- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കുകൾക്കും മുന്നറിയിപ്പുകൾക്കും പുല്ലുവില; അമേരിക്കയെ ലക്ഷ്യമിടാനുള്ള മിസൈൽ കരുത്ത് ഉണ്ടെന്നതിന് തെളിവ്; ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ഉത്തരകൊറിയ വീണ്ടും കരുത്ത് കാട്ടി; പ്രതിഷേധവുമായി യുഎൻ; ഉപരോധം കടുപ്പിച്ച് മറുപടി നൽകാൻ ലോകരാജ്യങ്ങൾ
സോൾ: രാജ്യാന്തര എതിർപ്പുകൾ വകവയ്ക്കാതെ് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. അർധരാത്രിയോടെയാണ് റോക്കറ്റിന്റെ വിക്ഷേപണം ഉത്തരകൊറിയ നടത്തിയത്. ഈമാസം 16 ന് വിക്ഷേപണം നടത്തുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവും മുൻ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന്റെ ജന്മദിനമായതിനാൽ നേരത്തെയാക
സോൾ: രാജ്യാന്തര എതിർപ്പുകൾ വകവയ്ക്കാതെ് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. അർധരാത്രിയോടെയാണ് റോക്കറ്റിന്റെ വിക്ഷേപണം ഉത്തരകൊറിയ നടത്തിയത്. ഈമാസം 16 ന് വിക്ഷേപണം നടത്തുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവും മുൻ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന്റെ ജന്മദിനമായതിനാൽ നേരത്തെയാക്കുകയായിരുന്നു. ഉപഗ്രഹ റോക്കറ്റ് വിക്ഷേപണത്തിനു പിന്നിൽ ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുകയെന്ന ഉദ്ദേശ്യമാണെന്നാണ് വിലയിരുത്തൽ. ബാലിസ്റ്റിക് മിസൈലിന്റെ രണ്ടു പതിപ്പുകൾ അവർ പ്രദർശിപ്പിച്ചിരുന്നു. യുഎസിനെ തകർക്കാൻ ശക്തിയുള്ളതാണെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. 2012 ഡിസംബറിൽ ഉത്തര കൊറിയ ഇതിനു മുൻപ് ദീഘദൂര റോക്ക്റ്റ് വിക്ഷേപിച്ചിരുന്നു.
ഉത്തരകൊറിയ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു മിസൈൽ പരീക്ഷണം്. ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച 'ക്വാങ്യോങ്‌സോങ്' എന്ന ഉപഗ്രഹം ഫെബ്രുവരി എട്ടിനും 25 നും ഇടയിൽ വിക്ഷേപിക്കുമെന്നാണ് ഉത്തരകൊറിയ നേരത്തെ അറിയിച്ചിരുന്നത്. പ്രാദേശിക സമയം രാവിലെ ഒമ്പതരയ്ക്കായിരുന്നു വിക്ഷേപണം. ഉപഗ്രഹ വിക്ഷേപണത്തിലുപരി ദീർഘദൂര റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുകയാണ് ഉത്തരകൊറിയ ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്. സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം ഉത്തരകൊറിയ തയ്യാറാക്കിയത്. ഇതും ആശങ്ക കൂട്ടുകയാണ്.
ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണ സ്ഥലത്ത് ഇന്ധനം നിറച്ച വാഹനങ്ങൾ സാറ്റലൈറ്റ് ചിത്രങ്ങൾ വഴി കണ്ടെത്തിയതായി അമേരിക്ക ഇന്നലെ അറിയിച്ചിരുന്നു. വിക്ഷേപണത്തിനായി ഇന്ധനം നിറച്ചു തുടങ്ങിയതിന്റെ സൂചനകളാണിതെന്ന് കരുതിയിരുന്നു. ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതായി ഉത്തരകൊറിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് അനുമതി തേടി ഐക്യരാഷ്ട്രസംഘടനയെ സമീപിക്കുകയും ചെയ്തിരുന്നു. ഇത് അംഗീകരിക്കപ്പെട്ടില്ല. അതിനിടെ ഉത്തരകൊറിയയുടേത് യുഎൻ സുരക്ഷ കൗൺസിൽ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു. കഴിഞ്ഞ മാസം ആറാം തീയതി ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ നിരോധനം നിലനിൽക്കുമ്പോഴായിരുന്നു ഇത്.
മിസൈൽ വിക്ഷേണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കയും പ്രതികരിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചുള്ള ഉത്തരകൊറിയയുടെ ഉപഗ്രഹവിക്ഷേപണത്തിനെതിരെ യു.എസ്സും ജപ്പാനും ദക്ഷിണകൊറിയയും രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആവശ്യപ്പെട്ടു. ആണവ, മിസൈൽ പദ്ധതികളുടെ പേരിൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനിൽക്കവേയാണ് കഴിഞ്ഞമാസം അവർ അണുപരീക്ഷണം നടത്തിയത്. ഇതോടൊപ്പം ആണവപോർമുന മിസൈലിൽ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലുമാണ് ഉത്തരകൊറിയ എന്നാണ് സൂചന. ഇതാണ് ലോക രാഷ്ട്രങ്ങളെ ആശങ്കയിലാക്കുന്നത്.
ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈഡ്രജൻ ബോംബാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയ അറിയിച്ചത്. സാധാരണ അണുബോംബിനേക്കാൾ നശീകരണശേഷിയുള്ളതാണ് ഹൈഡ്രജൻ ബോംബ്. 2006, 2009, 2013 വർഷങ്ങളിലും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു. പുൻഗ്യേ റി എന്ന സ്ഥിരം ആണവപരീക്ഷണ കേന്ദ്രത്തിൽ തന്നെയാണ് ഇത്തവണയും പരീക്ഷണം നടത്തിയത്. തങ്ങളുടെ കൈവശം ഹൈഡ്രജൻ ബോംബുള്ളതായി കിം ജോങ് ഉൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര വിദഗ്ദർ അത് വിശ്വസനീയമായി കണ്ടിരുന്നില്ല. വലിയ തോതിലുള്ള യുറേനിയം ശേഖരം ഉത്തരകൊറിയയ്ക്കുണ്ട്.
ഇതോടെ ഉത്തരകൊറിയയ്ക്ക് മേൽ ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളെ തുടർന്നുണ്ടായിരുന്ന ഉപരോധം കൂടുതൽ ശക്തമായേക്കും. കിം ഇൽ സുങ് എന്ന കമ്യൂണിസ്റ്റ് നായകനു കീഴിൽ വിപ്ലവം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉത്തര കൊറിയ ഏകദേശം 60 വർഷങ്ങളായി ഒറ്റപ്പെട്ടു കഴിയുകയാണ്. കിം ഇൽ സുങ്ങിനു പിന്നാലെ കുടുംബഭരണമാണ് ഉത്തര കൊറിയയിൽ അരങ്ങേറിയത്. കിം ജോങ് ഉൻ ഇപ്പോഴത്തെ ഭരണാധികാരി. കിമ്മിനെ കുറിച്ചുള്ള വിചിത്രമായ വാർത്തകളാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഏകാധിപതിയായ കിം അടുത്ത ബന്ധുക്കളെ അടക്കം വകവരുത്തിയെന്ന വിധത്താലായിരുന്നു വാർത്തകൾ.
ലോകത്തിന്റെ ഉപരോധങ്ങളെയെല്ലാം അതിജീവിച്ച് ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ കൂടുതൽ നിസ്സഹായരാക്കി മാറ്റിയിരിക്കയാണ്. ദക്ഷിണ കൊറിയയ്ക്കാണ് ഇത് ഏറ്റവും ഭീഷണിയാകുന്നതും.