മുംബൈ: ദുബായിൽ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദങ്ങൾ അകലുന്നു.താരം മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ഫോറൻസിക് ഡോക്ടർമാർ സ്ഥിരീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശ്രീദേവിയുടെ മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

അവേശേഷിക്കുന്ന ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഭൗതിക ശരീരം വിട്ടുകൊടുക്കാനും നാട്ടിലെത്തിക്കാനും വൈകുന്നത്? ദുബായിലെ നടപടിക്രമങ്ങൾ പ്രകാരം ഒരാൾ ആശുപത്രിയിൽ മരിച്ചാൽ അതിന്റെ കാരണങ്ങൾ വ്യക്തമായതുകൊണ്ട് മൃതദേഹം വിട്ടുകൊടുക്കാൻ അധികം കാലതാമസമില്ല.അതേസമയം ആശുപത്രിക്ക് പുറത്ത് സ്വാഭാവിക മരണമാണെങ്കിൽ കൂടി അത് പൊലീസ് വ്യക്തമായി അന്വേഷിക്കും.കേസ് രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും അന്വേഷണം.മൃതദേഹം മറ്റൊരു രാജ്യത്തേക്കാണ് അയയ്‌ക്കേണ്ടതെങ്കിൽ ഔദ്യോഗിക നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാണ്.

അൽക്വുസൈസിലെ മോർഗിലാണ് മൃതദേഹം ആദ്യം സൂക്ഷിക്കുക.ഫോറൻസിക് എവിഡൻസിലെ പൊതുവകുപ്പിൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പൊലീസിന് കൈമാറും.ഓട്ടോപ്‌സി റിപ്പോർട്ട് കിട്ടിയതിന് ശേഷം ഡെത്ത് സർട്ടിഫിക്കറ്റ് നൽകുകയും പൊലീസ് ക്ലിയറൻസ് പുറപ്പെടുവിക്കുകയും ചെയ്യും.മരിച്ച വ്യക്തിയുടെ പൊലീസ് വിസ പരിശോധിച്ച ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് റദ്ദാക്കും.ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള എതിർപ്പില്ലാരേഖയും തുടർന്ന് നൽകും.

അതിനിടെ പൊലീസ് നിരവധി കത്തുകളും നൽകേണ്ടതുണ്ട്. ആശുപത്രിയിൽ നിന്നോ, മോർഗിൽ നിന്നോ മൃതദേഹം ഏറ്റുവാങ്ങാൻ, എംബാം ചെയ്യാൻ, അന്ത്യകർമ്മങ്ങൾ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാൻ, എയർപോർട്ടിലേക്കും, വിമാനത്തിലേക്കും കൊണ്ടുപോകാൻ-ഇതിനെല്ലാം ദുബായ് പൊലീസിന്റെ കത്തുകൾ നിർബന്ധം.ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത രേഖയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് നൽകുക. തുടർന്ന് മൃതശരീരം ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള എതിർപ്പില്ലാരേഖ ബന്ധുക്കൾക്ക് കോൺസുലേറ്റ് നൽകും.

ഫോറൻസിക് ലാബിൽ നിന്ന് വിട്ടുകിട്ടുന്ന മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിലേക്കാണ് എംബാംമിംഗിനായി കൊണ്ടുപോവുക. എംബാമിങ് നടപടിക്രമങ്ങൾ പൂർത്തയാക്കിയാക്കാൻ അരണിക്കൂർ സമയം മതി. പിന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം.

ഹൃദയസ്തംഭനം മൂലമാണോ വീഴ്ചയിലെ പരിക്കാണോ മരണകാരണമെന്ന് കണ്ടെത്താനാണ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാത്ത്‌റൂമിലെ വീഴ്ചയെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ വന്നിട്ടില്ല.


ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മർവയുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. വ്യാഴാഴ്ച റാസൽഖൈമയിലെ വാൾഡോർഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം.ഭർത്താവ് ബോണി കപൂർ ഒരുക്കുന്ന സ്വപ്‌ന വിരുന്നിനായി തയ്യാറെടുക്കുന്നതിനിടെയാണ് ശ്രീദേവിയുടെ ആകസ്മിക വേർപാട്.വിവാഹത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങിയിരുന്ന ബോണി ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ് തിരിച്ച് ദുബായിലേക്ക് പറന്നത്.ഉറക്കത്തിലായിരുന്ന ശ്രീദേവിയെ ബോണി വിളിച്ചുണർത്തി 15 മിനിറ്റോളം സംസാരിച്ചു. തുടർന്ന് വിരുന്നിന് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ ഒരുങ്ങാൻ വേണ്ടി ബാത്ത് റൂമിലേക്ക് പോയതാണ്.15 മിനിറ്റായിട്ടും കാണാതെ വന്നപ്പോൾ ബാത്‌റൂമിന്റെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്ന കയറിയപ്പോൾ, വെള്ളം നിറച്ച ടബ്ബിൽ ശ്രീദേവി നിശ്ചലയായി കിടക്കുന്നതാണ് കണ്ടത്.പാരാമെഡിക്‌സും പൊലീസും വന്നതോടെയാണ് മരണം സ്ഥിരീകരിച്ചത്.

ചടങ്ങുകൾക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് താമസിച്ചത്.ഇവിടെ വച്ചാണ് അവർ മരിച്ചത്. രക്തസാമ്പിളുകൾ യു.എ.ഇക്ക് പുറത്തുള്ള ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കാനും ആലോചനയുണ്ട്.

മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പൊലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. ഒരു പരാതിക്കും ഇടനൽകാത്തവിധം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ദുബായ് പൊലീസിന്റെ ശ്രമം.രക്തപരിശോധനാ റിപ്പോർട്ട് കിട്ടാത്തതാണ് കാലതാമസത്തിന് കാരണമെന്നും വിവരമുണ്ട്.ദുബായ് പൊലീസിന് ഫോറൻസിക് വകുപ്പ് റിപ്പോർട്ട് കൈമാറിയാൽ മാത്രമേ കാര്യങ്ങൾക്ക് വേഗം കൂടുകയുള്ളു.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, എന്നിവർ ദുബായ് പൊലീസുമായി ചേർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇന്ത്യൻ സമയം 3.30 ഓടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയയ്ക്കാൻ കഴിയുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.സംസ്‌കാരം ഇന്നുതന്നെ നടക്കുമെന്നാണ് നേരത്തെ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നത്.