കോഴിക്കോട്: ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ നാദാപുരത്തിനടുത്ത് കായലോട്ട് താഴെ റേഷൻകടക്ക് സമീപം ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റ് സംഭവത്തിൽ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീനയാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് രാജുവും ഒരു മകൻ സ്റ്റാലിഷും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ചിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഇവരുടെ ഒരു മകൻ 14 വയസ്സുള്ള സ്റ്റഫിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

സ്റ്റെഫിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ചൊവ്വാഴ്ച പുലർച്ചെയാണ് നാല് പേർക്കും പൊള്ളലേറ്റത്. സമീപത്തെ വിവാഹ വീട്ടിലേക്ക് ആവശ്യമായ മീൻ വാങ്ങാനായി പുലർച്ചെ ആളുകൾ പോകുമ്പോഴാണ് രാജുവിന്റെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ശരീരമാകെ തീ പടർന്ന അവസ്ഥയിൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയോടുന്ന വീട്ടുകാരെയാണ് നാട്ടുകാർ കണ്ടത്.

പാനൂരിൽ നിന്നും അഗ്‌നിരക്ഷ സേന എത്തിയാണ് തീ അണച്ചത്. വീടിന്റെ കിടപ്പുമുറി പൂർണ്ണമായും കത്തി നശിച്ചതാണ്. ഗുരുതരമായി പൊള്ളലേറ്റ നാല് പേരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് മൂന്ന് പേരും മരണപ്പെട്ടത്.

കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക വിവരം. ആശുപത്രിയിൽ വെച്ച് മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നാലുപേരുടെയും നില ഗുരുതരമായതിനാൽ സാധിച്ചിരുന്നില്ല. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേർ മരണപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ചികിത്സയിൽ തുടരുന്ന സ്റ്റഫിന്റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണ്. സറ്റഫിൻ സംസാരിക്കാൻ പറ്റാവുന്ന അവസ്ഥയിലായാൽ മാത്രമെ സംഭവത്തിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

നാദാപുരം ഡിവൈ.എസ്‌പി. പി.എ. ശിവദാസിന്റെ നേതൃത്വത്തിൽ ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ണ്ണൂർ കടവത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണു സ്റ്റാലിഷ്. അച്ഛന്റെയും മകന്റെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കായലോട്ടുതാഴെയിൽ സംസ്‌കരിച്ചിരുന്നു. ഇന്ന് മരണപ്പെട്ട റീനയുടെ മൃതദേഹവും ഇവിടെ തന്നെയാണ് സംസ്‌കരിക്കുന്നത്.