കൊല്ലം: കേരളമനസ്സാക്ഷിയെ നടുക്കിയ ഏരൂരിലെ ഏഴുവയസുകാരി ശ്രീലക്ഷ്മിയുടെ കൊലപാതകക്കേസിലെ പ്രതി പിടിയിലായെങ്കിലും സംഭവത്തിൽ ദുരൂഹതയേറുന്നു. ബുധനാഴ്ച കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയിലെ റബ്ബർ എസ്‌റ്റേറ്റിൽ നിന്നും വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. സംഭവത്തിൽ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷ് പിടിയിലായിട്ടുണ്ട്. കുട്ടിയെ താനാണ് കൊന്നതെന്നും ലൈംഗിക പീഡനത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും രാജേഷ് മൊഴി നൽകിയിട്ടുണ്ട്.സ്‌കൂളിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കയ്യിൽ നിന്നും വാങ്ങിയ ശേഷം അമ്പലത്തിൽ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ഒടുവിൽ ഇവിടെ നിന്നും 22 കിലോമീറ്റർ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബ്ബർ പുരയിൽ വെച്ച് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നു.

പ്രതി അറസ്റ്റിലായെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ശ്രീലക്ഷ്മിയുടെ അമ്മയും അനുജത്തിയും അറിഞ്ഞുകൊണ്ടുള്ള കുറ്റകൃത്യമാണിതെന്നാണ് ആരോപണം.വിശാഖ് ചന്ദ്രൻ എന്ന നാട്ടുകാരൻ ആരോപിക്കുന്നതനുസരിച്ച് വീട്ടിലെത്തിയ നാട്ടുകാരോടുള്ള വീട്ടുകാരുടെ പ്രതികരണം വിചിത്രമായിരുന്നു. വീട്ടിൽ എത്തി കുട്ടി മരിച്ചുവെന്ന് അറിയിച്ചപ്പോൾ, കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് തങ്ങളുടെ കുട്ടിയല്ലേ, നിങ്ങൾക്കെന്തുവേണം എന്നായിരുന്നു. പിന്നീട് കുട്ടി മരിച്ചിട്ടില്ല, രാജേഷിനൊപ്പം ബന്ധുവീട്ടിൽ പോയതാണെന്നും പറഞ്ഞു. ബന്ധുവീട്ടിൽ പോയതാണെന്ന് അറിയാമായിരുന്നെങ്കിൽ, കുട്ടിയെ കാണാതായ ദിവസം ഏരൂർ പൊലീസ് സ്റ്റേഷനിൽ എന്തിന് പരാതി നൽകിയെന്ന ചോദ്യവുമുയരുന്നു.പൊലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന കുടുംബത്തിലെ അംഗങ്ങളുടെ മുഖഭാവവും സംശയാസ്പദമാണെന്ന് വിശാഖ് ചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. താൻ ഷൂട്ട് ചെയ്ത വീടിന്റെയും, കുടുംബാംഗങ്ങളുടെയും ദൃശ്യങ്ങളടങ്ങിയ വീഡിയോയും വിശാഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്. പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പൊലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി.'

മുത്തശിക്കൊപ്പമാണ് ബുധനാഴ്ച ശ്രീലക്ഷ്മി സ്‌കൂളിലേക്കു പോയത്. എന്നാൽ സ്‌കൂൾ കാവാടത്തിന് മുന്നിൽ നിന്ന് സഹോദരി ഭർത്താവായ രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്‌കൂൾ അസംബ്ലിയിൽ കുട്ടിയെ കാണത്തതിനെ തുടർന്ന് സഹപാഠിയുടെ മാതാവാണ് ഇക്കാര്യം വീട്ടിലറിയിച്ചത്. ഇതേത്തുടർന്ന് മാതാവും ബന്ധുക്കളും സ്‌കൂളിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലിലുമായിരുന്നു. തുടർന്ന് മാതാവ് ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാത്രി വൈകിയും പൊലീസ് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെയോ രാജേഷിനെയോ കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തു.കുട്ടിയുടെ മാതൃസഹോദരിയുടെ രണ്ടാം ഭർത്താവാണ് രാജേഷ്. കുളത്തൂപ്പുഴ ചെറുകര സ്വദേശിയായ ഇയാൾ രണ്ടുമാസം മുമ്പാണ് കുട്ടിയുടെ ബന്ധുവായ സ്ത്രീയുമായി ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. ഇരുവരും നിയമപരമായി വിവാഹിതരാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ ഓണക്കാലത്താണ് രാജേഷും ഭാര്യയും കുളത്തൂപ്പുഴയിൽ നിന്നും താമസം ഏരൂരിലെ വീട്ടിലേക്ക് മാറ്റിയത്.രാജേഷ് കുളത്തൂപ്പുഴയിൽ ഒരു വാഹന മോഷണ കേസിൽ പ്രതിയുമാണ്.