തിരുവനന്തപുരം: ബട്ടർഫ്ളൈ ഇഫക്ട് എന്ന് സോഷ്യോളജിയിൽ പറയുന്ന ഒരു സാധനമുണ്ട്. ലോകത്തിന്റെ എത് കോണിലുമുണ്ടാകുന്ന ഒരു മാറ്റം പതുക്കെ മറ്റിടങ്ങളിലും എത്തുമെന്ന്. യൂറോപ്യൻ രാജ്യങ്ങളിലെ ലിംഗസമത്വവും, പ്രായപൂർത്തിവോട്ടവകാശവും തൊട്ട് സാമൂഹിക നീതിവരെയുള്ള കാര്യങ്ങൾ ഇന്ത്യയിലേക്കും എന്തിന് ഇസ്ലാമിക രാജ്യങ്ങളിലേക്കുപോലും എത്തുന്നത് അങ്ങനെയാണ്.സമാനമായ അവസ്ഥയാണ് സുപ്രീം കോടതി ശബരിമലയിൽ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം വിലക്കാനാവില്ല എന്ന ഉത്തരവിലൂടെ വന്നുകൊണ്ടിരിക്കുന്നത്.ഈ ഉത്തരവിനെതിരെ സംഘപരിവാർ സംഘടനകൾ ലക്ഷക്കണക്കിന് സ്ത്രീകളായ വിശ്വാസികളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ സമരം നടത്തുമ്പോൾ തന്നെ അതിന്റെ ഗുണഫലങ്ങൾ മുസ്ലിം സ്ത്രീകൾക്കുപോലും ലഭ്യമായിത്തുടങ്ങുകയാണ്.

ശബരിമല വിവാദമായപ്പോൾ തന്നെ എന്തുകൊണ്ട് മുസ്ലിം സുന്നികളുടെ പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ഇതോടെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സംഘടനകൾ നിയമപോരാട്ടത്തിന് നീങ്ങുകയാണ്. കോഴിക്കോട്ടെ നിസ പ്രേഗ്രസീവ്് വിമൺസ് ഫോറമാണ് മുസ്ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സമീപിക്കാനൊരുങ്ങുന്നത്.

ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഉടൻ ഹർജി നൽകുമെന്ന് നിസയുടെ നേതൃത്വത്തിലിരുക്കുന്ന സാമൂഹിക പ്രവർത്തക വിപി സുഹറ മറുനാടൻ മലയാളിയോട് പറഞ്ഞു. 'ഇന്ത്യൻ ഭരണഘടനക്ക് കീഴിലാണ് എല്ലാ ആചാരങ്ങൾ എന്ന് വ്യക്തമാക്കുന്ന ശബരിമല വിധി സത്യത്തിൽ അടിച്ചമർത്തപ്പെട്ട മുസ്ലിം മതത്തിലെ വിശ്വാസികൾക്കാണ് ഗുണം ചെയ്യുന്നത്. മുത്തലാക്ക് പോലുള്ളവെക്കതിരെ നിയമം വരുന്നു. വിശ്വാസിളല്ല ഇന്ത്യൻ കോടതിയും ഭരണകൂടവും ഭരണഘടനയുമാണ് പാവപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് ഗുണമാകുന്നത്.'- വി പി സുഹറ പ്രതികരിച്ചു.

സുന്നിപള്ളികളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ കാന്തപുരം അടക്കമുള്ള എപി സുന്നി വിഭാഗം തയ്യാറായിട്ടില്ല. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കാന്തപുരമാണ് സ്ത്രീകളുടെ കാര്യത്തിൽ കടുത്ത നിലപാട് എടുക്കുന്നത്.

നേരത്തെ സ്ത്രീവിരുദ്ധ പ്രസ്താനയിൽ പ്രതിഷേധിച്ച് നിസ കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ കോലം കത്തിച്ചിരുന്നു. മുത്തലാഖ്, മൊഴിചൊല്ലൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽപെട്ട് പീഡനം അനുഭവിക്കുന്ന മുസ്ലിം സ്ത്രീകൾക്കായി കോഴിക്കോട്് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് നിസ. കഴിഞ്ഞമാസം സുന്നത്ത് എന്ന പേരിൽ അറിയപ്പെടുന്ന ചേലാകർമ്മം ബാലപീഡനമെന്ന് കാട്ടി വിവിധ സംഘടനകൾ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ പരിപാടിയിലും നിസയുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

സുന്നി പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെടി ജലീലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതും ഇസ്ലാമിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

പള്ളി പ്രവേശനത്തിൽ ഹർജിയുമായി ഹിന്ദു മഹാസഭ

അതിനിടെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് ഹൈക്കോടതിയെ സമീപിച്ചു. പുരുഷന്മാർക്കൊപ്പം സ്ത്രീകളെയും മുസ്ലിം പള്ളികളിൽ പ്രാർത്ഥനയ്ക്കായി പ്രവേശിപ്പിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അഖിലഭാരത് ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

സുന്നി പള്ളികളിലും മറ്റ് ദേവലായങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് വനിതാ കമ്മിഷൻ

സുന്നി ഉൾപ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ വ്യക്്തമാക്കി. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈൻ പറഞ്ഞു. വിവചേനം ഒരു രീതിയിലും അനുവദിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള വിധി ചരിത്രമാവുന്നത് ഇങ്ങനെ

മുൻ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചിൽനിന്ന് ഈ വിധി വന്നപ്പോൾ തന്നെ അത് ചരിത്രപ്രാധ്യന്യമുള്ളതാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും വ്യാപകമായി പ്രകീർത്തിക്കപ്പെട്ടിരുന്നു.അതായത് മതം അനുശാസിക്കുന്ന മൊറാലിറ്റിയല്ല, അതിനും മുകളിലാണ് കോൺസ്റ്റിറ്റുഷനൽ മൊറാലിറ്റിയെന്ന് ശബരിമല വിധിയിലൂടെ കോടതി അടിയുറച്ച് പറയുന്നു. മതസ്വതന്ത്ര്യം അനുവദിക്കുന്ന ആർട്ടിക്കിൾ 25നെ, തുല്യത നൽകുന്നു ആർട്ടിക്കിൾ 14 കൊണ്ട് ഖണ്ഡിക്കാൻ ആവിലെന്ന് കോടതി പറയുന്നു.

മതസ്വാതന്ത്ര്യത്തിൽ വിവേചനം ഉണ്ടാകാൻ ഭരണഘടന അനുവദിക്കില്ല. നിങ്ങൾ എന്തുമതക്കാരനായാലും ഇന്ത്യൻ ഭരണഘടന സ്്ത്രീക്കും പരുഷനും ഒരേ നീതി നൽകും. 'പുരുഷനുള്ള അവസരങ്ങൾ സ്ത്രീക്ക് ആചാരത്തിന്റെ പേരിൽ തടയാൻ കഴിയില്ല എന്ന് കോടതി അടിവരയിടുകയാണ്. ഇതിന്റെ മറ്റൊരു വിവക്ഷ എല്ലാ മതഗ്രന്ഥങ്ങും ആചാരങ്ങളും ഭരണഘടനക്ക് കീഴിലാണെന്നതാണ്. നിങ്ങൾക്ക് ഇനി ഖുർആനിൽ പറഞ്ഞിട്ടുണ്ട്്, ഗീതയിൽ പറഞ്ഞിട്ടുണ്ട് ബൈബളിൽ പറഞ്ഞിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് സ്ത്രീവിവേചനം നടപ്പാക്കാൻ പറ്റില്ല. ഇതിന്റെ ഏറ്റവും വലിയ അടികിട്ടുക ഇസ്ലാം മതത്തതിലെ സുന്നി വിഭാഗങ്ങൾക്കാണെന്ന് അന്നേ വിലയിരുത്തപ്പെട്ടിട്ടുണ്ട്'- എഴുത്തുകാരൻ കൂടിയായ അഡ്വ.അൻവർ സാദത്ത് വ്യക്താമക്കുന്നു.

കഴിഞ്ഞ കുറേക്കാലമായി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ നിന്ന് വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തരമായ വിധികളാണ് വന്നിരുന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14,15,16,17 എന്നിവ ഇത്രമാത്രം ഉദ്ധരിക്കപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 150 കൊല്ലം പഴക്കമുള്ള കരിനിയമങ്ങൾ ഈയിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞത്. അത് ഭരണഘടനക്ക് വിരുദ്ധമായതിനാലാണ്.

'ഹാദിയയുടെ കേസിലും സുപ്രീം കോടതി അത് തന്നെയാണ് പറഞ്ഞത്. അഖിലക്ക് ഹാദിയ ആയി മാറാനും, ആയിഷക്ക് ആതിരയാകാനും കഴിയുന്ന അതേ ഭരണഘടന വ്യഖ്യാനിച്ചു തന്നെയാണ് ശബരിമലയിൽ സ്ത്രീകളെയും കയറ്റുന്നത്.വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും അടിസ്ഥാനപരമായ പൗരാവകാശമാണ് എന്ന് അംഗീകരിക്കുന്ന ലിബറൽ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാാണ് ഭരണഘടനയെന്ന് കോടതി ഒരിക്കൽകൂടി വ്യക്താമാക്കിയ അവസരമായിരുന്നു ശബരിമല വിധി. അതേ കാരണം കൊണ്ടാണ് സെക്ഷൻ 377 എടുത്തു കളഞ്ഞ് ,സ്വവർഗ പ്രണയം ക്രിമിനൽ കുറ്റമല്ലാതാക്കിയതും.

അതായത് ഹാദിയക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാണ് എന്നർത്ഥം. പിന്നെ ,ഭരണഘടനയിലെ ആർട്ടിക്കിൾ 25 എന്നത് മതസ്വാതന്ത്ര്യത്തെ പറ്റിയാണ്. അത് ഒരു മതസങ്കൽപ്പമല്ല, മറിച്ച്, ഒരു മതേതര ലിബറൽ ജനാധിപത്യമൂല്യമാണ്. ഒരു മതരാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത ഒന്ന്. അതിനർഥം മതസ്വാതന്ത്ര്യം ലിംഗ നീതിക്ക് വിരുദ്ധമാവുമ്പോൾ കോടതിക്ക് ഇടപെടാനാവില്ല എന്നതല്ല. ഇത് ചരിത്ര പ്രാധന്യമുള്ളതാണ്. ഫലത്തിൽ ഏക സിവിൽകോഡിലേക്കുള്ള പാലവുമാണ് ശബരിമല വിധി. ഇന്ത്യയിലെ സ്ത്രീകൾ അടക്കമുള്ള എല്ലാ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും നീതി ലഭിക്കാൻ പര്യപ്തവുമാണ്'- അഡ്വ.അൻവർ സാദത്ത് വ്യക്തമാക്കി.