- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിപരമായ തീരുമാനം, കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും; ജപ്തി വിവാദത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു; നീക്കം ജീവനക്കാർക്കെതിരെ നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ;രാജി സ്വീകരിച്ചതായി ഗോപി കോട്ടമുറിക്കൽ
എറണാകുളം: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു ജോസ് കെ പീറ്റർ രാജിവച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് സിഇഒ യുടെ രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചു. വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റർ പറഞ്ഞു.
ജപ്തി വിവാദത്തിൽ നിന്ന് തലയൂരാൻ മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്പ കുടിശ്ശിക സിഐടിയു ഇടപെട്ട് തിരിച്ചടച്ചിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ സിഐടിയു അംഗങ്ങളായ ജീവനക്കാർ ചേർന്നാണ് വായ്പ തിരിച്ചടച്ചത്. അജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ സമൂഹ മാധ്യങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്റെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.
അതേസമയം എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജപ്തി നടപടിയെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ വാദം. എന്നാൽ ഈ നിലപാട് തള്ളിയാണ് സഹകരണ മന്ത്രി നിലപാട് എടുത്തത്. ജപ്തി നടപടിയിലും തുടർ വിവാദങ്ങളിലും ബാങ്കിന്റെ ഉന്നതരിലും സിപിമ്മിനുള്ളിലും അഭിപ്രായഭിന്നത രൂക്ഷമാണ്. ബാങ്കിൽ നിന്നുള്ള രണ്ട് ജീവനക്കാരാണ് ജപ്തി നടപടികൾക്കായി അജേഷിന്റെ വീട്ടിലെത്തിയത്. ഇവരെ കൂടാതെ രണ്ട് പൊലീസുകാരും കോടതി ജീവനക്കാരുമാണ് അജേഷിന്റെ വീട് ജപ്തി ചെയ്യാൻ എത്തിയത്.
മാത്യു കുഴൻനാടൻ എംഎൽഎ അജേഷിന്റെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാന്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. പിന്നാലെ തന്റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു
പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വർഷം മുന്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. തുടർന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാർ വീട്ടിലെത്തി. ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു.
അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമർശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്‌നത്തിൽ നിന്ന് തലയൂരാൻ ബാങ്ക് ശ്രമിച്ചത്. ഇത് അജേഷ് നിഷേധിച്ചതോടെ ബാങ്ക് വീണ്ടും വെട്ടിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ