കാസർഗോഡ്: മുട്ടത്തൊടി സർവീസ് സഹകരണ ബാങ്കിലെ നാലുകോടിയിലേറെ രൂപയുടെ തട്ടിപ്പിന്റെ അണിയറയിൽ പ്രവർത്തിച്ചത് സഹോദരങ്ങളായ അപ്രൈസർമാർ. നീലേശ്വരം പള്ളിക്കര സ്വദേശികളായ സഹോദരങ്ങളാണ് രണ്ടു ശാഖകളിലെ സ്വർണ്ണത്തിന്റെ മാറ്റ് നോക്കുന്നവർ. ജ്യേഷ്ഠൻ ടി.വി. സത്യപാലൻ കലക്ടറേറ്റിനു സമീപത്തെ സായാഹ്നശാഖയിലും അനുജൻ ടി.വി. സതീശൻ നായന്മാർമൂലയിലെ പ്രധാന ശാഖയിലുമാണ് അപ്രൈസർമാരായി ജോലി നോക്കുന്നത്. തട്ടിപ്പിൽ അനുജൻ സതീശൻ ജ്യേഷ്ഠനേക്കാൾ വിരുതനാണ്. അനുജന്റെ പരിശോധനയിലൂടെ മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്നും തട്ടിയെടുത്തത് മൂന്നു കോടി എഴുപതുലക്ഷം രൂപയാണ്. ജ്യേഷ്ഠൻ സത്യപാലൻ തട്ടിപ്പിനു കൂട്ടുനിന്നത് മുപ്പതു ലക്ഷം രൂപക്കു മാത്രം. മുട്ടത്തൊടി ബാങ്കിന്റെ മറ്റു ശാഖകളിലൊന്നും ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ മാനേജർ സന്തോഷ് കുമാറാണ് ഈ തട്ടിപ്പിന്റെ കേന്ദ്രബിന്ദു. അയാൾക്ക് കൂട്ടായി സഹോദരങ്ങളായ അപ്രൈസർമാരും.

ഒരാൾക്കുതന്നെ വിവിധ പേരുകളിൽ പണ്ടം പണയം വച്ച് ഒരു കോടിയിലേറെ രൂപ നൽകിയതിന് ആസൂത്രണം ചെയ്തത് ഇപ്പോൾ ഒളിവിലുള്ള ബാങ്ക് മാനേജർ ടി.ആർ. സന്തോഷ് കുമാറാണ്. മുക്കുപണ്ടം വച്ച് പണം നൽകുന്നതിന് അപ്രൈസർമാർക്കും മാനേജർക്കും നല്ല കമ്മീഷൻ ലഭിക്കാറുണ്ട്. ഓരോ ഇടപാടു കഴിയുമ്പോഴും മാനേജരും അപ്രൈസർമാരും അതിന്റെ പങ്ക് പറ്റാൻ വൈകിട്ടുതന്നെ ഇടപാടുകാരുമായി സന്ധിക്കും. 137 ഇടപാടുകളിലാണ് നാലുകോടി ആറുലക്ഷം രൂപ മുക്കുപണ്ടം വച്ച് വായ്പ എടുത്തത്. എന്നാൽ ഈ ഇടപാടുകാരുടെ പോരെല്ലാം വ്യാജമാണെന്നാണ് സൂചന. സ്വർണം പണയംവച്ചതും വായ്പയെടുത്തതും കെ.എ. അബ്ദുൾ മജീദും കൂട്ടാളിയും മാത്രം. അതുകൊണ്ടു തന്നെ മറ്റു പേരുകാർക്കെതിരെ നടപടി എടുക്കാനാവില്ല.

വ്യാജസ്വർണം വച്ച് വായ്പ എടുക്കുന്ന തട്ടിപ്പ് പൊളിയാതിരിക്കാൻ മാനേജരും അപ്രൈസർമാരും പണയം വച്ച സ്വർണ്ണത്തിന്റെ തീയ്യതിയും മറ്റും കുറിച്ചു വെക്കും. കാലാവധി അവസാനിക്കും മുമ്പ് വായ്പ എടുത്ത സംഘത്തിലെ ആളുകൾക്ക് വ്യക്തമായി ഇവർ വിവരം അറിയിക്കും. ആദ്യമാദ്യം 5 ലക്ഷം രൂപവരെയാണ് മുക്കു പണ്ടത്തിന് വായ്പ നൽകിയത്. വായ്പ എടുത്ത പണം കൃത്യമായി അടച്ച് വിശ്വാസം വന്നതോടെ തുകയും വർദ്ധിപ്പിച്ചു തുടങ്ങി. തൈവളപ്പു സ്വദേശി കെ.എ. അഹ്ദുൾ മജീദാണ് മുക്കുപണ്ടം വച്ച് വായ്പ എടുക്കാൻ വരാറുള്ളത്. എന്നാൽ പണം ഇയാൾക്കു വേണ്ടിതന്നെയാണോ എടുക്കുന്നത് എന്ന സംശയവും തള്ളിക്കളയുന്നില്ല.

അബ്ദുൾ മജീദ് ബാങ്കിലെത്തിയാൽ മാനേജർ സന്തോഷ് കുമാർ വലിയ പരിഗണന നൽകാറുണ്ട്. സാധാരണ ചെറിയ ഇടപാടുകാരെ മാറ്റി നിർത്തി അപ്രൈസർമാരും ഇയാളെ സന്തോഷിപ്പിക്കാറുണ്ട്. മുക്കുപണ്ടം വച്ച് വായ്പയെടുക്കുന്ന പണം കൃത്യമായി തിരിച്ചടയ്ക്കുന്നതിനാൽ ഇവരെ ആർക്കും സംശയമുണ്ടാകാറില്ല. ഇയാളുടെ കൂട്ടാളിയായ നായനാർമൂലയിലെ ലക്ഷം വീട് കോളനിയിലെ ഹാരിസും രംഗത്തുവരാറുണ്ട്. മറ്റെന്തെങ്കിലും സാമ്പത്തിക ലക്ഷ്യം വച്ചാണോ ഈ തട്ടിപ്പ് നടത്തുന്നതെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥരിൽ ശക്തമാവുന്നുണ്ട്. സംഭവത്തിൽ ബാങ്കിന് പ്രത്യക്ഷത്തിൽ നഷ്ടമൊന്നുമില്ലെങ്കിലും തുടർച്ചയായി നാലുകോടിയിലേറെ രൂപ വായ്പയെടുത്തത് എന്തിനെന്ന സംശയം അവശേഷിക്കുകയാണ്.

രണ്ടു കോടി രൂപയിലേറെയുള്ള തട്ടിപ്പായതിനാൽ പ്രത്യേക അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസിനെ ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ അത്തരത്തിൽ ഒരന്വേഷണം സാധ്യമാവുകയുള്ളൂ. സ്വർണ്ണത്തിന്റെ ഗുണമേന്മ മുദ്രയായ 916 പതിച്ച് നൽകുന്ന സംഘവുമായും ഇവർക്ക് ബന്ധമുണ്ടെന്ന സംശയവുമുണ്ട്. വായ്പാതട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ജയരാജനാണ് ഇതിനു പിന്നിൽ. ആഭരണ നിർമ്മാതാവായ ഭീമനടിയിലെ ജയരാജനാണ് വ്യാജസ്വർണത്തിന് 916 മുദ്ര പതിപ്പിച്ചു നൽകുന്നത്. ഇയാളും മുഖ്യപ്രതി കെ.എ. അബ്ദുൾ മജീദും ഉൾപ്പെടെ മൂന്നു പേർ ഇപ്പോൾ റിമാൻഡിലാണ്.