- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ മേധാവി; പദവിയിലേക്കെത്തുന്നത് 30 വർഷക്കാലം ടാറ്റാ സൺസിനെ നയിച്ച കരുത്തോടെ; തീരുമാനം ഡൽഹിയിൽ ചേർന്ന ബോർഡ് യോഗത്തിൽ
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ ചെയർമാനായി ടാറ്റാ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ നിയമിച്ചു. എയർ ഇന്ത്യയുടെ ചെയർമാനായി നടരാജൻ ചന്ദ്രശേഖരനെ നേരത്തെ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന ബോർഡ് യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു. ജനറൽ ഇൻഷുറൻസ് കോർപറേഷൻ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യനെ എയർലൈൻ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി ഉൾപ്പെടുത്തും. 2016 ഒക്ടോബറിൽ ടാറ്റാ സൺസ് ബോർഡിൽ ചേർന്ന ചന്ദ്രശേഖരൻ 2017 ജനുവരിയിൽ ചെയർമാനായി നിയമിതനായി.
ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപറേറ്റിങ് കമ്പനികളുടെ ബോർഡുകളുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തിൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. ടിസിഎസിലെ 30 വർഷത്തെ ബിസിനസ് ജീവിതത്തിനൊടുവിലാണ് ചെയർമാനായി അദ്ദേഹത്തിന്റെ നിയമനം.
പ്രമുഖ ആഗോള ഐടി സൊല്യൂഷൻ ആൻഡ് കൺസൾട്ടിങ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായി ചന്ദ്രശേഖരൻ പ്രവർത്തിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റാ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിനെതിരേ എതിർപ്പുമായി ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്ന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനവും മാനേജിങ് ഡയറക്ടർ സ്ഥാനവും നിരസിക്കുകയാണെന്ന് മെഹ്മത് ഇൽകർ എയ്സി പ്രഖ്യാപിച്ചു.
തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് ത്വയ്യിബ ഉർദൂഗാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) കോ- ഓഡിനേറ്റിങ് കൺവീനർ അശ്വനി മഹാജനാണ് രംഗത്തുവന്നത്. തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്മത് ഇൽകർ എയ്സി.
മറുനാടന് മലയാളി ബ്യൂറോ