- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടുകാക്കാൻ ഇനി മലപ്പുറത്തിന്റെ അഭിമാനമായി പൊന്നാനിക്കാരി നദ; ജില്ലയിൽ നിന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസറാവുന്ന ആദ്യ വനിത; പരിശീലനത്തിനായി ഹിമാചലിലേക്ക്
പൊന്നാനി: കാടുകാക്കാനുള്ള വലിയ ഉത്തരവാദിത്വം വന്നുചേർന്നതിന്റെ സന്തോഷത്തിലാണ് പൊന്നാനിയിലെ നാട്ടിൻപുറത്തുകാരിയായ നദ എന്ന പെൺകുട്ടി. അടുത്തമാസം ഒൻപതിന് നദ ജോലിയുടെ ഭാഗമായുള്ള പരിശീലനത്തിൽ പ്രവേശിക്കും. റേഞ്ച് ഫോറസ്റ്റ് ഓഫീസറാകാൻ.
പൊന്നാനി പുഴമ്പ്രം തച്ചംപറമ്പത്ത് അബ്ദുൾഗഫൂറിന്റെയും അത്താണിക്കൽ നഫീസയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ഇരുപത്തിയാറുകാരിയായ ടി.പി. നദ. 10-ാം ക്ലാസ് വരെ പൊന്നാനി ഐ.എസ്.എസ്. സ്കൂളിലും പ്ലസ്ടുവിന് എം.ഐ. ഗേൾസ് സ്കൂളിലുമാണ് പഠിച്ചത്. തുടർന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ബി.എസ്സി. ഹോണേഴ്സ് ഫോറസ്ട്രി കോഴ്സും പഠിച്ചു.
2019-ലാണ് നദ പി.എസ്.സി. പരീക്ഷ എഴുതിയത്. 2020-ൽ നടന്ന ഇന്റർവ്യൂവിൽ ഒന്നാംറാങ്കുകാരിയായി. നിയമനം കേരളത്തിലാകുമെങ്കിലും ഒന്നരവർഷത്തെ പരിശീലനത്തിന് ഹിമാചൽപ്രദേശ് സുന്ദർ നഗറിലെത്തണമെന്ന നിർദേശമാണ് നദയെത്തേടി ഇപ്പോഴെത്തിയിരിക്കുന്നത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്ന പദവിലെത്തുന്ന ജില്ലയിലെ ആദ്യത്തെ പെൺകുട്ടിയാണ് നദ. അതുകൊണ്ടുതന്നെ നാടിനും പ്രചോദനമായിരിക്കുകയാണ് നദയുടെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള നിയമനം.