കാസർഗോഡ്: പെരിയ ചെക്കിപ്പള്ളത്തെ വയോധികയായ സുബൈദയുടെ കൊലപാതകക്കേസിൽ ദുരൂഹതയേറുന്നു. അന്വേഷണം വഴി തെറ്റിക്കാൻ നീക്കം നടന്നതായാണ് സംശയം.സുബൈദയുടെ വീട്ടിലെ കട്ടിലിൽ നിന്നും പുരുഷന്റെ അടിവസ്ത്രം ലഭിച്ചതാണ് സംശയത്തിന് കാരണം.

സുബൈദ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് അടി വസ്ത്രം ലഭിച്ചതും അതിന്റെ ഉടമയെ കണ്ടെത്തേണ്ടതുമായ ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. പോസ്ററുമോർട്ടം റിപ്പോർട്ടിൽ സുബൈദയ്ക്ക് നേരെ പീഡനമോ, പീഡന ശ്രമമോ നടന്നതായി സൂചന പോലുമില്ല. തടി കൂടിയ ആളിന്റെ അടിവസ്ത്രം കട്ടിലിൽ നിന്നും ലഭിച്ചത് കവർച്ചക്കാരുടെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. കസ്റ്റഡിയിലെടുത്ത അടിവസ്ത്രം ഡി.എൻ. എ പരിശോധനക്ക് വിധേയമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

സുബൈദയുടെ വീട്ടിൽ സൂക്ഷിച്ച ആറ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്,. അവർ കൊല്ലപ്പെടുന്ന സമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ മാത്രമാണോ മോഷ്ടിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും വ്യക്തമായ വിവരമില്ല. ഏറ്റവും അടുത്ത് ഇടപെടുന്ന ബന്ധുക്കളാരും അവർക്കില്ലെന്ന വിവരമാണ് ലഭിച്ചത്. ഒന്നര പവൻ തൂക്കമുള്ള മാല, മൂന്ന് പവന്റെ വള, കാതിലിടുന്ന അലുക്കത്ത് എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. സുബൈദയുടെ വീട്ടിൽ പാതി കുടിച്ച നിലയിലുള്ള നാരങ്ങ വെള്ളത്തിന്റെ ഗ്ലാസ് ഡി.എൻ.എ., ഫോറൻസിക് പിരശോധനക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെള്ളം കുടിക്കുമ്പോൾ ഗ്ലാസിൽ ഉമിനീർ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ അംശം കണ്ടെത്താനാണ് ഈ പരിശോധനകൾ. ഇതിലൂടെ പ്രതികളിലേക്കെത്താമെന്നാണ് പൊലീസിന്റെ വിശ്വാസം.

കൊല നടത്തിയവർ വീട് പുറത്ത് നിന്നും പൂട്ടി പോവുകയും ചെയ്തു. കവർച്ചയാണോ കൊലപാതകികളുടെ ലക്ഷ്യമെന്ന് പൂർണ്ണമായും വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. അടുക്കളയോട് ചേർന്ന സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ വെച്ചിരുന്ന പണം അതേ സ്ഥലത്ത് കിടക്കുന്നുമുണ്ട്. വീട്ടിലെ ഷെൽഫിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആഭരണമോ പണമോ കണ്ടെത്താനായില്ല. അതിനാൽ കവർച്ച നടന്നുവെന്നും സംശയിക്കുന്നു. സുബൈദക്ക് അടുത്ത ബന്ധുക്കളാരും ഇല്ലാതിരുന്നതിനാൽ എത്ര ആഭരണമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.

സുബൈദയുടെ മൃതദേഹം തുണികൊണ്ട് ബന്ധിച്ച നിലയിൽ ഹാളിലേക്ക് കയറുന്ന വാതിലിന് സമീപം കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു. രക്തം വാർന്ന സ്ഥലത്ത് ഉറുമ്പുകൾ ഉണ്ടായിരുന്നു. ഒരു മരണാനന്തര ചടങ്ങിന് ക്ഷണിക്കാനായി സുബൈദയുടെ വീട്ടിലെത്തിയ ആൾ വീട് പൂട്ടിയിരിക്കുന്നത് കണ്ടതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിക്കുകയും അവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുകയുമായിരുന്നു. പൊലീസ് അടുക്കള വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സുബൈദ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.

കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. കെ. ദാമോദരന്റെ നേതൃത്വത്തിലാണ് സുബൈദ കൊലക്കേസ് അന്വേഷിക്കുന്നത്. പന്ത്രണ്ടംഗ അന്വേഷണ സംഘത്തിൽ ബേക്കൽ സിഐ വിശ്വംഭരൻ, ഹോസ് ദുർഗ്ഗ് സിഐ സി.കെ. സുനിൽ കുമാർ, കാസർഗോഡ് സിഐ അബ്ദുൾ റഹിം, മറ്റ് എസ്.ഐ. മാരും സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്ന സംഘമാണ് ഉൾപ്പെട്ടിട്ടുള്ളത്.