇതാണ് വിനയായത്.

ഇസ്ലാം മതവിശ്വാസികളായ മറ്റുപലരെയും തനിക്കൊപ്പം തടഞ്ഞുവച്ചിരുന്നതായി യുഎസിൽ ജനിച്ചുവളർന്ന, യുഎസ് പൗരൻ കൂടിയായ സിദ്ദ് സമൂഹ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിൽ വെളിപ്പെടുത്തി.

ട്രംപ് അധികാരത്തിൽ എത്തിയതോടെ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിബന്ധനകൾ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയാണ് നാസ ശാസ്ത്രജ്ഞനേയും കുടുക്കിയത്.