കൊച്ചി: നാലു സെന്റ് പുരയിടത്തിലെ നാനൂറു സ്‌ക്വയർ ഫീറ്റ് പോലും ഇല്ലാത്ത വീടാണ് മൂവാറ്റുപുഴയിൽ നിന്നു ജയിച്ചു കയറിയ കേരളത്തിലെ ഏറ്റവും സാധാരക്കാരനായ എംഎൽഎയാണ് എൽദോ എബ്രഹാം. അവസാന ഘട്ടത്തിൽ വിജയം ഉറപ്പിച്ചപ്പോഴും മകന്റെ വിജയം സ്വന്തം വീട്ടിലിരുന്നു മാതാപിതാക്കളായ എബ്രഹാമിനും, ഏലിയാമ്മക്കും കാണാനായില്ല.

കാരണം ഒരു ടിവി പോലും എൽദോയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നതുതന്നെ. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഇന്നലെ രാവിലെ തന്നെ അടുത്ത വീടായ മേപ്പുറത്തു ഫിലിപോസിന്റെ വിട്ടിൽ പ്രവർത്തകർക്കൊപ്പമിരുന്നാണു രണ്ടു പേരും മകന്റെ വിജയം കണ്ടത്.

സമയം 8 മണി: പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ ആദ്യം എല്ലാവരും ഒന്ന് ഞെട്ടി. പക്ഷെ അതിൽ കാര്യമില്ല എന്നു ചില കമന്റുകൾ. ഏക മകൻ കൊടുത്ത ആത്മവിശ്വാസത്തിൽ തന്നെ ടിവിയുടെ തൊട്ടുമുൻപിൽ കണ്ണിമ വേട്ടാതെ ഉറച്ച വിജയത്തിനായി കാത്തിരുന്നു.

സമയം 10 മണി: കേരളം മുഴുവൻ ചുവപ്പണിയുന്ന ലക്ഷണങ്ങൾ കൃത്യമായി ഉറപ്പായപ്പോൾ മൂവാറ്റുപുഴയിലും എൽദോക്ക് അനുകൂലമായ വിജയ സൂചനകൾ വന്നു തുടങ്ങി. പ്രവർത്തകർക്കും, അയൽപക്കകാർക്കും ഒപ്പം പ്രാർത്ഥനയോടെ ഇരുന്നു അവസാന ഫലമറിയാൻ.

11 മണി: ഉറച്ച വിജയം ലഭിക്കും എന്നുള്ള സന്ദേശങ്ങളെത്തി. ആത്മവിശ്വാസതോടൊപ്പം സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണീർ ഉറവകൾ. തുടർന്ന് 10,000 ന്റെ അടുത്ത് ഭൂരിപക്ഷത്തിൽ മകന്റെ വിജയ വാർത്ത എത്തി. ഒപ്പം എത്തിയ പ്രവർത്തകർ എൽദോയുടെ അമ്മയ്ക്കും അച്ഛനും മധുരം നൽകി. പിന്നീട് വീട്ടിൽ എത്തിയപ്പോൾ മകന്റെ വിജയത്തിൽ ആഹ്ലാദിച്ചുള്ള പ്രകടനം റോഡിലൂടെ. വഴിയില്ലാത്ത വീട്ടിലേക്കു വരുവാൻ നടവരമ്പ് കടക്കണം എന്നുള്ളതിനാൽ ആഹ്ലാദ പ്രകടനം വീടിന്റെ മുൻപിൽ നിന്നുകൊണ്ട് കണ്ടു സന്തോഷിച്ചു.

രാത്രി 10.30: ആഹ്‌ളാദ പ്രകടനങ്ങൾ കഴിഞ്ഞു. തനിക്കു വോട്ടു ചെയ്തു ജയിപ്പിച്ച നാട്ടുകാരെയും കണ്ട് ആയവന പഞ്ചായത്തിലും കലൂർക്കാട് പഞ്ചായത്തിലും പര്യടനം നടത്തിയ എൽദോ മൂവാറ്റുപുഴ ടൗണിൽ. ഇനി അവസാനം മാറാടി പഞ്ചായത്തു കൂടി സന്ദർശിച്ചു വേണം നാട്ടിൽ എത്താൻ. നാട്ടാരെ കാണാൻ. അവിടെ ഒരുപാടു അമ്മമാർ ഉണ്ട് എന്നാണ് എൽദോ പറയുന്നത്. ഒപ്പം എത്ര രാത്രി ആയാലും ഒരു പിടി ചോറുമായി എൽദോയുടെ അമ്മയും അച്ഛനും മകന് വേണ്ടി കാത്തിരിക്കും. അതാണ് പതിവ്. നിയമസഭയിലേക്കു ജയിച്ചു കയറിയെങ്കിലും എൽദോക്ക് രാത്രി നടവരമ്പ് ചാടി കടന്നു വേണം വീട്ടിൽ എത്താൻ.