പാലക്കാട്: കേരളത്തിൽ അഞ്ചു ഡാമുകളുള്ള ഏക പഞ്ചായത്ത് ഏതെന്ന ചോദ്യം പി എസ് സി പരീക്ഷയ്ക്ക് പതിവാണ്. 'മുതലമട' എന്നാണ് അതിന്റെ ഉത്തരം. എന്നാൽ ഇത്രയും ഡാമുകൾ ഉണ്ടായിരുന്നിട്ടും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന പഞ്ചായത്തും മുതലമട തന്നെയായിരിക്കും.

പാലക്കാട് ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമാണ് മുതലമട. ചുള്ളിയാർ, മീങ്കര, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരപ്പള്ളം എന്നീ ഡാമുകളാണ് പഞ്ചായത്തിലുള്ളത്. ഇതിനുപുറമേ, നെല്ലിയാമ്പതി, പറമ്പിക്കുളം മലനിരകളും അതിൽനിന്ന് ഉത്ഭവിക്കുന്ന അരുവികളും നീരുറവകളും ഈ പഞ്ചായത്തിലൂടെ ഒഴുകുന്നുണ്ട്. എന്നിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കേണ്ടിവരികയാണ് ഇവിടത്തെ ജനങ്ങൾ.

വീട്ടമ്മമാരും, കുട്ടികളും അതിരാവിലെ കുടങ്ങളുമായി റോഡിലിറങ്ങും. പഞ്ചായത്തും ജലവകുപ്പും കൊണ്ടുവരുന്ന ടാങ്കറുകളെ കാത്ത് മണിക്കൂറുകളോളം ഇരിക്കണം. ടാങ്കറിൽനിന്നുള്ള വെള്ളം ലഭിച്ചാലേ കുട്ടികൾക്ക് സ്‌കൂളിൽ കൊണ്ടുപോകാനുള്ള ഭക്ഷണവും, രാവിലത്തെ ചായയും ഭക്ഷണവുമൊക്കെ തയാറാക്കാൻ കഴിയൂ എന്ന് വീട്ടമ്മമാർ പറയുന്നു.

അതേസമയം, തിരിഞ്ഞിക്കൊളുമ്പ്, നായ്ക്കൻചള്ള, കള്ളിയമ്പാറ, പത്തിച്ചിറ, മേലേപത്തിച്ചിറ, ലക്ഷംവീട് കോളനി, ചെമ്മണംതോട് എന്നിവിടങ്ങളിൽ ടാങ്കറുകളും എത്തുന്നില്ല. റവന്യു അധികൃതരാണ് ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കഠിനമായ ചൂടും ഉഷ്ണക്കാറ്റും ജനജീവിതം ദുസഹമാക്കുകയാണിവിടെ. കല്യാണം, മരണം തുടങ്ങിയ ചടങ്ങുകൾ വരുമ്പോഴാണ് തങ്ങൾ കൂടുതൽ ബുദ്ധിമുട്ടുന്നതെന്നും ജനങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

'കല്യാണം, മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് പഞ്ചായത്തും കലക്ടറുമൊന്നും വെള്ളം തരില്ല, അപ്പോൾ പാലക്കാടുള്ള ഏതെങ്കിലും ഏജൻസിയേയോ, തമിഴ്‌നാട്ടിലുള്ള ഏജൻസികളേയോ തേടിപ്പോകും. ഒരു ടാങ്കറിന് അയ്യായിരം മുതൽ പതിനായിരം രൂപവരെ നൽകേണ്ടിവരും. വേറെ നിവൃത്തിയില്ലല്ലോ, പണം കൊടുത്ത് വാങ്ങുകയല്ലേ കഴിയൂ, കുട്ടികളുടെ കല്യാണം നടക്കണ്ടേ..?' മുതലമടയിലെ സാമൂഹിക പ്രവർത്തകനായ ബാലകൃഷ്ണൻ പറയുന്നു.

മീങ്കര ശുദ്ധജലപദ്ധതിയിൽനിന്ന് ദിവസവും നാലര ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാറുണ്ട്. എന്നാൽ ഈ ജലം മുതലമട പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ഒരു നേരത്തെ ആവശ്യത്തിനുംപോലും തികയുന്നില്ല എന്നാണ് ജലവകുപ്പ് അധികൃതർതന്നെ പറയുന്നത്. സംസ്ഥാനത്ത് രണ്ടാമത്തെ വലിയ പഞ്ചായത്തുകൂടിയാണ് മുതലമട. എന്നിട്ടും ഇവിടുത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടിയെടുത്തിട്ടില്ല.

രാഷ്ട്രീയപരമായ വേർതിരിവാണ് സർക്കാർ പഞ്ചായത്തിലെ ജനങ്ങളോട് കാണിക്കുന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. എൽഡിഎഫിന്റെ ഉറച്ച മണ്ഡലമായ നെന്മാറയിൽ പെടുന്ന പഞ്ചായത്താണ് മുതലമട. ഇത്രയും രൂക്ഷമായ ജലക്ഷാമം പഞ്ചായത്തിലുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടും സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കാനോ, അടിയന്തര നടപടികൾക്കുള്ള ഫണ്ട് അനുവദിക്കാനോ സർക്കാർ തയ്യാറായിട്ടില്ലെന്ന് സിപിഐ- എം ആരോപിക്കുന്നു.

എംഎൽഎ വി ചെന്താമരാക്ഷന്റെ ഫണ്ട് ഉപയോഗിച്ച് മിനി കുടിവെള്ള പദ്ധതികൾ തുടങ്ങിയതു മാത്രമാണ് ജനങ്ങൾക്ക് ഏക ആശ്രയം. മീങ്കര, ചുള്ളിയാർ ഡാമുകൾ നിറയ്ക്കാൻ അടിയന്തിര നടപടി സ്വീകരിച്ചാലേ നാടിനെ രക്ഷിക്കാനാകുവെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു.