ആൽവാർ: ഗോരക്ഷാ പ്രവർത്തകർ പശുവ്യാപാരിയെ വെടിവച്ചു കൊന്നു. രാജ്യത്ത് ഗോരക്ഷയുടെ പേരിൽ അരങ്ങേറുന്ന അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ വീണ്ടും കൊലപാതകം ഉണ്ടായിരിക്കുകയാണ്. രാജസ്ഥാൻ-ഹരിയാന അതിർത്തി പ്രദേശത്താണ് പശുവ്യാപാരിയെ ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമികൾ വെടിവച്ചു കൊന്നത്. ഇതിന് ശേഷം ട്രെയിൻ തട്ടിയാണ് അപകടമെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. കൊല്ലപ്പെട്ട പശുവ്യാപാരിയുടെ സഹായികളായ രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നിന്നാണ് അക്രമത്തെ പറ്റി വിവരം ലഭിച്ചത്.

രാജസ്ഥാനിലെ ആൽവാർ ജില്ലയിലുള്ള ഗോവിന്ദ് ഗാഥിലാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള അരുംകൊല അരങ്ങേറിയത്. നവംബർ പത്തിനാണ് സംഭവം നടന്നതെങ്കിലും ഇന്നാണ് അത് ഗോരക്ഷയുടെ പേരിൽ നടന്ന കൊലപാതകമായിരുന്നു എന്ന് വ്യക്തമായത്. ഹരിയാനയിലെ മേവത്തിൽനിന്ന് രാജസ്ഥാനിലെ ഭരത്പുരിലേക്ക് പശുക്കളുമായി പോകുകയായിരുന്ന ഉമ്മർ മുഹമ്മദും സഹായികളുമാണ് ആക്രമിക്കപ്പെട്ടത്. വഴിമധ്യേ തടസ്സം തീർത്ത് ഒരു സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

അതേസമയം, സംഭവം മൂടിവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം, വെടിയേറ്റാണ് ഉമ്മർ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക വാർത്തകളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇയാളുടെ മൃതദേഹം ഷേർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മറിന് ഭാര്യയും എട്ടു മക്കളുമുണ്ടെന്നാണ് വിവരം.

ഉമ്മറിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ആൾക്കൂട്ടം വാഹനത്തിൽനിന്ന് എടുത്തെറിഞ്ഞെങ്കിലും പരുക്കുകളോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഉമ്മറിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് സൂചന. അതേസമയം, ജനക്കൂട്ടം ഉമ്മറിനെ ആക്രമിക്കുന്ന സമയത്ത് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജനക്കൂട്ടത്തെ തടയാനോ പിരിച്ചുവിടാനോ അവർ ഒന്നും ചെയ്തില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.