മൂവാറ്റുപുഴ: കൈക്കൂലി കേസിൽ ഇന്നലെ വിജിലൻസ് പിടിയിലായ മൂവാറ്റുപുഴ ആർ ഡി ഒ മോഹനൻ പിള്ളയുടെ വഴിവിട്ട നടപടികളുടെ ഗുണഭോക്താക്കൾ ആശങ്കയിൽ. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളാണ് മൂവാറ്റുപുഴ ആർ ഡി ഒ യുടെ പരിധിയിലുള്ളത്.

ഇവിടങ്ങളിൽ മോഹനൻപിള്ള ചാർജ്ജെടുത്ത ശേഷം നടന്ന വഴിവിട്ട ഇടപാടുകളെക്കുറിച്ച് വിജിലൻസ് സംഘം വിശദമായി പഠിക്കുമെന്നും മേൽനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും മറ്റുമുള്ള പ്രചാരണമാണ് ഇക്കൂട്ടരെ ആശങ്കയിലാഴ്‌ത്തിയിട്ടുള്ളത്.

മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കുവേണ്ടി രാഷ്ട്രീയനേതാക്കളുടെ സമ്മർദ്ദത്താൽ മോഹനൻപിള്ള ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി ലക്ഷങ്ങൾ കോഴവാങ്ങിയതായി ആരോപണമുയർന്നിരുന്നു. ഇത്തരം അനുമതികളുടെ പിൻബലത്തിൽ നിലം നികത്തി നിർമ്മിച്ച വമ്പൻ കെട്ടിടങ്ങൾ സംസാരിക്കുന്ന തെളിവായി ഈ താലൂക്കുകളിൽ പലഭാഗത്തും നിലനിൽക്കുന്നുമുണ്ട്.

വീട് വയ്ക്കുന്നതിന്റെ പേരിൽ നെൽപ്പാടം നികത്തുന്നതിനും അനധികൃത മണ്ണ് ഖനനത്തിനും അനുമതി നൽകിയതുവഴി ഇയാൾ ലക്ഷങ്ങൾ കീശയിലാക്കിയെന്നാണ് പുറത്തായിട്ടുള്ളവിവരം. വീട് വയ്ക്കാൻ അഞ്ചു സെന്റ് പാടം നികത്തുന്നതിന് അനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. എന്നാൽ ഇതിന്റെ മറവിൽ 25 സെന്റ് വരെ നികത്താൻ മോഹനൻപിള്ള അനുമതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

നിലം നികത്തുന്നതിൽ പ്രദേശത്തിന്റെ പ്രാധാന്യവും ആവശ്യക്കാരന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താണ് ഇയാൾ തുക ഈടാക്കിയിരുന്നത്. മണ്ണ് ഖനനത്തിന് യാതൊരു നിയന്ത്രണവുമില്ലാതെ മോഹനൻപിള്ള അനുമതി നൽകുന്നതായി പരക്കെ ആരോപണം ഉയർന്നിരുന്നു. ഒരു ഇടപാടിൽ ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും പോക്കറ്റിൽ വീഴണമെന്നതായിരുന്നു മോഹനൻ പിള്ളയുടെ നയം.

ഓഫീസിൽ വച്ച് കോഴവാങ്ങുന്നതിൽ നിന്നും പരമാവധി ഒഴിഞ്ഞു നിന്നിരുന്ന മോഹനൻപിള്ള ഇടപാടുകാരനിലുള്ള അമിതവിശ്വാസം കൊണ്ടാണ് ഇന്നലെ ഇതിന് തയ്യാറായതെന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. വീട്ടൂർ സ്വദേശിയായ മാത്യൂ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മോഹനൻപിള്ളയെ തെളിവ് സഹിതം കുടുക്കിയത്. നിശ്ചയിച്ചുറപ്പിച്ച തുക അധികാരപരിധിയിലെ ഏതെങ്കിലും പ്രദേശത്തുവച്ചാണ് ഇയാൾ കൈപ്പറ്റിയിരുന്നത്. സംശയം തോന്നിയാൽ ഇടപാടുകാരുമായുള്ള സംഗമകേന്ദ്രം മാറ്റുന്നതും ഇയാളുടെ പതിവാണ്. മാസങ്ങൾക്കുമുമ്പേ പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ഇയാൾക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നതായും അറിയുന്നു.

അധികകാലവും ഇടുക്കി ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്ന മോഹനൻപിള്ള കഴിഞ്ഞ വർഷം നവംബറിലാണ് മൂവാറ്റുപുഴ ആർ ഡി ഒ ആയി ചാർജ്ജെടുക്കുന്നത്. ഇയാളുടെ ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തങ്ങൾക്കൊന്നും അറിയില്ലെന്നാണ് ഓഫിസിലെ അടുത്ത സഹപ്രവർത്തകരുടെ നിലപാട്. പേര് മോഹനൻ പിള്ളയെന്നാണെങ്കിലും 'ധനമോഹനൻ പിള്ള'യെന്നപേരിലാണ് സൗഹൃദവൃന്ദത്തിൽ ഇയാൾ കൂടുതൽ അറിയപ്പെട്ടിരുന്നതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.